ഭര്‍തൃസഹോദരനെ ക്രൂരമായി ആക്രമിച്ച് സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കി യുവതി. ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. തന്റെ സഹോദരിയുമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറിയതിലെ വൈരാഗ്യമാണ് ക്രൂരകൃത്യത്തിന് യുവതിയെ പ്രേരിപ്പിച്ചത്. മാൽഖൻപൂർ ഗ്രാമത്തിലെ 20 കാരന്‍ ഉമേഷാണ് ആക്രമത്തിന് ഇരയായത്.
ഒക്ടോബർ 16 നാണ് സംഭവം നടന്നത്. രാത്രി നിലവിളി കേട്ട് ഓടിച്ചെന്ന കുടുംബാംഗങ്ങൾ മുറിയിൽ രക്തം വാർന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഗുരുതരമായി കുത്തേറ്റ് സ്വകാര്യ ഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയില്‍ വേദന കൊണ്ട് പുളയുകയായിരുന്നു ഉമേഷ്. ഉടൻ തന്നെ കുടുംബം ഇയാളെ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പൊലീസ് അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഉമേഷിന്റെ മൂത്ത സഹോദരൻ ഉദയ്യുടെ ഭാര്യ മഞ്ജുവിലേക്കാണ് മൊഴികളെല്ലാം വിരല്‍ ചൂണ്ടിയത്. മഞ്ജുവിന്റെ സഹോദരിയുമായി ഉമേഷ് അടുപ്പത്തിലായിരുന്നു. ഇരുവരും പരസ്പരം വിവാഹം കഴിക്കാനും തീരുമാനിച്ചു. എന്നാല്‍ ഇരുവരുടേയും ബന്ധത്തില്‍ ഉമേഷിന്റെ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ ഉമേഷ് ബന്ധത്തില്‍ നിന്നും പിന്മാറുകയും വൈകാതെ മറ്റൊരു സ്ത്രീയുമായി അടുക്കുകയും ചെയ്തു.
എന്നാല്‍ പ്രണയബന്ധം മുറിഞ്ഞത് പെണ്‍കുട്ടിയെ വളരെയധികം ബാധിച്ചു. വിഷാദത്തിലേക്ക് വീഴുകയും കുടുംബാംഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കാനും തുടങ്ങി. ഇതോടെയാണ് മഞ്ജുവിന് ഉമേഷനോട് പക തോന്നിയത്. ഒക്ടോബർ 16 ന് രാത്രി, വീട്ടിലെ എല്ലാവരും ഉറങ്ങുന്നത് വരെ മഞ്ജു കാത്തിരുന്നു. അർദ്ധരാത്രിയോടെ അടുക്കളയിലെത്തി കറികത്തി എടുത്ത് ഉമേഷിന്റെ മുറിയിലെത്തി. ഉറങ്ങിക്കിടന്ന ഉമേഷിനെ പലതവണ കുത്തി, തുടർന്ന് അവന്റെ സ്വകാര്യ ഭാഗങ്ങൾ മുറിച്ചു.
ഉമേഷിന്റെ നിലവിളി കേട്ട് കുടുംബം എത്തുമ്പോഴേക്കും മഞ്ജു ഓടി രക്ഷപ്പെട്ടിരുന്നു. ആശുപത്രിയിലെത്തിച്ച ഉമേഷിനെ ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യുവാവ് അപകടനില തരണം ചെയ്തതായി മെഡിക്കൽ സംഘം സ്ഥിരീകരിച്ചു. സംഭവത്തിനുശേഷം ഒളിവിൽ പോയ മഞ്ജുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.




