The Origin Story

ലോകത്തിലെ ആദ്യത്തെ മൂര്‍ഖന്‍ പാമ്പ് ജനിച്ചത് എവിടെയാണ്? അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും

മാമ്പകള്‍ക്കും പവിഴ പാമ്പുകള്‍ക്കുമൊപ്പം ആദ്യത്തെ മൂര്‍ഖന്‍ പാമ്പും ആഫ്രിക്കയില്‍ നിന്നാണ് ഉണ്ടായതെന്നായിരുന്നു വളരെക്കാലമായി ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നത്. ടാന്‍സാനിയയില്‍ നിന്ന് കണ്ടെത്തിയ ഒരു ഫോസില്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണ്ടെത്തല്‍, 33 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഈ ഫോസിലിനെ പാമ്പുകളുടെ ഏറ്റവും പഴയ ബന്ധുവായി കരുതപ്പെടുന്നു.

എന്നല്‍, റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സ് ജേണലില്‍ ഓഗസ്റ്റ് 7 ന് പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം ഈ വിശ്വാസത്തെ മാറ്റിമറിച്ചു. മൂര്‍ഖന്‍, മാമ്പകള്‍, പവിഴ പാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന എലപ്പേഡിയ (Elapoidea )സൂപ്പര്‍ ഫാമിലിയടക്കം മൂര്‍ഖന്‍ കുടുംബവുമായി ബന്ധപ്പെട്ട വിവിധ പാമ്പുകളുടെ ഡിഎന്‍എ ഗവേഷകര്‍ വിശകലനം ചെയ്തു. അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ പരിണാമ ജീവശാസ്ത്രജ്ഞനായ ജെഫ്രി വെയ്നലും അദ്ദേഹത്തിന്റെ സംഘവും 3,128 സ്ഥലങ്ങളില്‍ നിന്നായി 65 ഇനം എലപ്പേഡിയകളില്‍ നിന്ന് ജനിതക വിവരങ്ങള്‍ ശേഖരിച്ചു. ഇവ തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ മറ്റ് 434 പാമ്പുകളുടെ ജീനോമുകളും അവര്‍ ശേഖരിച്ചു.

തുടര്‍ന്ന് ആശ്ചര്യപ്പെടുത്തുന്ന ചില കണ്ടെത്തലുകള്‍ അവര്‍ വെളിപ്പെടുത്തി. എലപ്പേഡിയ സൂപ്പര്‍ ഫാമിലിയുടെ പഴയ പൂര്‍വ്വികര്‍ യഥാര്‍ത്ഥത്തില്‍ 28.9 മുതല്‍ 45.9 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യയിലാണ് ഉത്ഭവിച്ചത്. ഉഷ്ണമേഖലയിലെ കാലാവസ്ഥ കാരണം ഈ ആദ്യകാല പാമ്പുകളുടെ ഫോസിലുകള്‍ ഏഷ്യയില്‍ കണ്ടെത്തിയിരുല്ല.ഏകദേശം 37.5 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ പാമ്പുകളുടെ പൂര്‍വ്വികര്‍ ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക് കുടിയേറി. ആഫ്രിക്കയില്‍ നിന്ന്, അവര്‍ ഏകദേശം 24.4 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്പ്, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇന്ന്, അന്റാര്‍ട്ടിക്ക ഒഴികെ ലോകമെമ്പാടും 700-ലധികം ഇനം വിഷപ്പാമ്പുകള്‍ ഉണ്ട്.

എലപ്പേഡിയയുടെയും കൊളുബ്രേഡിയയുടെയും (Colubroidea) പരിണാമം ഒരേസമയം സംഭവിച്ചതായും പഠനം വ്യക്തമാക്കുന്നു. രണ്ട് ഗ്രൂപ്പുകളും ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക് വ്യത്യസ്ത വഴികളിലൂടെ യാത്ര ചെയ്യുകയും പിന്നീട് പലതവണ ഏഷ്യയിലേക്ക് മടങ്ങുകയും ഓരോ തവണയും പുതിയ ആവാസമേഖലകള്‍ സൃഷ്ടിക്കുകയും ചെയ്തു.