Good News

രോഗാവസ്ഥമൂലം മാതാപിതാക്കള്‍ ഉപേക്ഷിച്ചു; ഇന്ന് അതേ രോഗാവസ്ഥയില്‍ ഫാഷന്‍ലോകത്തെ മിന്നും താരം

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തില്‍ വിജയം കരസ്ഥമാക്കി മറ്റുള്ളവര്‍ക്ക് പ്രചോദനമായി തീര്‍ന്ന നിരവധി വ്യക്തികളെ നമ്മുക്ക് പരിചിതമാണ്. അതിന് ഉത്തമ ഉദാഹരണമാണ് സ്യൂലി എന്ന പെണ്‍കുട്ടി. ജനിതക വൈകല്യം അവളെ അനാഥതത്വത്തിലേക്ക് തളളിവിട്ടിട്ടും അതില്‍ തളരാതെ മുന്നേറിയവള്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ ഒരു അനാഥമന്ദിരത്തിന്റെ സമീപത്തുള്ള ഗ്രൗണ്ടില്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു ഈ പെണ്‍കുട്ടിയെ. ആല്‍ബിനിസം എന്ന ജനിതക വൈകല്യമുള്ളതിനാലാണ് മാതാപിതാക്കള്‍ ആ കുട്ടിയെ ഉപേക്ഷിച്ചത്. രേഖകളൊന്നും ഇല്ലാതിരുന്നതിനാല്‍ കൃത്യമായ ജനനതീയതി പോലും ഈ പെണ്‍കുട്ടിക്ക് അറിയില്ല. എന്നാല്‍ അനാഥാലയത്തിലെ ജീവനക്കാര്‍ അവളെ സംരക്ഷിച്ചു.ആല്‍ബിനിസം എന്നത് മെലാനിന്റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്ഥയാണ്. ഈ രോഗാവസ്ത അനുഭവിക്കുന്നവര്‍ക്ക് മെലാനിന്റെ അളവ് വളരെ കുറവായിരിക്കും.കൂടാതെ ത്വക്കിനും കണ്ണുകള്‍ക്കും മുടിക്കുമെല്ലാം നിറം മങ്ങുകയും ചെയ്യും. ഇത്തരം രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെ ഒരു കാലത്ത് പലരും മാറ്റിനിര്‍ത്തിയിരുന്നു.

മൂന്ന് വയസ്സുള്ളപ്പോള്‍ നെതര്‍ലന്‍ഡിലെ ഒരു കുടുംബം സ്യൂ ലിയെ ദത്തെടുത്തു. അമ്മയ്ക്കും സഹോദരിക്കുമൊപ്പം ലീ ആ വീട്ടില്‍ വളര്‍ന്നു. തന്റെ പതിനൊന്നാം വയസ്സു മുതല്‍ ലി മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചു. ‘പൂര്‍ണ അപൂര്‍ണതകള്‍’ എന്നൊരു ക്യാമ്പെയിന്റെ ഭാഗമായി നടന്ന ഫാഷന്‍ ഷോയിലാണ് സ്യൂ ലി ആദ്യമായി പങ്കെടുത്തത്. അത് മികച്ച ശ്രദ്ധയും നേടിയുരുന്നു. പിന്നീട് ലിയുടെ പല മോഡലിങ്ങ് ചിത്രങ്ങളും ഫാഷന്‍ ലോകത്ത് ശ്രദ്ധേയമായി.

സ്യൂ ലി ഇന്ന് നിരവധി കമ്പനികളുടെ മോഡലായി തുളങ്ങുകയാണ്. തന്റെ ശാരീരികമായ വൈകല്യത്തിനെ ആത്മധൈര്യം കൊണ്ട് മറികടന്നാണ് സ്യൂലി ഇന്ന് ഫാഷന്‍ ലോകത്ത് ഇടം പിടിച്ചത്. ഈ രോഗാവസ്ഥ ഉള്ളതുകൊണ്ട് തന്നെ സ്യൂലിക്ക് കാഴ്ച്ചക്കുറവുണ്ട്. ജീവിതത്തില്‍ പല പ്രതിസന്ധികളും കടന്നു വന്നേക്കാം അതിലൊന്നും അടിപതറി വീഴാതെ മുന്നേറാന്‍ സ്യൂലി എന്നും ഒരു പ്രചോദനമാണ്.