സിന്തറ്റിക് തുണികൊണ്ടുള്ള വസ്ത്രങ്ങളും അടിവസ്ത്രങ്ങളും നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല. കൂടുതല്‍ വിയര്‍ക്കുന്ന കാലാവസ്ഥയില്‍ പ്രത്യേകിച്ചും. തുടയിടുക്കുകളിലും കക്ഷങ്ങളിലും കൂടുതല്‍ വിയര്‍പ്പു തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ട്. കഴിയുന്നതും വിയര്‍പ്പ് വലിച്ചെടുക്കുന്ന തുണി കൊണ്ടുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കാറ്റും സൂര്യപ്രകാശവുമുള്ള സ്ഥലത്തിട്ട് അടിവസ്ത്രങ്ങള്‍ ഉണക്കണം. ആന്റിസെപ്റ്റിക് ലോഷന്‍ കലര്‍ത്തിയ വെള്ളത്തില്‍ കഴുകിയെടുക്കാറുണ്ട് ചിലര്‍. അമിതമായാല്‍ ഇത് മറ്റു ചര്‍മരോഗങ്ങള്‍ക്ക് കാരണമാകും.
സ്വകാര്യ ഭാഗത്തെ അനാവശ്യരോമങ്ങള്‍ കത്രിക ഉപയോഗിച്ച് മുറിച്ചു കളയണം. ഹെയര്‍ റിമൂവിങ് ക്രീമുകള്‍ ഉപയോഗിക്കുന്നതും വാക്‌സിങ് ചെയ്യുന്നതും യോനീഭാഗത്തെ ലോലമായ ചര്‍മത്തിന് ദോഷകരമാണ്. ഷേവ് ചെയ്തും രോമം നീക്കാറുണ്ട് പലരും. സൂക്ഷമതയോടെ സാവധാനം ചെയ്തില്ലെങ്കില്‍ മുറിവുണ്ടാകാനും മുറിവിലൂടെ അണുബാധയുണ്ടാകാനും സാധ്യതയേറും.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയങ്ങളില്‍ വ്യക്തിശുചിത്വത്തെക്കുറിച്ച് സ്ത്രീകള്‍ ഇത്തിരിയേറെ ബോധവതികളാകണം. സെക്‌സിന് മുമ്പും പിമ്പും ലൈംഗികാവയവങ്ങള്‍ വെള്ളമുപയോഗിച്ച് കഴുകി വൃത്തിയാക്കണം. പങ്കാളിയുടെ ലൈംഗിക ശുചിത്വവും ഉറപ്പാക്കണം.
ആര്‍ത്തവകാലത്തും ദിവസവും രണ്ടു നേരം കുളിക്കണം. ശരീരം വൃത്തിയാക്കാന്‍ വീര്യം കൂടിയ സോപ്പുകളോ സ്‌ക്രബുകളോ ആവശ്യമില്ല. ഗ്ലിസറിന്‍ അടങ്ങിയ വീര്യം കുറഞ്ഞ സോപ്പോ ബോഡി വാഷുകളോ ഉപയോഗിച്ചു മാത്രം കുളിക്കുക. ആര്‍ത്തവ സമയത്ത് വിയര്‍പ്പു കൂടുന്നതുകൊണ്ട് കോട്ടന്‍ അടിവസ്ത്രങ്ങള്‍ തന്നെ ധരിക്കാന്‍ ശ്രദ്ധിക്കണം. സാനിറ്ററി പാഡിന്റെ നനവു കൂടിയാകുമ്പോള്‍ അണുബാധയുണ്ടാകാന്‍ സാധ്യതയേറെയാണ്.
ദിവസത്തില്‍ മൂന്നോ നാലോ തവണ പാഡ് മാറ്റണം. ആര്‍ത്തവ ദിനങ്ങള്‍ അടുക്കുന്ന സമയത്ത് വസ്ത്രത്തിലെങ്ങാനും അറിയാതെ ബ്ലഡ് സ്റ്റെയ്ന്‍ പറ്റുമോ എന്ന പേടിയാല്‍ പാഡ് വയ്ക്കുന്ന ശീലം നല്ലതല്ല. പാഡ് വയ്ക്കുന്നത് യോനീഭാഗത്തെ ചൂടും വിയര്‍പ്പും കൂട്ടും. ടൈറ്റ്‌സും ലെഗിങ്‌സും ജീന്‍സും പോലുള്ള ഇറുകിപ്പിടിച്ച വസ്ത്രങ്ങളും ചൂടു കൂട്ടും. ഇത് സ്വകാര്യഭാഗങ്ങളിലും തുടയിടുക്കിലും അലര്‍ജിയും ചൊറിച്ചിലും ഉണ്ടാക്കാം.