ചായപ്രേമികള്‍ക്ക് ചായ എപ്പോഴും ഒരു വികാരം തന്നെയാണ്. കുറഞ്ഞത് രാവിലെയും വൈകിട്ടും ഇവര്‍ ചായ പതിവാക്കാറുമുണ്ട്. തേയില ചായയും, പാല്‍ ചായയുമൊക്കെ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നും ചായ കുടിയ്ക്കുന്ന നമ്മള്‍ ലോകത്തിലെ ഏറ്റവും വില കൂടിയ തേയില ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?. ഉണ്ടാകാന്‍ സാധ്യത വളരെ കുറവ് തന്നെയാണ്.
കിലോയ്ക്ക് പത്ത് കോടി രൂപയുള്ള തേയില ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കാന്‍ സാധിയ്ക്കുമോ ?. ചൈനയിലെ ഫുജിയാനിലുള്ള ഡാ ഹോങ് പാവോ എന്നറിയപ്പെടുന്ന തേയിലയ്ക്കാണ് ഇത്രയധികം വിലയുള്ളത്. ഇപ്പോള്‍ ഇത്തരം 6 തേയിലച്ചെടികള്‍ മാത്രമാണുള്ളത്. ഇപ്പോള്‍ ഈ തേയിലച്ചെടികളില്‍ നിന്ന് ഇല പറിച്ച് തേയിലയുണ്ടാക്കാരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓര്‍ക്കിഡിന്റെ സുഗന്ധവും കുടിച്ചുകഴിഞ്ഞാല്‍ നീണ്ട നേരം നാക്കില്‍ നില നില്‍ക്കുന്ന രുചിയുമാണ് ഡാ ഹോങ് പാവോ തേയിലയ്ക്കുള്ളത്.
തേയില പോലെ തന്നെ ഇത്തരത്തില്‍ വില കൂടിയ പല വസ്തുക്കളും ഉണ്ട്. പ്രകൃതിദത്തമായ ചുവന്ന വജ്രങ്ങള്‍ അപൂര്‍വവും വില കൂടിയവയുമാണ്. ലോകത്തിലെ മിക്ക ചുവന്ന വജ്രങ്ങളും ഓസ്ട്രേലിയയിലെ ആര്‍ഗൈല്‍ ഖനിയില്‍ നിന്നാണ് ഖനനം ചെയ്തെടുക്കുന്നത്. ഈ ഖനി കഴിഞ്ഞ വര്‍ഷം എന്നെന്നേക്കുമായി പൂട്ടി. ഇതു മൂലം ചുവന്ന വജ്രങ്ങളുടെ വില പിന്നെയും കൂടി. ഒരു ഗ്രാം ഭാരമുള്ള ഒരു ചുവന്ന വജ്രത്തിന് 36 കോടിയോളം രൂപ ലഭിക്കും.
കലിഫോര്‍ണിയം, പ്ലൂട്ടോണിയം തുടങ്ങിയ റേര്‍ എര്‍ത്ത് മെറ്റല്‍ ഗ്രൂപ്പിലെ മൂലകങ്ങള്‍ക്ക് വില കൂടുതലാണ്. ഒരു ഗ്രാം പ്ലൂട്ടോണിയത്തിന് ഏകദേശം 3.5 ലക്ഷത്തോളം രൂപയാണ് വില. തിളക്കമാര്‍ന്ന നിറമുള്ള പാമ്പാണ് കോറല്‍ സ്നേക്. ഇതിന്റെ വിഷം ലോകത്തെ ഏറ്റവും മാരകമായ പാമ്പിന്‍വിഷങ്ങളില്‍ രണ്ടാം സ്ഥാനത്താണെന്നു പറയപ്പെടുന്നു. ഒരു ഗ്രാം കോറല്‍ സ്നേക് വിഷത്തിന് ഏകദേശം 2.8 ലക്ഷം രൂപയാണു വില.
അതുപോലെ തന്നെ, അഗര്‍വുഡ് എന്നൊരു മരത്തടിയുണ്ട്. ദൈവങ്ങളുടെ മരത്തടി എന്നാണ് ഇത് അറിയപ്പെടുന്നത്. അഖ്വിലേറിയ എന്നറിയപ്പെടുന്ന ചില പ്രത്യേക മരങ്ങളില്‍ ഫിയലോഫോറ പാരസിറ്റിക എന്ന പൂപ്പല്‍ ബാധിക്കുമ്പോഴാണ് അഗര്‍വുഡ് ഉണ്ടാകുന്നത്. ഇതില്‍ നിന്ന് അതീവ സുഖകരമായ ഒരു ഗന്ധം കിട്ടും. ഒരു കിലോയ്ക്ക് 72 ലക്ഷം രൂപ വരെ വിലയാണ് അഗര്‍വുഡിനുള്ളത്.