Healthy Food

വ്യത്യസ്ത നിറത്തിലുള്ള പഴം പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ എന്താണ് ഗുണം ?

ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. പഴങ്ങളിലും പച്ചക്കറികളുമൊക്കെ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ കൊടുക്കണം. പല നിറത്തിലും രുചിയിലുമുളള പഴങ്ങളും പച്ചക്കറികളുമൊക്കെ വേണം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. നമ്മളുടെ ഡയറ്റില്‍ വ്യത്യസ്ത നിറത്തിലുള്ള പഴം പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയാല്‍ അതിനനുസരിച്ചുള്ള ആരോഗ്യ ഗുണങ്ങളും നമ്മള്‍ക്ക് ലഭിക്കും. ഇത്തരത്തില്‍ ഏതെല്ലാം നിറത്തിലുള്ള പഴം പച്ചക്കറികള്‍ ഉള്‍പ്പെടുത്താമെന്ന് നോക്കാം….

  • നീല വര്‍ണ്ണത്തില്‍ ഉള്ളത് – നല്ല നീല നിറത്തില്‍ ഉള്ള മുന്തിരി, ബെറീസ് എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നുണ്ട്. ഇത് ഫ്രീറാഡിക്കല്‍സില്‍ നിന്നും സംരക്ഷിക്കുന്നു. അതുപോലെ, ഇതില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് എല്ലുകളുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത്തരത്തില്‍ നീല നിറത്തിലുള്ള പഴം പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ, ശരീരത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നുണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും ദഹനം കൃത്യമായി നടക്കുന്നതിനുമെല്ലാം തന്നെ ഇത്തരത്തില്‍ നീലനിറത്തിലുള്ള പഴം പച്ചക്കറികള്‍ ചേര്‍ക്കുന്നത് നല്ലതാണ്.
  • വെള്ള നിറത്തിലുള്ള പച്ചക്കറികള്‍ – സാധാ പച്ചക്കറികള്‍ ഉണ്ടാകുന്ന പോലെ തന്നെ നിരവധി ഗുണങ്ങളാണ് വെള്ള നിറത്തിലുള്ള പച്ചക്കറികളിലും പഴങ്ങളിലും കാണാന്‍ സാധിക്കുക. ആന്റിഓക്സിഡന്റ്സ്, വിറ്റമിന്‍സി, ഫോലേറ്റ്, ഫൈബര്‍ എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിരിക്കുന്നു. അതുപോലെ, നമ്മളുടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത്തരത്തില്‍ വെള്ള നിറത്തിലുള്ള പഴം പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. അതുകൂടാതെ, ഗ്ലൈസമിക് ഇന്‍ഡക്സ് കുറവായതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്കും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത്തരം പച്ചക്കറികള്‍ ഡയറ്റില്‍ ചേര്‍ക്കാവുന്നതാണ്. പ്രത്യേകിച്ച്, കോളിഫ്ലവര്‍, റാഡിഷ്, വെള്ള നിറത്തിലുള്ള സവാള എന്നിവയെല്ലാം തന്നെ ഉപയോഗിക്കാവുന്നതാണ്. വൃക്കരോഗങ്ങള്‍ ഉള്ളവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഇത് കഴിക്കാവുന്നതാണ്.
  • ചുവപ്പ് നിറത്തിലുള്ള പച്ചക്കറികള്‍ – ചുവപ്പ് നിറത്തിലുള്ള പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്, പ്രത്യേകിച്ച് തക്കാളി, ബീറ്റ്റൂട്ട്, ചുവപ്പ് നിറത്തിലുള്ള ക്യാപ്സിക്കം എന്നിവ ഡയറ്റില്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്., ഇവയില്‍ വിറ്റമിന്‍ എ, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാനും സഹായിക്കുന്നുണ്ട്. ഇത് കൂടാത, കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഇത്തരത്തില്‍ ചുവപ്പ് നിറത്തിലുള്ള പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ ഇതില്‍ വിറ്റമിന്‍ കെ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ എല്ലുകളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. മലബന്ധ പ്രശ്നങ്ങള്‍ ഒഴിവാക്കാനും അസിഡിറ്റി പോലത്തെ ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഇത് നല്ലതാണ്.
  • ഓറഞ്ച് നിറത്തിലുള്ളത് – ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികളായാലും പഴങ്ങളായാലും കഴിക്കുന്നത് നമ്മളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ക്യാരറ്റ്, ഓറഞ്ച് എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്. ഇവയില്‍ വിറ്റമിന്‍ എ, ബീറ്റകരോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇതില്‍ വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ്. അതുപോലെ ഓറല്‍ ഹെല്‍ത്ത് സംരക്ഷിക്കാനും ഓറഞ്ച് നിറത്തിലുള്ള ആഹാരങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനായാലും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായാലും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനായാലും ഓറഞ്ച് നിറത്തിലുള്ള പഴം പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണ്.