Celebrity

എന്തുകൊണ്ടാണ് അടുത്ത സിനിമ ഇത്രയും വൈകുന്നത്? ‘പോത്തേട്ടൻ ബ്രില്ല്യൻസി’നെപ്പറ്റി ദിലീഷ് പോത്തൻ

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം.’ സിനിമ ഇറങ്ങിയതിന് ശേഷം സിനിമയിലെ ബ്രില്ല്യൻസുകള്‍ ‘പോത്തേട്ടൻ ബ്രില്ല്യൻസ്’ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചർച്ചയായിരുന്നു. പിന്നീട് ഇങ്ങോട്ട് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സിനിമകൾക്ക് നിറഞ്ഞ കൈയടിയാണ് പ്രേക്ഷകർ നൽകിയിട്ടുള്ളത്.
സംവിധാനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്നത് മഹേഷിന്റെ പ്രതികാരത്തിലെ ദിലീഷ് പോത്തൻ അവതരിപ്പിച്ച എല്‍ദോച്ചായൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് മനസിലായതാണ്. അതിനു ശേഷം മികച്ച ഒരുപാട് കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു.

ഇനിയിപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു കള്ളന്റെ കഥ പറയുന്ന ‘മനസാ വാചാ’ എന്ന മുഴുനീള കോമഡി എന്റര്‍ടൈനറാണ്. ദിലീഷ് പോത്തനാണ് നായക കഥാപാത്രമായ ധാരാവി ദിനേശിനെ അവതരിപ്പിക്കുന്നത്. ഒരു കംപ്ലീറ്റ് കോമഡി ചിത്രത്തില്‍ ഉടനീളം നര്‍മ്മം കലര്‍ന്നൊരു കഥാപാത്രമായ് ദിലീഷ് പോത്തന്‍ ആദ്യമായാണ് വേഷമിടുമ്പോൾ തസ്‌കരവീരന്‍ ധാരാവി ദിനേശും കൂട്ടരുമാണ് പ്രേക്ഷകരെ ആസ്വദിപ്പിക്കുമെന്നുള്ളത് ഉറപ്പ്. സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് താരമിപ്പോൾ.

ഇപ്പോഴിതാ സിനിമ സംവിധാനത്തിൽ ബ്രേക്ക്‌ എടുക്കുന്നതിനെക്കുറിച്ചു ദിലീഷ് പോത്തൻ പറയുന്ന മറുപടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
പോത്തേട്ടൻ ബ്രില്ല്യൻസ് എന്നത് വന്നു കഴിഞ്ഞത് കൊണ്ടാണോ അതല്ലെങ്കിൽ പ്രേക്ഷകർക്ക് ആ എക്സ്‌പെക്റ്റേഷൻ ഉള്ളത് കൊണ്ടാണോ സംവിധാനത്തെ വൈകിപ്പിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിനാണ് ദിലീഷ് പോത്തൻ മറുപടി പറഞ്ഞത്. “ചെറുതായിട്ടൊക്കെ ഉണ്ടാകും. വലിയ കാര്യമിട്ടൊന്നും ഇല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്തായാലും മറ്റുള്ളവർക്ക് നമ്മളോടുള്ളതല്ല, നമുക്ക് നമ്മളോട് തന്നെയുള്ള ഒരു എക്സ്‌പെക്റ്റേഷൻ ഇല്ലേ, അതാണ് കാര്യം. അടുത്ത ഒരു സിനിമ ചെയ്യുമ്പോൾ എന്നെ ത്രിൽ അടിപ്പിക്കുന്നതായി അതിൽ എന്താണ് ഉണ്ടാവുക എന്നൊരു സംഭവം ഉണ്ടല്ലോ. അതാണ് ഒരുപക്ഷെ ഇത്രയും വൈകിപ്പിക്കുന്നത്. കഴിഞ്ഞ സിനിമകളുടെ വിജയം അല്പം പ്രഷർ ഒക്കെ തരാറുണ്ട്. അതുകൊണ്ട് ഇനിയും വരുന്ന സിനിമകൾ നല്ലതാക്കണം എന്നൊരു ചിന്തയുണ്ട്. ആവറേജ് സിനിമ ചെയ്താൽ പോലും ആളുകൾ മോശമാണെന്നു പറയും എന്നൊരു ടെൻഷൻ ഉണ്ട്. ആ ഒരു പ്രഷർ ഉണ്ടാകും. എങ്കിലും നമ്മളെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന ഒരു പ്ലോട്ട് പോയിന്റിലേക്ക് എത്തുക എന്നതാണ് സംവിധാനം വൈകാനുള്ള പ്രധാന കാരണം.

ഭയങ്കരമായി തിരക്ക് പിടിക്കാറില്ല, 2021 ലാണ് ജോജി ചെയ്തത്. ഒരു വർഷമെടുത്തു അതിൽ നിന്നു പുറത്തു വരാൻ. എനിക്കങ്ങനെ സമയം എടുക്കാറുണ്ട്. ഒരുപാട് സിനിമകൾ ചെയ്യണമെന്നില്ല, ഇന്റെരെസ്റ്റിംഗ് ആയ കുറച്ചു സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം….” ദിലീഷ് പോത്തൻ പറയുന്നു.

ഫഹദിനൊപ്പം റിപ്പീറ്റായി സിനിമകൾ ചെയ്തതിനെക്കുറിച്ചും ദിലീഷ് സംസാരിക്കുന്നുണ്ട്. “ഞാനും ഫഹദും ഒരുമിച്ചു വരുന്നത് കൊണ്ട് അങ്ങനെ വലിയ കുഴപ്പങ്ങൾ വന്നിട്ടില്ല, അത് സ്വഭാവികമായി വന്നതാണ്. ആദ്യത്തെ രണ്ടു സിനിമകളും യാദൃശ്ചികമായി സംഭവിച്ചതാണ്. ജോജി പിന്നെ ഫഹദ് വേണമെന്ന് വച്ചു ചെയ്തതാണ്. രണ്ടു മൂന്ന് സിനിമകളിൽ വന്നു എന്നതിന്റെ പേരിൽ ബോധപൂർവ്വം ഒരാളെ സിനിമയിൽ നിന്നും മാറ്റി നിർത്തേണ്ട കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്.