Oddly News

അംബാനി വിവാഹത്തിനെ കടത്തിവെട്ടുമോ അദാനി കല്ല്യാണം? ജീത്- ദിവ വിവാഹത്തില്‍ കോടികള്‍ ഒഴുകും

അടുത്തിടെ ഇന്ത്യയിൽ നടന്ന ഏറ്റവും ചിലവേറിയ വിവാഹങ്ങളില്‍ ഒന്ന് ആനന്ദ് അംബാനിയുടെയും രാധികയുടെയും ആയിരുന്നു. എന്നാല്‍ ഈ വിവാഹത്തിനെയും കടത്തി വെട്ടികൊണ്ട് ഒരു വിവാഹം ഇന്ത്യയില്‍ നടക്കുമോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നത്. മറ്റാരുടെയും അല്ല ശതകോടീശ്വരനായ ഗൗതം അദാനിയുടെ മകന്‍ ജീത് അദാനിയുടെ വിവാഹത്തിന്റെ തയ്യാറെടുപ്പുകളാണ് പുതിയചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നത്.

ഇതിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും മുന്നൊരുക്കങ്ങളെപ്പറ്റിയും ആഡംബര പരിപാടികളെപ്പറ്റിയും ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2023 മാര്‍ച്ച് 12 നാണ് ജീത് അദാനിയും ദിവ ജെയ്മിന്‍ ഷായും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ വച്ച് നടന്ന ചടങ്ങുകള്‍ വലിയ ആഡംബര പൂര്‍ണമായിരുന്നില്ല. അദാനി കുടുംബത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ഉണ്ടായിരുന്ന ലളിതമായ ഒരു ചടങ്ങായിരുന്നു.

2024 ഡിസംബറില്‍ ആരംഭിച്ച പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ ആ കുറവുകള്‍ പരിഹരിച്ചു. പരിപാടിയില്‍ 300 ഓളം ക്ഷണിക്കപ്പെട്ട അതിഥികളാണ് പങ്കെടുത്തത്. രാജ്യന്തരതലത്തിലുള്ള സംഗീതജ്ഞര്‍ പങ്കെടുത്ത ആര്‍ട്ടിസ്റ്റ് നൈറ്റുമടക്കം വിപുലമായ പരിപാടികളുണ്ടായിരുന്നു.

ഇറ്റലി ആയിരിക്കും വിവാഹ വേദി. ഹണി സിംഗും ട്രാവിസ് സകോട്ടും അടക്കം ലോകപ്രശസ്ത സംഗീതജ്ഞര്‍ ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടും.വിവാഹത്തില്‍ പങ്കെടുക്കുന്നവർക്ക് രാജകീയ വരവേല്‍പ്പ് നല്‍കാനാണ് അദാനിയുടെ തീരുമാനം. അതിഥികളെ വേദിയിലെത്തിക്കുന്നതിന് മാത്രമായി 1000ല്‍ പരം ആഡംബര കാറുകള്‍ തയാറായി കഴിഞ്ഞു.

58 രാജ്യങ്ങളില്‍ നിന്നുള്ള മുന്‍നിര ഷെഫുമാര്‍ ചേര്‍ന്നാണ് വിവാഹ ആഘോഷങ്ങള്‍ക്കായി വിരുന്നൊരുക്കുന്നത്. ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തുമെന്നും വാര്‍ത്തകൾ പ്രചരിക്കുന്നു. സെലീന ഗോമസ്, കെയ്‌ലി ജെന്നര്‍, സിഡ്‌നി സ്വീനി തുടങ്ങിയ താരങ്ങളും ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.