Sports

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ശമ്പളമുള്ള താരമാരെന്ന് അറിയാമോ?

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരും പണം വാരിയെറിയുന്നതുമായ ഫുട്‌ബോള്‍ലീഗാണ് ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ്. ആഴ്‌സണല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവിടങ്ങളില്‍ കളിക്കുന്ന താരങ്ങളെല്ലാം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വമ്പന്‍ കളിക്കാരാണ്.പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്കായി വാണിജ്യ ഇടപാടുകളും വരുമാന മാര്‍ഗ്ഗങ്ങളും കുതിച്ചുയരുന്നത് തുടരുന്നതിനാല്‍, കഴിഞ്ഞ ദശകത്തില്‍ വേതനത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് കളിക്കാര്‍ക്ക് ഉണ്ടായത്.

കണക്കുകള്‍ ഉപയോഗിച്ച്, 2023-24ല്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം താരം കെവിന്‍ ഡിബ്രൂയ്‌നെയാണ്. 400,000 പൗണ്ടാണ് താരത്തിന്റെ ശമ്പളം. പരിക്ക് കാരണം ഈ സീസണില്‍ കളത്തിന് പുറത്തിരിക്കുന്ന താരം സീസണിന്റെ രണ്ടാം പകുതിയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഡെബ്രൂയന്റെ സഹതാരവും പ്രീമിയര്‍ ലീഗില്‍ ഗോളടിച്ചു കൂട്ടുകയും ചെയ്യുന്ന ഡെന്മാര്‍ക്ക് താരം എര്‍ലിന്‍ ഹാളണ്ടാണ് രണ്ടാമത്. 375,000 പൗണ്ടാണ് താരത്തിന്റെ ശമ്പളം. ഓരോ ഗോളിനും ബോണസ് തുക താരത്തിന് കിട്ടുന്നതിനാല്‍ കഴിഞ്ഞ സീസണില്‍ അടിച്ചു കൂട്ടിയ 52-ഗോള്‍ കാമ്പെയ്നിന്റെ പിന്‍ബലത്തില്‍ കഴിഞ്ഞ സീസണില്‍ അദ്ദേഹം എത്രമാത്രം സമ്പാദിച്ചുവെന്ന് ഊഹിക്കാന്‍ പോലും വയ്യ.

കഴിഞ്ഞ സീസണില്‍ മാന്‍ സിറ്റിയെ റെക്കോര്‍ഡ് ബ്രേക്കിംഗ് ട്രെബിളിലേക്ക് നയിക്കാന്‍ പോലും താരത്തിനായി. 350,000 പൗണ്ട് വാങ്ങുന്ന മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ബ്രസീലിയന്‍ താരം കാസിമിറോ, അത്രയും തന്നെ വാങ്ങുന്ന ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മൊഹമ്മദ് സല, 340,000 പൗണ്ട് വാങ്ങുന്ന യുണൈറ്റഡിന്റെ റാഫേല്‍ വരാനേ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പ്രതിഫലക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവര്‍.