പുതുവർഷത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന അർദ്ധരാത്രിയിൽ, സ്പെയിൻകാർ ക്ലോക്കിലെ ഓരോ മണിമുഴക്കത്തിനും ഒന്നു വീതം ആകെ 12 മുന്തിരികൾ കഴിക്കുന്നു. വരാനിരിക്കുന്ന വർഷത്തിലെ ഓരോ മാസത്തെയും ഓരോ മുന്തിരി പ്രതിനിധീകരിക്കുന്നു. നിശ്ചിത സമയത്തിനുള്ളിൽ ഈ വെല്ലുവിളി പൂർത്തിയാക്കിയാൽ വരും വർഷത്തെ 12 മാസവും ഭാഗ്യവും സന്തോഷവും ഐശ്വര്യവും വിജയവും തേടിയെത്തുമെന്നാണ് ഇവരുടെ വിശ്വാസം.
മഡ്രിഡിലെ പ്രശസ്തമായ ‘പ്യൂർട്ട ഡെൽ സോളി’ൽ (Puerta del Sol) നിന്നുള്ള തത്സമയ ടെലിവിഷൻ സംപ്രേക്ഷണം കണ്ടുകൊണ്ടാണ് ആയിരക്കണക്കിന് ആളുകൾ ഒരേസമയം ഈ ചടങ്ങിൽ പങ്കുചേരുന്നത്.
ഓരോ മുന്തിരിയുടെയും പ്രാധാന്യം
കാലക്രമേണ, മുന്തിരികൾ വെറും ഭാഗ്യചിഹ്നങ്ങൾ എന്നതിലുപരി വ്യക്തിപരമായ ആഗ്രഹങ്ങളുടെ അടയാളമായി മാറി. ആരോഗ്യം, സ്നേഹം, സമ്പത്ത്, കരിയറിലെ വളർച്ച, മാനസിക സന്തോഷം എന്നിവയുമായി ബന്ധപ്പെട്ടാണ് പലരും ഇതിനെ കാണുന്നത്. ഓരോ മുന്തിരി കഴിക്കുമ്പോഴും ഓരോ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് അത് യാഥാർത്ഥ്യമാകാൻ സഹായിക്കുമെന്ന് (Manifestation) പലരും വിശ്വസിക്കുന്നു.
ഈ ആചാരം എങ്ങനെ തുടങ്ങി?
സോഷ്യൽ മീഡിയയിൽ ഇന്ന് ഈ ട്രെൻഡ് വൈറലാണെങ്കിലും, ഇതിന് 19-ാം നൂറ്റാണ്ട് മുതലുള്ള പഴക്കമുണ്ട്. ഫ്രഞ്ച് പുതുവത്സര ആഘോഷങ്ങളിൽ മുന്തിരിയും ഷാംപെയ്നും ഉപയോഗിക്കുന്നത് കണ്ട് ആവേശഭരിതരായ മഡ്രിഡിലെ സമ്പന്ന കുടുംബങ്ങളാണ് ഈ രീതിക്ക് തുടക്കമിട്ടത്.
എന്നാൽ 1900-കളുടെ തുടക്കത്തിൽ അലികാന്റെയിലെ (Alicante) കർഷകർക്ക് മുന്തിരി കൃഷിയിൽ വൻ ലാഭം ലഭിക്കുകയും ഉൽപ്പന്നം മിച്ചം വരികയും ചെയ്തു. വിൽപന വർധിപ്പിക്കാനായി അവർ ’12 ഭാഗ്യ മുന്തിരികൾ’ എന്ന ആശയം പ്രചരിപ്പിക്കുകയും വൈകാതെ അതൊരു ദേശീയ ആചാരമായി മാറുകയും ചെയ്തു.
ആധുനിക മാറ്റങ്ങളും സോഷ്യൽ മീഡിയ ട്രെൻഡുകളും
സമീപകാലത്ത്, മേശയ്ക്ക് താഴെയിരുന്ന് മുന്തിരി കഴിക്കുന്നത് പ്രണയത്തിൽ ഭാഗ്യം നൽകുമെന്ന രീതിയിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് ഇന്റർനെറ്റിൽ ഉണ്ടായ ഒരു പുതിയ പ്രവണത മാത്രമാണ്, യഥാർത്ഥ ആചാരത്തിന്റെ ഭാഗമല്ല.
സമയക്രമം പാലിക്കാൻ എളുപ്പത്തിനായി തൊലിയും കുരുവും കളഞ്ഞ മുന്തിരികൾ അടങ്ങിയ ‘ലക്കി ഗ്രേപ്പ്’ ടിന്നുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഒരു നൂറ്റാണ്ടിലേറെയായി സ്പെയിൻകാരുടെ ജീവിതത്തിന്റെ ഭാഗമായ ഈ ആചാരം വിശ്വാസത്തിന്റെയോ വിനോദത്തിന്റെയോ ഭാഗമായാലും, പുതുവർഷത്തെ പ്രത്യാശയോടെ വരവേൽക്കാൻ അവരെ സഹായിക്കുന്നു.




