ഈ വർഷം ആദ്യമാണ് അമേരിക്കയിൽ നടുക്കം സൃഷ്ടിച്ചുകൊണ്ട് ലോസ് ഏഞ്ചൽസിലും, കാലിഫോണിയൻ പ്രദേശങ്ങളിലും കാട്ടുതീ വ്യാപിച്ചത്. അതിദാരുണമായ സംഭവത്തിൽ ആയിരകണക്കിന് ആളുകൾക്കാണ് തങ്ങളുടെ വീടുകൾ നഷ്ടമായത്. 29 ഓളം പേർ തീയിൽ വെന്തുമരിക്കുകയും ചെയ്തു. അതിദയനീയമായ കാഴ്ചക്കൾക്കായിരുന്നു ലോകം ആ ദിനങ്ങളിൽ സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്.
തീപിടുത്തത്തിൽ നിരവധി മൃഗങ്ങളും പെട്ടുപോയിരുന്നു, അവരിൽ ഒരാളായിരുന്നു ‘ആഗി പൂച്ച’. ലോസ് ഏഞ്ചൽസിൽ കാട്ടുതീ പടരുന്നതിനിടെയാണ് ആഗി എന്ന വളർത്തുപൂച്ചയെ കാണാതായത്. കണ്ടുകിട്ടാതെ വന്നതോടെ അവൾ ചത്തുപോയിട്ടുണ്ടാകുമെന്ന് എല്ലാവരും കരുതി. എന്നാൽ രണ്ട് മാസങ്ങൾക്കുശേഷം ആ മഹാത്ഭുതം സംഭവിച്ചു.
82 കാരിയായ കാതറിൻ കീഫറായിരുന്നു ആഗിയുടെ ഉടമ. കാട്ടു തീയിൽ കാതറിനു തന്റെ വീട് മാത്രമല്ല, അവളുടെ പ്രിയപ്പെട്ട പൂച്ച ആഗിയെയും നഷ്ടപ്പെട്ടു. രണ്ട് മാസത്തോളമായി ആഗി ഇനി തിരിച്ചുവരില്ല എന്ന ദുഃഖത്തിൽ കഴിയുകയായിരുന്നു കാതറിൻ.
അങ്ങനെ രണ്ട് മാസങ്ങൾക്ക് ശേഷം, ആ പഴയ തെരുവിൽ അലഞ്ഞുതിരിയുന്ന ആഗിയെ രക്ഷാ പ്രവർത്തകർ കണ്ടെത്തി. അവളുടെ ശരീരത്തിലുണ്ടായിരുന്ന ഒരു മൈക്രോചിപ്പ് താമസിയാതെ അവളുടെ ആശങ്കാകുലനായ ഉടമയെ കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിച്ചു.
‘രണ്ടു മാസത്തോളം അവൾ വീടിനോട് ചേർന്ന് തന്നെയിരുന്നു. ചാരത്തിലും അവശിഷ്ടങ്ങൾക്കിടയിലുമാണ് ജീവിച്ചത്, ,’ കാതറിന്റെ മകൾ കരോലിൻ ഒരു വൈറലായ ടിക് ടോക്ക് വീഡിയോയിൽ വ്യക്തമാക്കി. തുടർന്ന് കരോലിൻ തന്നെ ടിക് ടോകിലൂടെ അമ്മയുടേയും ആഗിയുടെയും പുനം സംഗമത്തിന്റെ മനോഹര ദൃശ്യങ്ങൾ പങ്കിട്ടു. പങ്കുവെച്ച ദൃശ്യങ്ങളിൽ കണ്ണുനീരോടെ, മുറിവുകളേറ്റ പൂച്ചയെ കാതറിൻ കൈകളിൽ എടുക്കുന്നതാണ് കാണുന്നത്.
“ഞങ്ങൾ വെസ്റ്റ്സൈഡ് അനിമൽ ഷെൽട്ടറിനോട് എന്നും നന്ദിയുള്ളവരായിരിക്കും,”. “ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടുത്തരുത്.”കരോലിൻ വീഡിയോയിൽ വ്യകതമാക്കി.
പോഷകാഹാര കുറവ് മൂലം നിലവിൽ ആഗിയുടെ ആരോഗ്യ സ്ഥിതി അല്പം മോശമാണ്. മെച്ചപ്പെട്ട ചികിത്സ യിലൂടെ പഴയ ശാരീരിക സ്ഥിതി വീണ്ടെടുക്കാൻ സാധിച്ചേക്കും.
ആഗിയെ കണ്ടതിയതിനു പിന്നാലെ കാതറിൻ ഫോക്സ് ന്യൂസിനോട് പറഞ്ഞതിങ്ങനെ “മക്കളെ പോലെ യുള്ള ബന്ധമാണ് എനിക്കും ആഗിക്കും തമ്മിൽ ഉണ്ടായിരുന്നത്. അവൾ ശരിക്കും എല്ലാമാണെന്ന് പറയുന്നില്ല, പക്ഷെ അതാണ് സത്യം”.”എനിക്ക് അവളെ നഷ്ടപ്പെടുമെന്ന് ഞാൻ കരുതിയിരുന്നില്ല,” എങ്കിലും പ്രതീക്ഷ കൈവിടരുത്” കാതറിൻ പറഞ്ഞുനിർത്തി.