Oddly News

വധശിക്ഷാ വിധിയില്‍ 46വര്‍ഷം ജയിലില്‍; നിരപരാധി, അരനൂറ്റാണ്ടിന് ശേഷം 88കാരന് ​​മോചനം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ​ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം തടവില്‍കിടന്ന 88കാരന് അരനൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞ് ജയില്‍മോചനം. 1968-ല്‍ മോഷണത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട ഇദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിവന്നത് 46 വര്‍ഷമായിരുന്നു. വധശിക്ഷയ്ക്ക് ആസ്പദമായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കോടതി വിധിച്ചതോടെയാണ് ജപ്പാനില്‍ 88 കാരനായ മുന്‍ ബോക്‌സര്‍ ഇവാവോ ഹകമാഡയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്.

കേസില്‍ പുനരന്വേഷണത്തിന്റെ ഫലം അറിയാന്‍ കോടതിയില്‍ എത്താന്‍ പോലും അസുഖബാധിതനെ ആരോഗ്യം അനുവദിച്ചില്ല. എന്നാല്‍ അദ്ദേഹത്തിനുവേണ്ടി നിരന്തരം നിയമപോരാട്ടം നടത്തിയ 91 വയസ്സുള്ള സഹോദരി ഹിഡെക്കോ, സഹോദരന്‍ ഹകമാഡ നിരപരാധിയാണെന്ന്
കോടതി പ്രഖ്യാപിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ജഡ്ജിയെ വണങ്ങി. 1968-ല്‍ തന്റെ തൊഴിലുടമയേയും ഭാര്യയെയും അവരുടെ കൗമാരപ്രായക്കാരായ രണ്ട് കുട്ടികളെയും കൊള്ളയടിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ഹകമാഡ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. തുടര്‍ന്ന് ശിക്ഷ നടപ്പാക്കാതെ 46 വര്‍ഷം ജയിലിനുള്ളില്‍ കഴിഞ്ഞു. അനേകരാണ് കോടതിയില്‍ വിധി കേള്‍ക്കാന്‍ തടിച്ചുകൂടിയത്.

രാജ്യത്തെ പിടിച്ചുലച്ച ഒരു കൊലപാതക കഥയില്‍ വിധി കേള്‍ക്കാന്‍ കോടതിക്കുള്ളില്‍ സീറ്റ് ഉറപ്പാക്കാന്‍ നൂറുകണക്കിന് ആളുകള്‍ രാവിലെ തന്നെ എത്തിയിരുന്നു. പ്രോസിക്യൂട്ടര്‍ക്ക് അപ്പീല്‍ നല്‍കാന്‍ രണ്ടാഴ്ചത്തെ സമയമുണ്ടെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെളുത്ത ജാക്കറ്റ് ധരിച്ചായിരുന്നു ഹിഡെക്കോ കോടതിയില്‍ എത്തിയത്. തന്റെ സഹോദരന്റെ നിരപരാധിത്വത്തെ പ്രതീകമാക്കിയാണ് ഇരുണ്ട നിറമുള്ള വസ്ത്രങ്ങള്‍ താന്‍ ഒഴിവാക്കിയതെന്ന് അവര്‍ പറഞ്ഞു.

ജപ്പാന്റെ യുദ്ധാനന്തര ചരിത്രത്തില്‍ പുനരന്വേഷണം അനുവദിച്ച അഞ്ചാമത്തെ വധശിക്ഷാ തടവുകാരനാണ് ഹകമാഡ. മുമ്പത്തെ നാല് കേസുകളും കുറ്റവിമുക്തരാക്കപ്പെടുകയായിരുന്നു. ഇരകളെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായുള്ള ആരോപണം 1968-ല്‍ തന്നെ ഹകമാഡ നിഷേധിച്ചിരുന്നു. എന്നാല്‍ മര്‍ദനമുള്‍പ്പെടെയുള്ള ക്രൂരമായ പോലീസ് ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.

1980-ല്‍ ഹകമാഡയുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചെങ്കിലും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കേസ് വീണ്ടും തുറക്കാനുള്ള പോരാട്ടം തുടര്‍ന്നു. 2014-ല്‍ വീണ്ടും വിചാരണ അനുവദിക്കുകയും ഹകമാഡ ജയിലില്‍ നിന്ന് മോചിതനാകുകയും ചെയ്തു. ജപ്പാന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ എങ്ങനെ മാറണം എന്നതിന്റെ വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണ് ഈ കേസ് എന്ന് ‘ഫ്രീ ഹകമാഡ നൗ” എന്നെഴുതിയ ടി-ഷര്‍ട്ട് ധരിച്ച് എത്തിയ അത്സുഷി സുകേരന്‍ പറഞ്ഞു.