Sports

120 റണ്‍സ് അടിച്ചാല്‍ ഗവാസ്‌ക്കറെ പിന്നിലാക്കാം ; രണ്ട് സെഞ്ച്വറിയടിച്ചാല്‍ പരിശീലകന്‍ ദ്രാവിഡും പുറകിലാകും

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ആറാടിയ ടെസ്റ്റ് പരമ്പര യശസ്വി ജയ്സ്വാള്‍ എന്ന യുവതാരത്തിന്റെ പേരിലാകുംഅറിയപ്പെടുക. മികച്ച ഫോമിലാ താരം നാല് മത്സരങ്ങളില്‍ നിന്ന് 655 റണ്‍സ് നേടി പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഒന്നാം ഇന്നിംഗ്സില്‍ 80 റണ്‍സിന് പുറത്തായ ജയ്സ്വാളിന് ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നഷ്ടമായി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ അദ്ദേഹം ഫോം നിലനിര്‍ത്തുകയും രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും തുടര്‍ച്ചയായി ഇരട്ട സെഞ്ചുറികള്‍ അടിച്ചുകൂട്ടുകയും ഇന്ത്യയെ പരമ്പരയില്‍ ലീഡില്‍ എത്തിക്കുകയും ചെയ്തു.

അതേസമയം, മാര്‍ച്ച് 7 മുതല്‍ ധര്‍മ്മശാലയില്‍ നടക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റില്‍ ജയ്സ്വാളിന് ശ്രമിച്ചാല്‍ ഇന്ത്യയുടെ ഇതിഹാസ താരത്തിന്റെ വമ്പന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കഴിയും. ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കറെ മറികടക്കാന്‍ ജയ്സ്വാളിന് 120 റണ്‍സ് കൂടി മതി. ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ 1970/71ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയത് 774 റണ്‍സ് യുവതാരത്തിന് മറികടക്കാനാകും. ഇതിനൊപ്പം മറ്റൊരു നാഴികക്കല്ല് കൂടി താരത്തിന് പിന്നിടാനാകും.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറികള്‍ നേടിയ വിരാട് കോഹ്ലിയെ മറികടക്കാനാകും. 2016ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് കോലി രണ്ട് സെഞ്ച്വറി നേടിയത്. അടുത്ത ടെസ്റ്റില്‍ ജയ്സ്വാളിന് ഒരു സെഞ്ച്വറി നേടാനായാല്‍, കോഹ്ലിയെ മറികടന്ന് മുന്‍ ക്യാപ്റ്റന്‍മാരായ രാഹുല്‍ ദ്രാവിഡിനും മുഹമ്മദ് അസ്ഹറുദ്ദീനും ഒപ്പം ഒരു ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ കളിക്കാരായി അദ്ദേഹം കുതിക്കും. രണ്ടു മുന്‍ ക്യാപ്റ്റന്മാരും ഇംഗ്‌ളണ്ടിനെതിരേ മൂന്ന് സെഞ്ച്വറികള്‍ നേടിയ താരങ്ങളാണ്.

2011ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു നിലവിലെ ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് മൂന്ന് സെഞ്ച്വറി നേടിയത്. അതിന് മുമ്പ് 1984-85 ലെ ഹോം പരമ്പരയില്‍ അസ്ഹറുദ്ദീന്‍ ഇംഗ്‌ളണ്ടിനെതിരേ മൂന്ന് സെഞ്ച്വറികള്‍ നേടി. രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടാനായാല്‍, ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡും ജയ്സ്വാളിന് സ്വന്തമാകും.