Oddly News

കമ്പനിയില്‍ നിന്ന് ബോണസായി ലഭിച്ചത് ഉരുളക്കിഴങ്ങ് ; അതിനും നികുതി അടയ്ക്കേണ്ടി വരും

ജോലി ചെയ്യുന്ന കമ്പനികളില്‍ നിന്ന് തൊഴിലാളികള്‍ക്ക് ക്രിസ്മസ് ബോണസുകള്‍ നല്‍കുന്നത് പതിവാണ്. ഇപ്പോള്‍ അസാധാരണമായ ഒരു ക്രിസ്മസ് ബോണസ് ലഭിച്ചതിനെ കുറിച്ച് പറയുകയാണ് അമാന്‍ഡ എന്ന യുവതി. അമാന്‍ഡയ്ക്ക് ഉരുളക്കിഴങ്ങാണ് ബോണസായി ലഭിച്ചത്. 15 ഡോളര്‍ വിലമതിക്കുന്ന ഉരുളക്കിഴങ്ങ് എന്ന തലക്കെട്ടോടെയാണ് തനിക്ക് ലഭിച്ച ബോണസിന്റെ ചിത്രം അമാന്‍ഡ എക്‌സില്‍ ഷെയര്‍ ചെയ്തത്.

ഓഫീസില്‍ നിന്ന് ഉരുളക്കിഴക്ക് ലഭിക്കുക മാത്രമല്ല, അതിന് നികുതി അടയ്ക്കേണ്ടി വരുമെന്ന നിര്‍ദ്ദേശം കൂടിയാണ് യുവതിയ്ക്ക് ലഭിച്ചത്. അമാന്‍ഡ ബി എന്ന യുവതിയാണ് ഇക്കാര്യം എക്സില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് യുവതിയ്ക്ക് മറുപടിയുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ മാസമാണ് യുവതി ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ഇപ്പോഴാണ് പോസ്റ്റ് വീണ്ടും വൈറലായത്.

പൊട്ടറ്റോ ബാറില്‍ നിന്ന് ഒരു ഉരുളക്കിഴങ്ങ് മാത്രമേ ജീവനക്കാര്‍ക്ക് എടുക്കാന്‍ കഴിയുവെന്നും അമാന്‍ഡ സൂചിപ്പിച്ചു. ബട്ടര്‍, ക്രീം, ചീസ്, തുടങ്ങിയവയാണ് ഉരുളക്കിഴങ്ങിന്റെ ടോപ്പിംഗായി വരുന്നത്. അവയിലേതെങ്കിലും ഒന്ന് ജീവനക്കാര്‍ക്ക് തെരഞ്ഞെടുക്കാമെന്നും അമാന്‍ഡ പറഞ്ഞു.

”ക്രിസ്മസ് ബോണസായി ഉരുളക്കിഴങ്ങ് ബാര്‍ ലഭിച്ചിട്ടുണ്ട്. 15 ഡോളര്‍ മൂല്യമുള്ള ഈ ബോണസാണിതെന്നും അതിനാല്‍ അടുത്ത ശമ്പളത്തില്‍ നിന്ന് ഇത് ഈടാക്കുമെന്നും കമ്പനി പറയുന്നു. എവിടെയങ്കിലും ഒരു അസിസ്റ്റന്റിന്റെ ഒഴിവുണ്ടോ. എന്നാല്‍ ഇപ്പോള്‍ തന്നെ ഇവിടെ നിന്ന് ഇറങ്ങാമായിരുന്നു,” – എന്നായിരുന്നു അമാന്‍ഡയുടെ പോസ്റ്റ്.