Healthy Food

തൈര് സാദവും മാമ്പഴക്കറിയും സൂപ്പറാ! അമേരിക്കന്‍ മോഡലിന്റെ സൗന്ദര്യരഹസ്യം ഇതോ?

മോഡല്‍, എഴുത്തുകാരി, മനുഷ്യാവകാശ പ്രവര്‍ത്തക, ടെലിവിഷന്‍ അവതാരക, ആക്റ്റിവിസ്റ്റ് , പാചകവിദഗ്ധ എന്നീ നിലകളില്‍ പ്രശസ്തയാണ് പദ്മലക്ഷ്മി. തമിഴ്നാട്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് ചേക്കേറിയ പദ്മലക്ഷ്മി കൈവച്ച മേഖലകളിലെല്ലാം നൂറുമേനി വിജയം കൊയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ടൈം മാഗസീനിലും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ ലിസ്റ്റിലും പദ്മയുണ്ടായിരുന്നു. അമേരിക്കയിലെ കുടിയേറ്റക്കാരുടെയും തദ്ദേശീയരുടെയും സംസ്‌കാരവും ഭക്ഷണവും പരിചയപ്പെടുത്തുന്ന ഹിലു ഷോയായ ‘ടേസ്റ്റ് ദി നേഷന്‍ വിത്ത് പദ്മ ലക്ഷ്മി’ എന്ന പരിപാടിയിലും പദ്മ പ്രത്യക്ഷപ്പെട്ടു. ഇത്തവണ പദ്മലക്ഷ്മി ഉണ്ടാക്കിയതാവട്ടെ തൈര് സാദവും.

ഇതിനായി നാല് കപ്പ് വേവിച്ച ചോറ് എടുക്കുന്നു. പിന്നാലെ ഇതിലേക്ക് നാല് കപ്പ് തൈര് ഒഴിച്ച് ഉപ്പ് കൂടി ചേര്‍ത്ത് നന്നായി കുഴക്കുന്നു. ശേഷം തട്കയാണ് ഉണ്ടാക്കുന്നത്. അതിനായിപാന്‍ അടുപ്പില്‍ വെക്കുന്നു. ശേഷം എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അതില്‍ കായം , ചുവന്ന മുളക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില എന്നിവ ചേര്‍ക്കുന്നു. പിന്നാലെ ഇത് നേരത്തെ കുഴച്ച് വച്ച തൈര് സാദത്തിലേക്ക് ചേര്‍ത്തിളക്കിയതോടെ സംഗതി റെഡി.

തൈര് സാദം മാത്രമല്ല മാങ്ങാക്കറിയുണ്ടാക്കുന്നതും പദ്മ പങ്കുവച്ചു. തൈര് സാദത്തിനൊപ്പം കഴിക്കാന്‍ ഇത് നല്ലതാണ്. ഒരു തവണ ഉണ്ടാക്കിയാല്‍ ഫ്രഡ്ജില്‍ സൂക്ഷിക്കാം. തമിഴ് കല്യാണ സദ്യയിലെ തന്റെ പ്രിയങ്കമായ വിഭവമാണ് ഇതെന്നും പദ്മ പറയുന്നു.

ഒരു പാത്രത്തില്‍ മാങ്ങ, ഉപ്പ്, മുളക്പൊടി എന്നിവ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക പിന്നാലെ ഒരു ചട്ടി ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിവരുമ്പോള്‍ കായപ്പൊടി ചേര്‍ക്കുക. തീയില്‍നിന്ന് മാറ്റിയതിന് പിന്നാലെ കറിവേപ്പില ചേര്‍ക്കുക. അരിഞ്ഞു വച്ച മാങ്ങ കഷ്ണങ്ങള്‍ക്ക് മുകളിലായി ഈ മിശ്രിതം ഒഴിക്കുക.എണ്ണയും മസാലയും ചേര്‍ത്ത് യോജിപ്പിക്കുന്നതിലൂടെ മാങ്ങാ അച്ചാറും തയാര്‍. ഏതാണ്ട് അഞ്ചോളം പാചക പുസ്തകങ്ങളും പദ്മലക്ഷ്മി എഴുതിയിട്ടുണ്ട്.