Lifestyle

‘ഞങ്ങൾ ഡൽഹിക്ക് അയച്ച നടനെ കാണാനില്ല’; സുരേഷ് ഗോപിയെ ട്രോളി യൂഹാനോൻ മാർ മിലിത്തിയോസ്

തൃശൂര്‍ എം.പി.യും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ട്രോളി ഓർത്തഡോക്‌സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക എന്നായിരുന്നു ഫേയ്സ്ബുക്ക് പോസ്റ്റ്.

‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുപ്പ് ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക’ എന്നാണ് പരിഹാസ രൂപേണ യൂഹാനോൻ മാർ മിലിത്തിയോസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. കന്യാസ്ത്രീകളെ ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്ത വിഷയത്തിലും ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ നടന്ന ആക്രമണത്തിലും സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് യൂഹാനോൻ മാർ മിലിത്തിയോസിന്റെ പരോക്ഷ പരിഹാസം.

ദിവസങ്ങൾക്ക് മുൻപേ ഛത്തീസ്ഗഡ് വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ പരിഹസിച്ചും അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അടുത്ത പെരുന്നാളിന് ഒന്നൂടെ ഡൽഹിയിൽ വിളിച്ച് ആദരിച്ചാൽ പോരെ എന്നുമാണ് അന്ന് യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചത്. കന്യാസ്ത്രീകളുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം എന്ന പത്രവാർത്ത പങ്കുവെച്ചായിരുന്നു പ്രതികരണം.