Healthy Food

ഉള്ളി പച്ചയ്ക്ക് കഴിക്കുന്നതാണോ വേവിച്ച് കഴിക്കുന്നതാണോ നല്ലത്? അത്ര നിസാരക്കാരനല്ല ഉള്ളി !

ഉള്ളി എല്ലാ കറികളിലും പ്രധാനിയാണ്. മഞ്ഞ, വെള്ള, ചുവപ്പ് തുടങ്ങിയ പല നിറങ്ങളില്‍ ഉള്ളി ലഭിക്കും. ആരോഗ്യകരമായ പല സംയുക്തങ്ങളും അതില്‍ ഉണ്ട്. വേവിച്ച് കഴിക്കുന്നതിന് പകരമായി സാലഡിലും മറ്റും ചേര്‍ത്ത് പച്ചയ്ക്കും ഉള്ളി കഴിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ വേവിച്ച ഉള്ളിയെക്കാള്‍ പോഷകം നിലനിര്‍ത്താനായി സാധിക്കും.

ചിലര്‍ക്ക് പച്ച ഉള്ളിയുടെ ഗന്ധം ഇഷ്ടപ്പെട്ടെന്ന് വരില്ല. പച്ച ഉള്ളി കഴിക്കുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സിയുടെ ഉറവിടമാണ് പച്ചഉള്ളി. ശരീരത്തിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ബാക്ടീരിയ, വൈറസ് എന്നിവയില്‍ നിന്നും ശരീരത്തിനെ സംരക്ഷിക്കുന്നു. വെളുത്ത രക്താണുക്കളെ ഉത്പാദിപ്പിക്കാനും സഹായിക്കും.

ഉള്ളിയില്‍ ക്വെര്‍സെറ്റിന്‍, ആന്തോസയാനിനുകള്‍ തുടങ്ങിയ ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ആന്റി ഒക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. ദോഷകരമായ ഫ്രീ റാഡിക്കളുകളെ നിര്‍വീര്യമാക്കാനും ഓക്‌സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കുന്നതിനും ഹൃദ്രോഹം ,കാന്‍സര്‍ എന്നിവ അകറ്റാനും സഹായിക്കും.

പച്ച ഉള്ളിയില്‍ കാലറി കുറവാണ്. നാരുകളും കൂടുതലുണ്ട്. ശരീരഭാരം കുറയ്ക്കാനായി ഇത് സഹായിക്കും. ഈ നാരുകള്‍ വയറു നിറയ്ക്കാനും സംതൃപ്തി നല്‍കാനും സഹായിക്കുന്നു.

ഉള്ളിയില്‍ അലിസിന്‍ പോലുള്ള ഓര്‍ഗാനോസള്‍ഫര്‍ സംയുക്തങ്ങള്‍ അടങ്ങിയതിനാല്‍ കൊളസ്‌ട്രോള്‍ നിലയും രക്തസമ്മര്‍ദവും കുറയ്ക്കാനായി സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കുന്നു. അത് വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പച്ച ഉള്ളിയിലെ നാരുകള്‍ ശരിയായി ദഹനത്തിനും ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും സഹായിക്കും. ഈ നാരുകള്‍ പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുകയും മലബന്ധം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം തുടങ്ങിയ രോഗങ്ങളെ തടയുയും ചെയ്യുന്നു.

ഉള്ളിയിലുള്ള ക്വെര്‍സെറ്റനും മറ്റ് സള്‍ഫര്‍ സംയുക്തങ്ങളും വീക്കവും തടയാനായി സഹായിക്കും.അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താനും ഓസ്റ്റിയോപൊറോസിസ് തടയാനും സഹായിക്കുന്നു.

പച്ച ഉള്ളി അമിതമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കും വായ്‌നാറ്റത്തിനും കാരണമാകുന്നുവെന്നത് ശ്രദ്ധികേണ്ടതാണ്. നിങ്ങള്‍ക്ക് പാത്രങ്ങളിലുണ്ടാകുന്ന ഉള്ളിയുടെ ഗന്ധം അകറ്റുകയും വൃത്തിയോടെ സൂക്ഷിക്കുകയും ചെയ്യാനും വഴികളുണ്ട്.

ഉള്ളി അരിഞ്ഞ് വെച്ച പാത്രത്തില്‍ വെള്ള മൊഴിച്ചതിന് ശേഷം കുറച്ച് ബേക്കിങ് സോഡ തൂവിക്കൊടുക്കാം. കുറച്ച് സമയത്തിന് ശേഷം കഴുകിയെടുക്കാം.അല്ലെങ്കില്‍ ഉപയോഗിച്ച പാത്രത്തില്‍ വെള്ളമെടുത്തതിന് ശേഷം നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കാം. തൊലി കളയണ്ട, പാത്രങ്ങള്‍ നല്ലത് പോലെ ഉരയ്ക്കാം. കഠിനമായ ഉള്ളിയുടെ മണവും പാത്രത്തില്‍ നിന്നും നീക്കം ചെയ്യാം. അടുത്ത വഴി വിനാഗിരിയാണ്. മണമുള്ള പാത്രം ആദ്യം വെള്ളത്തില്‍ കഴുകിയതിന് ശേഷം കുറച്ച് വിനാഗിരി ഒഴിക്കാം. പിന്നീട് അത് കഴുകി കളയാം.