Crime

ആരാണ് ഋഷി ഷായും ശ്രദ്ധ അഗർവാളും? ഒരു ബില്യൺ ഡോളറി​ന്റെ തട്ടിപ്പുകേസില്‍ ​‍ശിക്ഷ

ഷിക്കാഗോ: ഒരു ബില്യൺ ഡോളറി​ന്റെ കോര്‍പ്പറേറ്റ് തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ വ്യവസായിക്ക് ഏഴര വര്‍ഷം തടവ് ശിക്ഷ.
അമേരിക്കയി​ലെ ഹെല്‍ത്ത് കെയര്‍ കമ്പനിയായ ‘ഔട്ട്കം ഹെല്‍ത്തി’ ന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ 38 കാരൻ ഋഷി ഷായ്ക്കാണ് യുഎസ്. കോടതിയുടെ ശിക്ഷ.

കൂട്ടുപ്രതികളായ കമ്പനിയുടെ മുൻ പ്രസിഡന്റ് ശ്രദ്ധാ അഗർവാളിന് (38) മൂന്ന് വർഷത്തെ തടവ് ശിക്ഷയും കമ്പനി സി.ഒ.ഒ. ബ്രാഡ് പര്‍ഡിയയ്ക്ക് രണ്ടുവര്‍ഷത്തെ തടവും കോടതി വിധിച്ചു. ഗോള്‍ഡ്മാന്‍ സാക്‌സ്, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് തുടങ്ങിയ വന്‍കിടകമ്പനികളാണ് ഔട്ട്കം ഹെല്‍ത്തില്‍ നിക്ഷേപം നടത്തിയിരുന്നത്.

അമേരിക്കയിലേയ്ക്ക് കുടിയേറിയ ഒരു ഇന്ത്യൻ ഡോക്ടറുടെ മകനായ ഷാ, ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ഇതിനിടെയാണ് അദ്ദേഹം ശ്രദ്ധാ അഗർവാളിനെ കണ്ടുമുട്ടുന്നത്. ഇരുവരും ചേർന്ന് 2006-ൽ കോൺടെക്‌സ്‌റ്റ് മീഡിയ സ്ഥാപിച്ചു.

ഒരു ദശാബ്ദത്തിന് ശേഷം അവർ ആക്‌സന്റ് ഹെൽത്ത് സ്വന്തമാക്കുകയും പുതിയ സ്ഥാപനത്തിന്റെ പേര് ഔട്ട്‌കം ഹെൽത്ത് എന്ന് മാറ്റുകയും ചെയ്തു. യുഎസിലുടനീളമുള്ള ഡോക്ടർമാരുടെ ഓഫീസുകളിൽ രോഗികളെ ലക്ഷ്യംവച്ചുള്ള ആരോഗ്യ പരസ്യങ്ങളാണ് ഈ കമ്പനി നല്‍കുന്നത്. ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും ഡോക്ടര്‍മാരുടെ പരിശോധന മുറിയിലും ടിവി സ്‌ക്രീനുകളിലൂടെയും ടാബ്‌ലെറ്റുകളിലൂടെയും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നല്‍കുക എന്നതായിരുന്നു ഷായുടെ കമ്പനിയുടെ ബിസിനസ്. ഫാർമ കമ്പനികൾക്ക് ഈ പരസ്യ സ്ലോട്ടുകൾ കമ്പനി വിൽക്കുന്നു. ഒടുവിൽ, ഈ രംഗത്തെ ഒരു പ്രമുഖനായി ഷാ മാറി.

കുറ്റവാളികൾ കമ്പനിയുടെ ഉടമസ്ഥതയിലല്ലാത്ത പരസ്യ സ്ളോട്ടുകളും ഇടപാടുകാർക്ക് വിറ്റുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 2011 നും 2017 നും ഇടയിൽ 45 മില്യൺ ഡോളറിന്റെ ബില്ലുകളിലാണ് കൃത്രിമം നടന്നത്. ചിക്കാഗോയുടെ വടക്ക് ഭാഗത്തുള്ള ഷായുടെ 8 മില്യൺ ഡോളർ മാൻഷൻ അധികാരികൾ പിടിച്ചെടുക്കും.