Crime

സ്ത്രീധന പീഡനം ; ആത്മഹത്യാകുറിപ്പ് കൈപ്പത്തിയിലും കൈത്തണ്ടയിലും എഴുതിവെച്ച് 25കാരി തൂങ്ങിമരിച്ചു

സ്ത്രീധനം ചോദിച്ച് നിരന്തരം പീഡനത്തിന് ഇരയായതിന് പിന്നാലെ കൈപ്പത്തിയിലും കൈത്തണ്ടയിലും ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് 25 കാരി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഭര്‍തൃമാതാവും സഹോദരീ ഭര്‍ത്താവും ഇപ്പോള്‍ ഒളിവിലാണ്. നലാസോപാര വെസ്റ്റില് വെള്ളിയാഴ്ച വൈകുന്നേരം സംഗീത എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടിലെ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 21 നായിരുന്നു സംഗീതയും എഞ്ചിനീയര്‍ നിതേഷ് കണ്ണോജിയയും (28) വിവാഹിതരായത്. ആത്മഹത്യാക്കുറിപ്പില് ഇങ്ങനെ പറയുന്നു: ”ഞാന്‍ പോവുകയാണ്… ഞാന്‍ പോയതിനു ശേഷം വിവാഹ സമയത്ത് ലഭിച്ച സ്ത്രീധനവും മറ്റ് സാധനങ്ങളും എന്റെ പിതാവിന് തിരികെ നല്‍കണം. എന്റെ മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവും അമ്മായിയമ്മയും അമ്മായിയപ്പനുമാണ്. സ്ത്രീധനത്തിന്റെ പേരില്‍ അവര്‍ എന്റെ മാതാപിതാക്കളെ അപമാനിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടതുകൊണ്ട് എനിക്ക് ഒരിക്കലും ഭര്‍ത്താവിന്റെ സ്‌നേഹം ലഭിച്ചില്ല. നിരന്തരം ഉപദ്രവിക്കപ്പെടുകയും ചെയ്തു. സ്ത്രീധനത്തിന്റെ അഭാവം കൊണ്ട് മാത്രം.”

വിവാഹം കഴിഞ്ഞതുമുതല്‍ സ്ത്രീധനത്തിനായി ഭര്‍തൃവീട്ടുകാര്‍ സംഗീതയെ പീഡിപ്പിക്കാറുണ്ടെന്ന് സംഗീതയുടെ പിതാവ് പറഞ്ഞു. ”നിതേഷ് എല്ലായ്‌പ്പോഴും അഞ്ച് ലക്ഷം രൂപ പണവും ബുള്ളറ്റ് ബൈക്കും ആവശ്യപ്പെട്ടിരുന്നു. അത് സ്ത്രീധനമായി നല്‍കാന്‍ എനിക്ക് കഴിയില്ല.” അവള്‍ ഒരിക്കലും ഭര്‍തൃവീട്ടില്‍ സന്തുഷ്ടയായിരുന്നില്ലെന്നും പിതാവ് മുന്നിലാല്‍ പറഞ്ഞു.

നിതേഷ് വെള്ളിയാഴ്ച പിതാവിനെ വിളിച്ച് സ്ത്രീധനം നല്‍കിയില്ലെങ്കില്‍ എന്റെ സഹോദരിയെ നലാസോപാരയില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഇളയ സഹോദരന്‍ വിജയ്പറയുന്നു. പീഡനം ഒരു ദിനചര്യയായി മാറിയതിനാല്‍ കുടുംബം നിതേഷിനെ ഗൗരവമായി എടുത്തില്ലെന്നും പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ സംഗീത തൂങ്ങി മരിച്ചുവെന്ന് പിതാവിനെ വിളച്ച് അറിയിക്കകയായിരുന്നു. തങ്ങളെ മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

സീലിംഗ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോ ഭര്‍തൃപിതാവ് എടുത്തിരുന്നുവെങ്കിലും അവളുടെ കാല്‍ തറയില്‍ സ്പര്‍ശിക്കുകയായിരുന്നു. അവളെ ആദ്യം ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തുകയും പിന്നീട് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തൂക്കിക്കൊല്ലുകയും ചെയ്തിരിക്കാമെന്നും വിജയ് ആരോപിച്ചു. നിതേഷ്, പിതാവ് ശിവസേവക്, അമ്മ ആശ, സഹോദരി മാല എന്നിവര്‍ക്കെതിരെയാണ് മുന്നിലാല്‍ പരാതി നല്‍കി. സ്ത്രീധന പീഡന നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഭര്‍ത്താവിനെയും പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.