Lifestyle

ഭക്ഷണമായി പിസ്സയും റോസ്റ്റ് ചിക്കനും, കുടിക്കാന്‍ ശുദ്ധീകരിച്ച വെളളം; സുനിത വില്യംസിന്റെ ജീവിതം

തിരികെയെത്താനുള്ള ബഹിരാകാശ വാഹനത്തിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് രാജ്യന്തര ബഹിരാകാശ നിലയത്തില്‍ തുടരുകയാണ് യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസും ബിച്ച് വില്‍മോറും. വളരെ ക്ഷീണിച്ചിരിക്കുന്ന നിലയിലുള്ള സുനിതയുടെ ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഇവരുടെ 3 മാസത്തോളമായുള്ള ജീവിതം എങ്ങനെയായിരിക്കുമെന്നറിയാനായി കൗതുകവും ഉയര്‍ന്നിരുന്നു. ഇതിനെപറ്റി ഒരു ഉള്‍ക്കാഴ്ച്ച നല്‍കിയിരിക്കുകയാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ചില വിവരങ്ങള്‍.

സുനിത വില്യംസ് (59) ബുച്ച് വില്‍മോര്‍(61) എന്നിവരുടെ മൂത്രവും വിയര്‍പ്പും ശുദ്ധജലമാക്കിമാറ്റി വളരെ കുറച്ച് മാലിന്യം ഉറപ്പാക്കുന്നതിനുള്ള സംവിധാനം രാജ്യന്തര ബഹിരാകാശ നിലയിത്തിലുണ്ട്. പിസ്സ, റോസ്റ്റ് ചിക്കന്‍ , ചെമ്മിന്‍ കോക്ടെയിലുകള്‍ തുടങ്ങിയ വിഭവങ്ങള്‍ കഴിക്കുന്നുണ്ടെന്നും ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ഈ ഭക്ഷണം അവരുടെ ആരോഗ്യം നിലനിര്‍ത്താനായുള്ള കലോറികള്‍ നിറഞ്ഞതാണ്. പുതിയ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഐഎസ്എസില്‍ ലഭിക്കാനായി പ്രയാസമാണ്.

മൈക്രോഗ്രാവിറ്റിയിലെ ജീവിതവുമായി പൊരുത്തപ്പെട്ടെന്നും ക്ഷീണിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സുനിത പറയുന്നു. ഒരോ ബഹിരാകാശയാത്രികനും ഒരോ ദിവസവും 1.7 കിലോഗ്രാം ഭക്ഷണം കഴിക്കുന്നുവെന്ന് നാസ സ്ഥിരീകരിച്ചു. സൈക്ലിങ്, ട്രെഡ്മില്‍ ഓട്ടം പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വര്‍ക്കൗട്ട് തുടങ്ങിയവും ചെയ്യുന്നുണ്ട്.