മോഷണശ്രമത്തെ അതിധീരതയോടെ എതിർത്ത യുവതിയെ മക്കളുടെ മുന്നിൽവെച്ച് ആക്രമിക്കുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത രോഷം സൃഷ്ടിച്ചിരിക്കുന്നത്. ഒരു പബ്ലിക് സ്റ്റെയർകേസ് നടന്നു കയറുന്നതിനിടയിലാണ് സംഭവം. കുറ്റം ചെയ്തിട്ടും കുറ്റവാളി നിഷ്പ്രയാസം രക്ഷപെട്ടത് കാഴ്ചക്കാരിൽ കടുത്ത അസ്വസ്ഥത ഉളവാക്കിയിരിക്കുകയാണ്.
വൈറൽ വീഡിയോയുടെ തുടക്കത്തിൽ നീല ജാക്കറ്റ് ധരിച്ച ഒരു മനുഷ്യൻ, ഒരു ഫോൺ കോളിൽ മുഴുകി, രണ്ട് ബാഗുകളുമായി കോണിപ്പടികൾ നടന്നു കയറുന്നതാണ് കാണുന്നത്. ഈ സമയം ഇയാൾക്ക് പിന്നിലായി തവിട്ട് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച ഒരാൾ പടികൾ കയറുകയും നീല ജാക്കറ്റ് ധരിച്ച വ്യക്തിയുടെ ബാഗിൽ ഒന്നിൽ നിന്ന് എന്തോ ഒരു സാധനം തട്ടിയെടുക്കുന്നതും കാണാം. കള്ളൻ കൃത്യം നടത്തി രക്ഷപെടാൻ ശ്രമിക്കുമ്പോൾ, രണ്ട് കുട്ടികളുമായി പടികൾ നടന്നിറങ്ങുന്ന ഒരു സ്ത്രീ സംഭവം ശ്രദ്ധിക്കുകയും മോഷണം തടയാൻ ശ്രമിക്കുകയും ചെയ്യുന്നു.
തുടർന്ന് ഉടൻ തന്നെ മോഷ്ടിക്കപ്പെട്ടെന്ന് യുവാവിനെ അറിയിക്കാൻ സ്ത്രീ ശ്രമിക്കുകയാണ്. ഇത് കണ്ടതും അക്രമി സ്ത്രീക്ക് നേരെ തിരിയുകയും യുവതിയെ ആക്രമിക്കുകയും ചെയ്യുന്നു. അക്രമത്തിൽ പകച്ചുപോയ യുവതി ഉടൻ തന്നെ തന്റെ രണ്ടു കുഞ്ഞുങ്ങളെയും സുരക്ഷിതരാക്കി താഴേക്ക് അതിവേഗം നടന്നിറങ്ങുന്നു. എന്നാൽ പിന്നോട്ട് പോകാൻ തയ്യാറാകാഞ്ഞ കുറ്റവാളി, മക്കളുടെ മുന്നിൽ വെച്ച് യുവതിയുടെ മുഖത്ത് ക്രൂരമായി കുത്തുകയും തള്ളിയിട്ടശേഷം സ്ഥലത്തു നിന്ന് രക്ഷപെടുകയും ചെയ്യുന്നു.
വഴിയാത്രക്കാരുടെ നിസ്സംഗതയാണ് അതിലും അസ്വസ്ഥതയുണ്ടാക്കുന്നത്. ആക്രമണം കണ്ടിട്ടും ആരും അതിൽ ഇടപെടാൻ തയ്യാറായില്ല.
‘കൺസർൺഡ് സിറ്റിസൺ’ എന്ന പേരിലുള്ള ഒരു ജനപ്രിയ അക്കൗണ്ടാണ് ‘എക്‌സിൽ’ വൈറലായ വീഡിയോ പങ്കുവെച്ചത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നെറ്റിസൺസിന്റെ ഭാഗത്തു നിന്ന് കടുത്ത രോഷം ഉടലെടുത്തു. നിരവധിപേരാണ് കാണികളുടെ നിഷ്‌ക്രിയത്വത്തെ അപലപിക്കുകയും നീതിക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്തത്.
ഒരു ‘എക്‌സ്’ ഉപഭോക്താവ് എഴുതി: “ധൈര്യം പലപ്പോഴും വില നൽകേണ്ടിവരുമെന്ന ഹൃദയഭേദകമായ ഓർമ്മപ്പെടുത്തൽ. ശരിയായ കാര്യം ചെയ്യുന്നതിനായി ആരും അവരുടെ സുരക്ഷയെ അപകടപ്പെടുത്തേണ്ടതില്ല” എന്നാണ്.
മറ്റൊരു ഉപയോക്താവ് “ അദ്ദേഹത്തെ പിടികൂടി കുറ്റം ചുമത്തിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്നാണ് കുറിച്ചത്.