Fitness

യോഗയും തെറ്റായ ശീലങ്ങളും

യോഗശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളാണ് അഭ്യാസവും, വൈരാഗ്യവും, നിരന്തരമായ പരിശീലനവും, അനാസക്തിയും. നമ്മള്‍ യുദ്ധം ചെയ്യേണ്ടത് ഭൗതിക സമ്പത്തു വെട്ടിപ്പിടിക്കുന്നതിനുവേണ്ടിയല്ല. നമ്മുടെ തെറ്റായ ശീലങ്ങളോടാണ്.

നമ്മുടെ പ്രകൃതിയിലേക്കുള്ള ഒഴുക്കിന് തെറ്റായ ശീലങ്ങള്‍ തടസ്സമാകുന്നുണ്ട്. നമ്മളില്‍ വേരുറച്ചുപോയ ആ ശീലങ്ങള്‍ എന്തെല്ലാമെന്ന് മനസ്സിലാക്കുകയും അതനുസരിച്ച് മാറ്റുകയും ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ നമ്മള്‍ പരാജയപ്പെട്ടുപോകും.

ഇച്ഛകൊണ്ടുമാത്രം നമ്മള്‍ വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കണമെന്നില്ല. ഇച്ഛ, ജ്ഞാനം, ക്രിയ ഇവ മൂന്നും കൂടിയെങ്കില്‍ മാത്രമേ ഏതു കര്‍മ്മവും നിര്‍വഹിക്കാന്‍ നമുക്കു സാധിക്കുകയുളളൂ. ഏതുകാര്യം ഇച്ഛിച്ചാലും അതിന്റെ സാദ്ധ്യതകളെപ്പറ്റിയും നാം നല്ലവണ്ണം ചിന്തിക്കണം. ക്രിത്രിമമായ ഉപാധികളില്‍ക്കൂടി ശരീര ധര്‍മ്മങ്ങള്‍ നിര്‍വഹിച്ച് സുഖമായ ജീവിതം നയിക്കാമെന്ന് വിചാരിക്കുന്നത് വളരെ അബദ്ധമാണ്.

ചക്രാസനം

തറയില്‍ ഒരു വിരിപ്പുവിരിച്ച് അതില്‍ മലര്‍ന്നു കിടക്കുക. ഇരുകാലുകളുടെയും മുട്ടുകള്‍ മടക്കി കാല്‍പ്പാദം രണ്ടടിയോളം അകത്തി തറയില്‍ പതിച്ചുവയ്ക്കുക. സാവധാനം ഇരുകൈകളും തലയുടെ ഇരുവശങ്ങളിലും ഉറപ്പിച്ചുവയ്ക്കുക. ഇനി സാവധാനം ശ്വാസം എടുത്തുകൊണ്ട് ശരീരവും തലയും തറയില്‍നിന്ന് കഴിയുന്നത്ര ഉയര്‍ത്തുക. ഈ നിലയില്‍ നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ഇതോടൊപ്പം വലതുകൈ സാവധാനം തറയില്‍ നിന്നുയര്‍ത്തി പതിയെ തുടയില്‍ വയ്ക്കുക. ഇതേപോലെ ഇടത്തുകൈയും ചെയ്യാവുന്നതാണ്.

ഗുണങ്ങള്‍: ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം കിട്ടുന്നതാണ്. വാതസംബന്ധമായ രോഗത്തിന് നല്ലൊരു പ്രതിവിധിയാണ്. നട്ടെല്ലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളും ശക്തങ്ങളാകുന്നു. കൈകളുടെയും കാലുകളുടെയും മസിലുകള്‍ ശക്തങ്ങളാകുന്നു. കുടവയര്‍ കുറയുന്നു. തലയിലേക്കുളള രക്തത്തിന്റെ ഒഴുക്കുകൂടുന്നു.