Movie News

ലിപ്‌ലോക്കെന്ന് സൂചന, നിതിന്‍ നായകനായ സിനിമ കീര്‍ത്തി സുരേഷ് തള്ളി; കല്‍ക്കിയില്‍ ശബ്ദസാന്നിദ്ധ്യം

ഇന്ത്യയില്‍ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നിലേക്കാണ് പ്രഭാസ് നായകനായ ‘കല്‍ക്കി 2898 എഡി’ നീങ്ങുന്നത്. ചിത്രത്തിന്റെ പല വശങ്ങളും പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന തിരക്കിലാണ്. ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ ഒന്നടങ്കം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍, ചിത്രത്തില്‍ പ്രത്യക്ഷപ്പെടാതെ തന്നെ നടി കീര്‍ത്തി സുരേഷും ഏറെ പ്രശംസ നേടുകയാണ്.

സിനിമയില്‍ രൂപംകൊണ്ടല്ല ശബ്ദം കൊണ്ടാണ് കീര്‍ത്തി തിളങ്ങിയത്. ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രമായ ഭൈരവയുടെ ഉടമസ്ഥതയിലുള്ള വാഹനമായ എഐയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍കാര്‍ ബുജ്ജിക്ക് കീര്‍ത്തി സുരേഷാണ് ശബ്ദം നല്‍കിയത്. ചിത്രം വന്‍ കുതിപ്പ് നടത്തുമ്പോള്‍ കീര്‍ത്തിസുരേഷിന്റെ ശബ്ദ സാന്നിദ്ധ്യവും ആരാധകര്‍ തെരഞ്ഞ് കണ്ടുപിടിക്കുകയാണ്. അതിനിടയില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ തിരക്ക് പിടിച്ചോടുന്ന നടി അടുത്തിടെ നിതിന്‍ നായകനാകുന്ന സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

തിരക്കഥയില്‍ ലിപ്-ലോക്ക് സീന്‍ ഉള്‍പ്പെടുത്തിയതിനാലാണ് നടി സിനിമ നിരസിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം തെലുങ്കിലെ മുന്‍നിര യുവനായകനൊപ്പം അഭിനയിക്കാന്‍ താരം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ലിപ് ലോക്ക് സീന്‍ കാരണം അവസരം ഉപേക്ഷിച്ചു എന്ന് നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു. മാത്രമല്ല. ഇന്റിമേറ്റ് സീനുകളോട് നടി മിക്കവാറും നോ പറയാറാണ് പതിവ്. കീര്‍ത്തി സുരേഷ് താന്‍ അഭിനയിച്ചിട്ടുള്ള ഒരു സിനിമകളിലും ഇന്റിമേറ്റ് സീന്‍ ചെയ്തിട്ടില്ല.

ചിത്രത്തിന്റെ പേര് അറിവായിട്ടില്ല. അതിനിടയില്‍ ഹിന്ദിയിലും അരങ്ങേറാന്‍ ഒരുങ്ങുകയാണ് കീര്‍ത്തി. അറ്റ്ലിയുടെ തെറിയുടെ റീമേക്കായ വരുണ്‍ ധവാന്‍ നായകനാകുന്ന ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡില്‍ എത്തും.