പല്ല് തേക്കുന്നത് നമ്മുടെ ദിനചര്യയുടെ ഭാഗമാണ്. ദിവസവും രണ്ടുതവണ ബ്രഷ് ചെയ്യുന്നത് ആരോഗ്യകരമായ പുഞ്ചിരിക്ക് പ്രധാനമാണെന്ന് ചെറുപ്പം മുതലേ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ ഇത് അത്ര ലളിതമാണോ? പ്ലാക്ക് നീക്കം ചെയ്യാനും പോടുകൾ തടയാനും ദന്താരോഗ്യം നിലനിർത്താനും പതിവായുള്ള ബ്രഷിംഗ് അത്യാവശ്യമാണെങ്കിലും, ഇതിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ദിവസവും രണ്ടുതവണ ബ്രഷ് ചെയ്യുന്നത് നമ്മൾ കരുതുന്നത്ര ഫലപ്രദമാകണമെന്നില്ല. ഇത് ശരിയായ രീതിയിൽ ചെയ്താൽ മാത്രമേ പ്രയോജനകരമാകൂ. അമിതമായി ബ്രഷ് ചെയ്യുന്നതോ ശരിയായ രീതിയിലല്ലാതെ ചെയ്യുന്നതോ നിങ്ങളുടെ മോണകൾക്ക് ദോഷം വരുത്തും. “നിങ്ങളുടെ മോണകളിൽ നിന്ന് രക്തം വരികയോ വീങ്ങുകയോ ചെയ്താൽ, നിങ്ങൾ കൂടുതൽ നന്നായി ബ്രഷ് ചെയ്യേണ്ടതിന്റെ സൂചനയാണത്,” ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡെന്റിസ്ട്രിയിലെ ഡോ. പ്രവീൺ ശർമ്മ ബിബിസിയോട് പറഞ്ഞു.”
സമയം കിട്ടുമെങ്കിൽ, ദിവസവും രണ്ടുതവണ ശരിയായി ബ്രഷ് ചെയ്യുക, എന്നാൽ ഒരിക്കൽ നന്നായി ചെയ്യുന്നതും ഒരിക്കൽ രണ്ട് മിനിറ്റ് വേഗത്തിൽ ചെയ്യുന്നതുമാണ് കൂടുതൽ നല്ലത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസവും ഒരു തവണ മാത്രമേ ബ്രഷ് ചെയ്യാനും ഫ്ലോസ് ചെയ്യാനും കഴിയൂ എങ്കിൽ അത് വൈകുന്നേരം ചെയ്യുന്നതാണ് നല്ലതെന്ന് ഡോ. ശർമ്മ പറയുന്നു. ബ്രഷ് ചെയ്യേണ്ട രീതിയെക്കുറിച്ച് പറയുകയാണെങ്കിൽ, വളരെയധികം മർദ്ദം ചെലുത്താതെ ഓരോ പല്ലിന്റെയും പുറംഭാഗം, കടിക്കുന്ന പ്രതലം, അകത്തെ പ്രതലം എന്നിവയെല്ലാം കവർ ചെയ്യുന്നതിനായി ചെറിയ വൃത്താകൃതിയിലുള്ള ചലനങ്ങൾ ഉപയോഗിക്കുക. മോണയും പല്ലും ചേരുന്ന ഭാഗത്ത് പ്രത്യേക ശ്രദ്ധ നൽകുക, കൂടാതെ മറ്റ് ജോലികളിൽ ശ്രദ്ധിക്കാതെ ശ്രദ്ധയോടെ ബ്രഷ് ചെയ്യുക. ബ്രഷ് ചെയ്യുന്നതിനിടെ ബ്രഷിന്റെ bristles (നാരുകൾ) ഉണ്ടാക്കുന്ന സംവേദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
വിദഗ്ദ്ധൻ പങ്കുവെച്ച മറ്റ് ദന്ത ശുചിത്വ നുറുങ്ങുകൾ:
പ്രാതലിന് മുമ്പ് ബ്രഷ് ചെയ്യുക
“സാധാരണയായി, പ്രാതലിന് മുമ്പ് ബ്രഷ് ചെയ്യുക. അമ്ലാംശം (acidity) ഉള്ള എന്തെങ്കിലും കഴിച്ചതിന് ശേഷം നിങ്ങൾക്കത് ചെയ്യേണ്ടതില്ല,” ഡോ. ശർമ്മ പറഞ്ഞു. ഭക്ഷണങ്ങളിലും പാനീയങ്ങളിലുമുള്ള ആസിഡുകൾ പല്ലിന്റെ ഇനാമലിനെ മൃദുവാക്കുകയും ബ്രഷിംഗ് വഴി അത് എളുപ്പത്തിൽ ഇല്ലാതാവുകയും ചെയ്യും. കേടുപാടുകൾ കുറയ്ക്കുന്നതിന്, ഭക്ഷണം കഴിച്ച ശേഷം വെള്ളം ഉപയോഗിച്ച് വായ കഴുകുകയും ബ്രഷ് ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരിക്കുകയും ചെയ്യുക.
ബ്രഷ് ചെയ്ത ശേഷം വായ കഴുകരുത്
ബ്രഷ് ചെയ്ത ശേഷം വെള്ളം ഉപയോഗിച്ച് വായ കഴുകുന്നത് ഒഴിവാക്കുക, കാരണം ഇത് ടൂത്ത് പേസ്റ്റിലെ ഗാഢമായ ഫ്ലൂറൈഡിനെ കഴുകിക്കളയും. പകരം, അധികമുള്ള ടൂത്ത് പേസ്റ്റ് തുപ്പിക്കളയുക, അങ്ങനെ ഫ്ലൂറൈഡ് പല്ലുകളെ സംരക്ഷിക്കുന്നത് തുടരട്ടെ. കഴുകണമെങ്കിൽ മൗത്ത് വാഷ് ഉപയോഗിക്കുക.
വില കൂടിയ ടൂത്ത് പേസ്റ്റ് കൊണ്ട് വ്യത്യാസമില്ല
വെളുപ്പിക്കുന്ന, കരി അടങ്ങിയ, ഇനാമൽ വർദ്ധിപ്പിക്കുന്ന പേസ്റ്റുകൾ എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ വിപണിയിൽ ലഭ്യമായതിനാൽ, ആരോഗ്യകരമായ പുഞ്ചിരിക്കായി പ്രീമിയം ഉൽപ്പന്നങ്ങൾക്കായി പണം ചെലവഴിക്കാൻ നമ്മൾ പ്രേരിപ്പിക്കപ്പെടാം. എന്നാല്‍, ടൂത്ത് പേസ്റ്റിന്റെ തരം നമ്മൾ കരുതുന്നത്ര പ്രധാനമല്ലെന്ന് ഡോ. ശർമ്മ പറയുന്നു. അതിൽ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങൾ തിരഞ്ഞെടുക്കുന്ന ബ്രാൻഡ് ഏതാണ് എന്നതിൽ വലിയ കാര്യമില്ല.
ശരിയായ ബ്രഷിംഗ് ശീലങ്ങളും സാങ്കേതിക വിദ്യകളും സ്വീകരിക്കുന്നതിലൂടെ, അമിതമാകാതെ നിങ്ങൾക്ക് നിങ്ങളുടെ പല്ലുകളെ ഫലപ്രദമായി സംരക്ഷിക്കാൻ കഴിയും.




