Health

ആണുങ്ങള്‍ ഇല്ലാത്ത ഭൂമി ! ഇനി വരുന്നത് സ്ത്രീകള്‍മാത്രം ജനിക്കുന്ന കാലം ! Y ക്രോമസോം ഇല്ലാതാകുന്നെന്ന് പഠനം

അടുത്തിടെ നടന്ന ഒരു പഠനം മനുഷ്യരെക്കുറിച്ച് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ ചിലകണ്ടെത്തലുകള്‍ നടത്തി. അതിന്റെ ചുരുക്കം ഇങ്ങനെയാണ്. ഭാവിയില്‍ ആണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകാതിരിക്കുകയും പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുന്ന ഒരു ലോകം ഉണ്ടാവുകയും ചെയ്യും. പുരുഷലിംഗം നിർണ്ണയിക്കുന്നതിൽ നിർണായകമായ Y ക്രോമസോമിന്റെ വലുപ്പം ക്രമേണ കുറയുകയും ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്തേക്കാം.
അങ്ങനെ സംഭവിക്കുമ്പോള്‍ പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുന്ന ഒരു ലോകത്തിന് ഇത് കാരണമാകും.

മനുഷ്യരു​ടെ ബയോളജിക്കൽ സെക്സ് നിര്‍ണയിക്കുന്നത് പ്രധാനമായും മൂന്നു കര്യങ്ങളാണ്. ക്രോമസോം, ജനനഗ്രന്ഥികൾ, ജനനേന്ദ്രിയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ലിംഗനിര്‍ണയം സാദ്ധ്യമാകുന്നത്. XX ക്രോമസോമിനെ സ്ത്രീലിംഗമായും XY ക്രോമസോമിനെ പുരുഷലിംഗമായുമാണ് പൊതുവേ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ രുഷലിംഗം നിർണയിക്കുന്ന Y ക്രോമസോം ചുരുങ്ങുകയാണെന്നും ഒടുവിൽ അപ്രത്യക്ഷമാകുമെന്നും ഈ വിഷയത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. കെന്റ് യൂണിവേഴ്‌സിറ്റി ഈ വിഷയത്തില്‍ നടത്തിയ ഒരു പഠനമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഇതോടെ സ്ത്രീലിംഗം മാത്രമുള്ള വ്യക്തികള്‍ ജനിക്കുന്ന ഒരു ലോകത്തിന്റെ സാധ്യതയാണ് ഉയരുന്നത്. ആണുങ്ങളില്ലത്ത ഈ ലോകത്തിലെ മനുഷ്യന്റെ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാവിയെകുറിച്ചും ആശങ്കാപൂര്‍ണമായ ചോദ്യങ്ങളാണ് ഉയരുന്നത്.

Y ക്രോമസോമിന്റെ വലുപ്പത്തില്‍ ക്രമാനുഗതമായ കുറവാണ് വന്നിട്ടുള്ളതെന്ന് പഠനം പറയുന്നു. അതായത് ഇതൊരു പുതിയ പ്രതിഭാസമല്ല.166 ദശലക്ഷം വർഷത്തിനിടയിൽ, Y ക്രോമസോമിന് 900 മുതൽ 55 വരെ സജീവ ജീനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ നിരക്കിൽ, 11 ദശലക്ഷം വർഷത്തിനുള്ളിൽ അവസാന 55 ജീനുകൾ ഇല്ലാതാകുമെന്ന് ജനിതകശാസ്ത്രത്തിൽ വിദഗ്ധനായ പ്രൊഫസർ ജെന്നി ഗ്രേവ്സ് വിശദീകരിക്കുന്നു.

മനുഷ്യർ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുമോ? പുതിയ മനുഷ്യ വര്‍ഗങ്ങള്‍ ഉണ്ടാകുമോ?

“Y ക്രോമസോം ചുരുങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ഈ കണ്ടെത്തൽ ഒരു ബദൽ സാധ്യതയെകൂടി വെളിപ്പെടുത്തുന്നു- മനുഷ്യർക്ക് ലിംഗഭേദം നിർണ്ണയിക്കുന്ന ഒരു പുതിയ ജീൻ വികസിപ്പിക്കാൻ കഴിയും, പക്ഷേ, അത് ഇപ്പോഴും അത്ര ലളിതമല്ലായിരിക്കാം” പ്രൊഫസർ ഗ്രേവ്സ് പറഞ്ഞു. . ഈ പരിണാമം ഇത് പ്രത്യേക മനുഷ്യ വർഗ്ഗങ്ങളുടെ ആവിർഭാവത്തിലേക്ക് നയിക്കാമെന്നും അപകടസാധ്യതകൾ നിറഞ്ഞതാണെന്നും പ്രൊഫസർ ഗ്രേവ്സ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ‘സെക്സ് ജീനുകളുടെ യുദ്ധ’ത്തിലേക്കായിരിക്കും ഇത് നയിക്കുക.