ന്യൂസിലൻഡിലെ ‘ഫിഷ് ഓഫ് ദ ഇയർ’ പുരസ്‌കാരം സ്വന്തമാക്കി ബ്ലോബ്ഫിഷ്. ‘ലോകത്തിലെ ഏറ്റവും വിരൂപിയായ ജീവി’ എന്ന് ഒരിക്കൽ വിശേഷിപ്പിക്കപ്പെട്ട, ബ്ലോബ്ഫിഷ് (ശാസ്ത്രീയമായി സൈക്രോല്യൂട്ടസ് മാർസിഡസ് എന്നറിയപ്പെടുന്നു), ലോംഗ്ഫിൻ ഈൽ, പിഗ്മി പൈപ്പ് ഹോഴ്സ് എന്നീ മത്സ്യങ്ങളെ തോൽപ്പിച്ചാണ് “മൗണ്ടൻസ് സീ കൺസർവേഷൻ ട്രസ്റ്റിന്റെ” “ഫിഷ് ഓഫ് ദ ഇയർ” കിരീടം സ്വന്തമാക്കിയത്.
ന്യൂസിലാന്റ്, ഓസ്‌ട്രേലിയൻ തീരങ്ങളിലെ ആഴക്കടലിൽ വളരെ ഉയർന്ന സമ്മർദ്ദമുള്ള അന്തരീക്ഷത്തിൽ ജീവിക്കുന്ന മത്സ്യങ്ങളാണ് ബ്ലോബ്ഫിഷ്. 130 വർഷം വരെ ജീവിക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. വെള്ളത്തേക്കാൾ അൽപ്പം കുറഞ്ഞ സാന്ദ്രതയുള്ള ബ്ലോബി ടിഷ്യൂകളാൽ നിർമ്മിതമാണ് ഇവയുടെ ശരീരം, ഈ ടിഷ്യൂ കടലിന്റെ അടിത്തട്ടിൽ നിന്ന് പൊങ്ങിക്കിടക്കാൻ ഇവയെ സഹായിക്കുന്നു. ഇവയ്ക്ക് മറ്റ് മത്സ്യങ്ങളെ പോലെ നീന്തൽ മൂത്ര സഞ്ചിയോ പേശികളോ ചെതുമ്പലുകളോ ഇല്ല.
മൗണ്ടെയ്ൻ സീ കൺസർവേഷൻ ട്രസ്റ്റിന്റെ വക്താവായ കോൺറാഡ് കുർത്ത പറയുന്നതനുസരിച്ച്: “നീന്തുന്നതിനിടയിൽ വായ തുറന്ന് പിടിച്ച് കാത്തിരിക്കുന്ന ഇവ തനിയെ വായിലേക്ക് കയറുന്ന ജീവികളെയാണ് ഭക്ഷണമാക്കുന്നത്”.
2003-ലാണ് വെള്ളത്തിനു പുറത്തുള്ള ബ്ലോബ്ഫിഷിന്റെ രൂപം ആദ്യമായി വൈറലാകുന്നത്. ഒരു ഗവേഷണ കപ്പലിലെ ക്രൂ അംഗമാണ് അപൂർവമായി കാണപ്പെടുന്ന ബ്ലോബ് ഫിഷിന്റെ ഈ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ ജല ഉപരിതലത്തിലേക്ക് എത്തിയപ്പോഴുണ്ടായ പെട്ടെന്നുള്ള പ്രഷർ വ്യത്യാസം ബ്ലോബ് ഫിഷിനെ വിരൂപിയാക്കി മാറ്റുകയും, ഈ ചിത്രം പെട്ടെന്ന് വൈറലാകുകയും ചെയ്യുകയായിരുന്നു.
“ ജലോപരിതത്തിലേക്ക് പൊങ്ങി വരുമ്പോൾ പെട്ടെന്നുള്ള മർദ്ദ വ്യത്യാസമാണ് ഇവയുടെ രൂപമാറ്റത്തിന് കാരണം”. “എന്നാൽ അവയുടെ സ്വാഭാവിക ചുറ്റുപാടിൽ ജലത്തിലെ മർദ്ദം മത്സ്യത്തെ അവയുടെ ബൾബസ് ആകൃതിയിലേക്ക് മാറ്റുന്നു” കുർത്ത വിശദീകരിച്ചു.
മത്സരത്തിൽ, 1,286 വോട്ടുകൾ നേടിയ ബ്ലോബ്ഫിഷ്, എതിരാളിയായ ഓറഞ്ച് റഫിനെ 300 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഏറ്റവും വിജയകരമായ വർഷം കൂടിയായിരുന്നു ഇത്, 2025 ൽ 5,583 വോട്ടുകളാണ് രേഖപ്പെടുത്തിയതെങ്കിൽ 2024 ൽ ഇത് വെറും 1,021 മാത്രം ആയിരുന്നു.
” ബ്ളോബ്ഫിഷിനെ തിരഞ്ഞെടുത്തതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്,” “ഒരു ആവാസവ്യവസ്ഥയുടെ വീക്ഷണകോണിൽ, നിന്ന് നോക്കുമ്പോൾ ബ്ലോബ്ഫിഷിന്റെ വിജയം അതേ ആവാസവ്യവസ്ഥയിൽ കഴിയുന്ന ഓറഞ്ച് റഫിന്റെ വിജയം കൂടിയാണ്” പരിസ്ഥിതി നിയമ സംരംഭത്തിന്റെ വക്താവ് ആരോൺ പക്കാർഡ് വ്യക്തമാക്കി.