കൗതുകകരമായ എത്ര എത്ര കാര്യങ്ങളാണെല്ലേ ഒരോ ദിവസവും സമൂഹ മാധ്യമങ്ങളില്‍ വരുന്നത്. അത്തരത്തില്‍ വായനയുടെ ലോകത്തും ശാസ്ത്ര ലോകത്തും ഒരുപോലെ അതിശയം സൃഷ്ടിക്കുന്ന ഒരു പുസ്തകമുണ്ട്. ഈ പുസ്തകം കണ്ടാല്‍ നിങ്ങള്‍ ആദ്യമൊന്ന് ഞെട്ടുമെന്നത് തീര്‍ച്ചയാണ്. കാരണം ഇതിലെ താളുകള്‍ പൂര്‍ണമായും കരിപ്പിടിച്ചത് പോലെ കറുത്തിരിക്കും. ഇതിലെ ഒരക്ഷരവും കാണാന്‍ സാധിക്കില്ല.
പിന്നെ ഇതെങ്ങനെ വായിക്കുമെന്നായിരിക്കുമല്ലേ നിങ്ങള്‍ ചിന്തിക്കുന്നത് ? അതിന് വഴിയുണ്ട്. തീ കണ്ടാല്‍ ഈ അപൂര്‍വ്വ പുസ്തകം വായിക്കാന്‍ സാധിക്കും. റേ ബ്രാഡ്‌ബെറി എഴുതിയ ഫാരണ്‍ഹീറ്റ് 451 എന്ന ഈ പുസ്തകമാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നത്. ഇതിലെ പുസ്തക താളുകളിലൂടെ ഒരു ലൈറ്റര്‍ കത്തിച്ച് ഓടിക്കുമ്പോള്‍ അക്ഷരങ്ങള്‍ പതുക്കെ തെളിഞ്ഞു വരും.
ഈ പുസ്തകത്തിന്റെ ഉള്ളടക്കവും പുസ്തകം കത്തിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു അഗ്നിശമന സേനാ ജീവനക്കാരന്റെ കഥയാണ്. പുസ്തകം വിതരണത്തിനെടുത്തിരിക്കുന്ന സൂപ്പര്‍ ടെറൈന്‍ എന്ന വെബ്സൈറ്റ് തീ പോലുള്ള ചൂടുള്ള പദാര്‍ത്ഥങ്ങള്‍ ചേര്‍ന്നിരുന്നാല്‍ അക്ഷരങ്ങള്‍ തെളിയുന്ന തരത്തില്‍ നിര്‍മിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ആകെ 100 കോപ്പി മാത്രമാണ് പുസ്തകത്തിനുള്ളത്. ഒരു പുസ്തകത്തിന്റെ വിലയാവട്ടെ 395 യൂറോയാണ് അതായത് 35,500 രൂപ. എന്നാല്‍ ഇപ്പോഴിത് ലഭ്യവുമല്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.