സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന അസ്വസ്ഥജനകവും അസാധാരണവുമായ ഒരു വീഡിയോ കണ്ട പ്രേക്ഷകർ കടുത്ത പ്രതിഷേധത്തിലാണ്. ഒരു സ്ത്രീ തന്റെ കൈക്കുഞ്ഞിനെ സ്കൂട്ടറിന്റെ സ്റ്റോറേജ് കമ്പാർട്ട്മെന്റിനുള്ളിൽ (ഡിക്കി) കിടത്തിയ ശേഷം സ്കൂട്ടർ ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ട നിരവധി പേർ ഈ പ്രവൃത്തിയെ അതീവ അപകടകരമെന്ന് വിമർശിച്ചു.
വീഡിയോയുടെ തുടക്കത്തിൽ ഒരു വീടിന്റെ പ്രവേശന കവാടത്തിന് സമീപം സ്കൂട്ടറിനടുത്ത് കുഞ്ഞിനെ കൈകളിൽ പിടിച്ചുനിൽക്കുന്ന ഒരു സ്ത്രീയെ കാണാം. നിമിഷങ്ങൾക്കകം അവർ സീറ്റ് ഉയർത്തി ഹെൽമറ്റും മറ്റും വെക്കാൻ ഉപയോഗിക്കുന്ന സ്റ്റോറേജ് ഡിക്കി തുറക്കുന്നു. തുടർന്ന് കുഞ്ഞിനെ പതുക്കെ ആ ചെറിയ ഇടത്തിനുള്ളിൽ കിടത്തുകയാണ്. തലയിൽ തൊപ്പി ധരിച്ച കുഞ്ഞ് ഡിക്കിക്കുള്ളിൽ നിശബ്ദനായി കിടക്കുന്നതും സ്ത്രീ കുഞ്ഞിനെ കൃത്യമായി അവിടെ കിടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
കുഞ്ഞിനെ കിടത്തിയ ശേഷം നമ്മെ അമ്പരപ്പിച്ചുകൊണ്ട് സീറ്റ് താഴ്ത്തി ഡിക്കി അടയ്ക്കുഷയാണ്. തുടർന്ന് ആ സ്ത്രീ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് അവിടെ നിന്ന് യാത്ര തിരിക്കുകയാണ്. കുഞ്ഞ് സീറ്റിനടിയിലെ അടച്ച പെട്ടിക്കുള്ളിൽ തന്നെയാണെന്നതാണ് പ്രേക്ഷകരെ ഞെട്ടിക്കുന്നത്. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിലെ ‘MP’ എന്ന കോഡ് സൂചിപ്പിക്കുന്നത് ഇത് മധ്യപ്രദേശിൽ നടന്ന സംഭവമാകാം എന്നാണ്.
വിവിധ പ്ലാറ്റ്ഫോമുകളിൽ വീഡിയോ വൈറലായതോടെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഉത്തരവാദിത്തമില്ലാത്തതും അപകടകരവുമായ ഈ പ്രവൃത്തി കണ്ട പലരും അവിശ്വസനീയത രേഖപ്പെടുത്തി. സ്കൂട്ടറിലെ ഇത്തരം അറകൾ യാത്രക്കാരെ കയറ്റാൻ രൂപകൽപ്പന ചെയ്തതല്ലെന്നും അവിടെ കുഞ്ഞിന് ആവശ്യമായ വായുസഞ്ചാരമോ സുരക്ഷയോ ലഭിക്കില്ലെന്നും പലരും ചൂണ്ടിക്കാട്ടി.
“ഇവരൊക്കെ എങ്ങനെയാണ് മാതാപിതാക്കളാകുന്നത്?” എന്നും “ശ്വാസം കിട്ടാതെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും?” എന്നും കമന്റുകൾ നിറയുകയാണ്. പ്രശസ്തിക്കോ തമാശക്കോ വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും പലരും മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, ഇത് മുൻകൂട്ടി നിശ്ചയിച്ച ഏതെങ്കിലും സ്ക്രിപ്റ്റഡ് വീഡിയോ ആണോ എന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്.




