Good News

മരങ്ങള്‍ വെട്ടാതിരിക്കാന്‍ ജീവത്യാഗം ചെയ്തത് 363പേര്‍; ബിഷ്‌ണോയികള്‍ വെറും ക്രിമിനലുകള്‍ അല്ല

നടന്‍ സല്‍മാന്‍ ഖാനെതിരേയുള്ള വധഭീഷണിയുടെ കാര്യത്തിലും ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലും കുപ്രസിദ്ധമാണ് അധോലോക നായകന്‍ രവി ബിഷ്‌ണോയി എന്ന കുപ്രസിദ്ധ ഗ്യാംഗ്. എന്നാല്‍ സമൂഹത്തിന്റെ പ്രകൃതിയോടുള്ള സ്ഥായിയായ സ്‌നേഹത്തിന്റെ പ്രതീകമായി ഇന്ത്യ കണക്കാക്കുന്ന സമൂഹത്തില്‍ ഒന്നാണ് ബിഷ്‌ണോയി സമൂഹമെന്ന് ഇന്ത്യയില്‍ എത്രപേര്‍ക്കറിയാം ?

ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1730 ല്‍ താര്‍ മരുഭൂമിയിലെ ഖേജരി മരങ്ങള്‍ വെട്ടിമാറ്റാനുള്ള രാജനിര്‍ദേശത്തെ പ്രതിരോധിക്കാന്‍ ജീവത്യാഗം ചെയ്ത 363 പേരുടെ പേരില്‍ ബിഷ്‌ണോയി വിഭാഗത്തിന് ഇന്ത്യാ ചരിത്രത്തില്‍ സ്ഥാനമുണ്ട്. ബിഷ്ണോയ് സമുദായത്തിലെ അംഗമായ അമൃത ദേവി, രാജസ്ഥാനിലെ താര്‍ മരുഭൂമിയിലെ ജനങ്ങളുടെ ജീവനാഡിയായ ഒരു ഖേജരി മരത്തെ കെട്ടിപ്പിടിച്ച് തന്റെ ജീവന്‍ ബലിയര്‍പ്പിച്ചതോടെയാണ് ഈ ചരിത്രത്തിന് തുടക്കം. ജോധ്പൂര്‍ മഹാരാജാവ് വെട്ടിമാറ്റാന്‍ ഉത്തരവിട്ട ഖേജരി മരങ്ങളുടെ ഒരു തോട്ടമായിരുന്നു അത്.

രാജകൊട്ടാരം നിര്‍മ്മിക്കാനുള്ള തടിക്കായി ജോധ്പൂര്‍ മഹാരാജാവിന്റെ ഒരു സൈനികന്‍ ഖേജരി മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ ശ്രമം നത്തിയപ്പോഴായിരുന്നു മരങ്ങള്‍ വെട്ടാന്‍ അനുവദിക്കാതെ സംരക്ഷിക്കാന്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും മരങ്ങളെ കെട്ടിപ്പിടിച്ച് ജീവന്‍ ബലിയര്‍പ്പിച്ചത്. ഇന്ത്യന്‍ ചരിത്രത്തിലെ വേറിട്ട അദ്ധ്യായമയ ഖേജര്‍ലി കൂട്ടക്കൊല ബിഷ്ണോയികളെ ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷകരായി ഉറപ്പിച്ചു. ഖേജരി മരങ്ങളും കൃഷ്ണമൃഗവും ബിഷ്‌ണോയി സമൂഹത്തിന് പരമപ്രധാനമാണ്.

1730ലെ കൂട്ടക്കൊല നടന്നത് ജോധ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഒരു ബിഷ്ണോയ് ഗ്രാമത്തിലായിരുന്നു. അത് പിന്നീട് ഖേജ്രി മരത്തിന്റെ പേരില്‍ ഖേജര്‍ലി എന്നറിയപ്പെടാന്‍ തുടങ്ങി. മഹാരാജ അഭയ് സിംഗിന്റെ പട്ടാളക്കാരാണ് മരങ്ങള്‍ വെട്ടിമാറ്റാനെത്തിയത്. മഹാരാജാവ് തന്റെ മന്ത്രിമാരില്‍ ഒരാളായ ഗിരിധര്‍ ഭണ്ഡാരിയെയാണ് മരങ്ങള്‍ വെട്ടിക്കൊണ്ടു വരാനുള്ള ഓപ്പറേഷന്‍ ചുമതലപ്പെടുത്തിയത്.

ലുനി നദിയുടെ തീരത്ത് ഖേജ്രി മരങ്ങള്‍ ധാരാളമായി വളരുന്ന ഒരു ബിഷ്ണോയ് ഗ്രാമം സൈനികര്‍ പെട്ടെന്ന് കണ്ടെത്തി. രാജകല്‍പ്പനയുമായി മഹാരാജാവിന്റെ സൈന്യം ഗ്രാമത്തിലേക്ക് നീങ്ങിയപ്പോള്‍ അവര്‍ നേരിട്ടത് വെറും എതിര്‍പ്പായിരുന്നില്ല. അമൃത ദേവിയും അവളുടെ രണ്ട് പെണ്‍മക്കളുമായിരുന്നു ആദ്യം മരം മുറിക്കുന്നതിനെ എതിര്‍ത്ത് രംഗത്ത് വന്നത്. രാജകല്‍പ്പന നടപ്പിലാക്കുന്ന പട്ടാളക്കാര്‍ ചെറുത്തുനിന്ന അമൃത ദേവിയെയും അവളുടെ പെണ്‍മക്കളെയും കൊന്നുതള്ളി. ഇതോടെ ഇതറിഞ്ഞ് നൂറുകണക്കിന് പ്രതിഷേധക്കാര്‍ പാഞ്ഞെത്തി.

