Healthy Food

പ്രാതലിനൊപ്പവും പപ്പായ; കഴിച്ചോളൂ ഗുണങ്ങള്‍ ഏറെ, രോഗങ്ങള്‍ ചെറുക്കാം

പച്ച പപ്പായയും പഴുത്ത പപ്പായയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പപ്പായ വിവിധ ഭാവത്തില്‍ നമ്മുടെ തീന്‍മേശയിലെത്തുന്നുണ്ട്. തോരനായും കറിയായും പപ്പായ മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്. കേരളത്തി ല്‍ വിവിധ ദേശങ്ങളില്‍ പപ്പായയ്ക്ക് പല പേരുകളാണ്. ഇതിന്റെ ഗുണങ്ങളാകട്ടെ എണ്ണിയാലൊടുങ്ങാത്തതാണ്…

വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്കും ഡയറ്റ് പിന്തുടരുന്നവര്‍ക്കും ഏറെ ഗുണപ്രദമാണ് പഴമായും പച്ചക്കറിയായും ഉപയോഗിക്കുന്ന പപ്പായ. വിറ്റാമിനുകള്‍, ധാതുക്കള്‍,ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍ ഇവയെല്ലാം പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം മുഖത്തിന്റെ തിളക്കം നിലനിര്‍ത്താനും പപ്പായ സഹായിക്കുന്നുണ്ട്.

പ്രകൃതിദത്തമായ പഞ്ചസാരയും പോഷകങ്ങളും ധാതുക്കളും നിറ‍ഞ്ഞ പപ്പായ വെറുംവയറ്റിലും കഴിക്കാവുന്നതാണ്. ഉണര്‍വും ഊര്ജവും പ്രദാനം ചെയ്യുന്ന പപ്പായ പ്രഭാതഭക്ഷണത്തോടൊപ്പം കഴിക്കുന്നതും നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളെല്ലാം അകറ്റാന്‍ ഒരു അസ്സല്‍ മരുന്ന് കൂടിയാണ് പപ്പായ. ഭക്ഷണം കഴിച്ച് രണ്ടുമൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പപ്പായ കഴിച്ചാൽ വേറെയും ഗുണങ്ങളുണ്ട്. ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന വിഷമുക്തമാക്കൽ പ്രക്രിയയെ പപ്പായ സഹായിക്കും . ശരീരത്തിനകത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുദ്ധിയാക്കാനും പപ്പായയ്ക്ക് സാധിക്കും.

പപ്പായയുടെ മറ്റുഗുണങ്ങള്‍:

പപ്പായകൊണ്ടുതയാറാക്കുന്ന ഫേസ്പാക്കുകളില്‍ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങള്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നവയാണ്.

തലമുടിയുടെ ആരോഗ്യത്തിനും സരക്ഷയ്ക്കും പപ്പായ ഗുണപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

പപ്പായ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ഗുണം ഇതിലടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ദഹനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു എന്നതാണ്. അതുകൊണ്ട് പപ്പായകൊണ്ടുളള വിഭവങ്ങളോ പഴുത്ത പപ്പായയോ ധാരാളമായി ഉപയോഗിക്കാം.

പപ്പായയിലെ ഫൈബറുകള്‍ കുടലിലെ ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്നു. അതുപോലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പപ്പായ ഗുണപ്രദമാണ്. പ്രമേഹം ഹൃദയരോഗങ്ങള്‍ എന്നിവയെ തടയുന്നതിനും പപ്പായ സഹായിക്കുന്നു.

പപ്പായയിലെ പൊട്ടാസ്യം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്. പൊട്ടാസ്യം സ്‌ട്രോക്ക് വരാതെ ശരീരത്തെ സംരക്ഷിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപെയിന്‍, കൈമോപാപെയിന്‍ തുടങ്ങിയ എന്‍സൈമുകള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നിവ മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കും.

ബീറ്റകരോട്ടിന്‍ വായ, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ തടയാന്‍ സഹായിക്കും. സിയാക്‌സാന്തിന്‍, ക്രിപ്‌റ്റോക്‌സാന്തിന്‍, ല്യൂട്ടിന്‍ തുടങ്ങിയവ ശരീരത്തെ ആരോഗ്യ ത്തോടെ നിലനിര്‍ത്തുന്നു..