വലിയ വീടായാലും ചെറിയൊരു വീടായാലും ഭക്തരായിട്ടുള്ളവര്‍ പണ്ടുമുതലേ ഒരു പൂജാമുറി ഒരുക്കിയിരിക്കും. എപ്പോഴും ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകും. വൃദ്ധരായിട്ടുള്ളവര്‍ക്ക് സൗകര്യമാണ്. ഏകാഗ്രമായിട്ട് പ്രാര്‍ത്ഥിക്കാം.
മറ്റ് ബഹളങ്ങളൊന്നും ഉണ്ടാകില്ല എന്നിവയാണ് പൂജാമുറിയുടെ പ്രത്യേകത. പവിത്രമായി സൂക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ പൂജാമുറി ഒരുക്കാന്‍ പാടുള്ളൂ.
മരിച്ചുപോയ കുടുംബാംഗങ്ങളുടേയും മറ്റും ചിത്രങ്ങള്‍ പൂജാമുറിയില്‍ സൂക്ഷിക്കരുത്. ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന പ്രസാദങ്ങളും പൂജാമുറിയില്‍ സൂക്ഷിക്കുകയോ ഫോട്ടോയിലും വിഗ്രഹത്തിലും തൊടുകയോ ചാര്‍ത്തുകയോ ചെയ്യരുത്.
പ്രത്യേകമായി പൂജാമുറി ഒരുക്കാന്‍ പറ്റാത്തവര്‍ക്ക് ഒരു മുറിയില്‍തന്നെ അതിനുള്ള സൗകര്യം ക്രമീകരിക്കാം. തെക്ക് പടിഞ്ഞാറേ മൂല, തെക്ക്, കിഴക്ക്, വടക്കുകിഴക്ക് എന്നീ ഭാഗങ്ങളില്‍ പൂജാമുറി ആകാം. വടക്ക് പടിഞ്ഞാറേമൂല, തെക്ക് കിഴക്കേമൂല പൂജാമുറിക്ക് അനുയോജ്യമല്ല. വായുവും വെളിച്ചവും സാധ്യമെങ്കിൽ വീടിന്റെ മധ്യഭാഗത്തും പൂജാമുറിക്കു സ്ഥാനം ഉണ്ട്.
വടക്കോട്ടോ കിഴക്കോട്ടോ നോക്കുന്ന രീതിയില്‍ വേണം ചിത്രങ്ങളും വിഗ്രഹങ്ങളും വയ്ക്കാന്‍. തെക്കോട്ട് ഒരു കാരണവശാലും തിരിച്ച് വയ്ക്കരുത്. ശിവന്റെ ചിത്രം വയ്ക്കുന്നുണ്ടെങ്കില്‍ അത് ഏറ്റവും മുകളില്‍ വരുന്നതാണ് നല്ലത്. പൂജാമുറിയിൽ വിളക്ക് കൊളുത്തുമ്പോൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും ദീപം വരുന്നതാണ് ഉത്തമം .