ഈ വാര്‍ത്ത സമീപത്തെ ബിഷ്ണോയി ഗ്രാമങ്ങളിലേക്കും വ്യാപിച്ചപ്പോള്‍, ’83 ഗ്രാമങ്ങളില്‍ നിന്നുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും മുന്നോട്ട് നീങ്ങി, അവര്‍ ഒന്നൊന്നായി മരങ്ങളെ ആലിംഗനം ചെയ്തു. ഒന്നിനുപുറകെ ഒന്നായി ആള്‍ക്കാര്‍ മരിക്കാന്‍ ഇടയാക്കി. കൂട്ടക്കുരുതിയുടെ എണ്ണം കണ്ടിട്ടും ബിഷ്ണോയികള്‍ അനുതപിക്കാന്‍ തയ്യാറായില്ല. ടുവില്‍ കൂട്ടക്കൊല അവസാനിച്ചപ്പോഴേക്കും പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായി 363 ജീവന്‍ നഷ്ടമായിരുന്നു. രക്തച്ചൊരിച്ചിലിന്റെയും അചഞ്ചലമായ ധിക്കാരത്തിന്റെയും വാര്‍ത്ത മഹാരാജ അഭയ് സിങ്ങിന്റെ അടുത്തെത്തി, തന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി.

‘അദ്ദേഹം മരം മുറിക്കല്‍ നിര്‍ത്തി, ഖെജര്‍ലി പ്രദേശം ഒരു സംരക്ഷണ പ്രദേശമായും, മരം മുറിക്കുന്നതിനും വേട്ടയാടുന്നതിനും അനുവാദമില്ലാത്ത പ്രദേശമായും പ്രഖ്യാപിച്ചു. ബിഷ്ണോയ് പ്രദേശങ്ങളിലെ മരങ്ങള്‍ മുറിക്കുന്നത് നിരോധിച്ചുകൊണ്ട് അദ്ദേഹം ഒരു തമ്പ്ര പത്രയില്‍ (ചെമ്പ് തകിടില്‍ കൊത്തിയ കത്ത്) കൊത്തിവെച്ച രാജകല്‍പ്പനയും പുറപ്പെടുവിച്ചു. ചരിത്രത്തിലെ ആദ്യത്തെ വലിയ തോതിലുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങളിലൊന്നായി ഖേജര്‍ലി കൂട്ടക്കൊല ഓര്‍മ്മിക്കപ്പെടുന്നു. ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതീകമായി മാറിയ ഈ സംഭവമാണ് 1970-കളില്‍ ചിപ്കോ പ്രസ്ഥാനത്തിന് പ്രചോദനമായത്. എല്ലാ വര്‍ഷവും, ബിഷ്ണോയ് സമൂഹം തങ്ങളുടെ പൂര്‍വ്വികരുടെ ത്യാഗത്തെ ഖേജര്‍ലിയില്‍ ഒരു മേളയോടെ അനുസ്മരിക്കുന്നു.

പ്രധാനമായും തെക്കന്‍ രാജസ്ഥാനില്‍ അധിഷ്ഠിതമായ ബിഷ്ണോയി സമൂഹത്തിന് പരിസ്ഥിതി സംരക്ഷണം അവരുടെ മതവിശ്വാസങ്ങളുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ്. 1485-ല്‍ ഗുരു മഹാരാജ് ജാംബാജിയാണ് ഇതിന് പിന്നില്‍. അദ്ദേഹം തന്റെ അനുയായികള്‍ക്ക് ജീവിക്കാന്‍ നല്‍കിയ 29 നിയമങ്ങളില്‍ പരമപ്രധാനമായി കണക്കാക്കുന്നത് പച്ച മരങ്ങള്‍ മുറിക്കുന്നതും മൃഗങ്ങളെ കൊല്ലുന്നതിനുമുള്ള നിരോധനങ്ങളായിരുന്നു.

മനുഷ്യരുടേയും മൃഗങ്ങളുടേയും കൂട്ട മരണത്തിന് ഇടയാക്കിയ കടുത്ത വരള്‍ച്ചയ്ക്ക് കാരണം മരങ്ങളുടെ അഭാവമാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇതോടെ ജംബാജി സസ്യജന്തുജാലങ്ങളെ പരമോന്നതമാക്കുന്ന ഒരു ജീവിതം വിഭാവനം ചെയ്തു. ഖേജരി വൃക്ഷം വരള്‍ച്ചയെ പ്രതിരോധിക്കുന്നതും മണ്ണിനെ സമ്പുഷ്ടമാക്കുന്ന ഗുണങ്ങളുള്ളതുമാണെന്നും കണ്ടെത്തി. മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതിനൊപ്പം ഭക്ഷണവും കാലിത്തീറ്റയും നല്‍കുന്നു. അങ്ങനെ, ഥാറിന്റെ വരണ്ട ഭൂപ്രകൃതിയില്‍ ഉടനീളം വ്യാപിച്ചുകിടക്കുന്ന ഖേജ്രി വൃക്ഷത്തിന് ബിഷ്ണോയ് പാരമ്പര്യത്തില്‍ പ്രത്യേകം ആദരണീയമായ പദവി നല്‍കാന്‍ തുടങ്ങി. അവര്‍ വൃക്ഷത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കേണ്ട ഒരു ദൈവിക ദാനമായി കരുതുന്നവരാണ്.