Movie News

വിനയാന്വിതനായ രജനീകാന്ത് ; എവിഎം സ്റ്റുഡിയോയിലേക്ക് താരം പോയിരുന്നത് സ്‌കൂട്ടറില്‍

സൂപ്പര്‍സ്റ്റാറാണെങ്കിലും രജനീകാന്തിന്റെ വിനയത്തെക്കുറിച്ച് പറയാത്തവര്‍ ഇല്ല. കരിയറിന്റെ തുടക്കക്കാലത്ത് താരം എങ്ങിനെയായിരുന്നോ അതുപോലെയാണ് ഇപ്പോഴുമുള്ളത്. രജനീകാന്തിന്റെ ലാളിത്യത്തിന്റെ നിരവധി സംഭവങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നതിനിടയില്‍, ഒരിക്കല്‍ അദ്ദേഹം എവിഎം ശരവണനെ കാണാന്‍ സ്‌കൂട്ടറില്‍ പോയ ഒരു കഥ തമിഴ് സിനിമാവേദിയില്‍ വന്‍ ചര്‍ച്ചയാണ്.

1980-കളിലെ ‘മുരട്ടു കാളൈ’ അദ്ദേഹത്തിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായിരുന്നു. സിനിമ ചിത്രീകരിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും പല കാരണങ്ങളാല്‍ ഷൂട്ട് ആരംഭിച്ചില്ല, പകരം ‘പുന്നാമി നാഗു’ എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്തു. പുനമി നാഗുവിന്റെ റിലീസിന് ശേഷം സിനിമ തുടങ്ങാന്‍ എം. ശരവണന്‍ തീരുമാനിക്കുകയും രജനീകാന്തിന്റെ ലഭ്യത സംബന്ധിച്ച വിവരം അറിയാനായി പ്രൊഡക്ഷന്‍ മാനേജര്‍മാരില്‍ ഒരാളെ രജനിയ്ക്ക് അടുത്തേക്ക് അയയ്ക്കുകയും ചെയ്തു. എന്നാല്‍ അതിന് രജനി പറഞ്ഞു, ”ശരവണന്‍ സാര്‍ എന്നെ കാണാന്‍ വരേണ്ടതില്ല. ഞാന്‍ തന്നെ അങ്ങോട്ടു വരാം”.

”രജനി വന്നത് സ്‌കൂട്ടറിലായിരുന്നു. മഴ പെയ്യുന്നതിനാല്‍ സ്റ്റുഡിയോയിലേക്ക് തിരികെ പോയി ഒരു കാര്‍ അയക്കാമെന്ന് മാനേജര്‍ നിര്‍ബന്ധിച്ചു. പക്ഷേ രജനി തന്റെ സ്‌കൂട്ടറില്‍ അയാള്‍ക്കൊപ്പം പോകാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നു. സ്റ്റുഡിയോയില്‍ എത്തുകയും ചെയ്തു. രജനിയുടെ ലാളിത്യത്തിന്റെ ഉത്തമ ഉദാഹാരണമായിട്ടാണ് അരുണ്‍ഗുഹന്‍ എന്നയാള്‍ ഈ കഥ എഴുതിയിരിക്കുന്നത്. സിനിമ പിന്നീട് വന്‍ ഹിറ്റാകുകയും രജനിയെ ഒരു ആക്ഷന്‍ ഹീറോയും സൂപ്പര്‍സ്റ്റാറും ആക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.” അരുണ്‍ഗുഹ എഴുതി.