ഫാസ്റ്റ് ഫുഡിനോടൊപ്പം തണുത്തതും ഗ്യാസുള്ളതുമായ പാനീയം പലർക്കും നിർബന്ധമാണ്. ഈ തണുത്ത സോഡയുടെ കുമിളകള്‍ നുരയുന്ന ആഹ്ലാദം നുണയാന്‍ പുതുതലമുറയ്ക്ക് വല്ലാത്തൊരാവേശമാണ്. ഇത്തരം പാനീയങ്ങളുടെ ഉപയോഗം ദോഷകരമെന്ന് ആരോഗ്യവിദഗ്ദ്ധരില്‍നിന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ആരും അത് വകവെയ്ക്കാറില്ല.
ഫിസി പാനീയങ്ങൾ കുടിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് നോക്കാം ?
ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഡയറ്റീഷ്യൻ ഡോ.ഏക്ത സിംഗ്വാൾ പറയുന്നത്, നാം ഫിസി പാനീയങ്ങൾ കഴിക്കുമ്പോൾ, കാർബണേഷൻ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു, ഇത് വായിലും തൊണ്ടയിലും സുഖകരമായ ഒരു സംവേദനം സൃഷ്ടിക്കുന്നു. ആമാശയത്തിൽ കാർബൺ ഡൈ ഓക്സൈഡ് പ്രവര്‍ത്തിച്ചു തുടങ്ങുമ്പോൾ, ഏമ്പക്കം ഉണ്ടാക്കുന്നതോടൊപ്പം ചില സന്ദർഭങ്ങളിൽ നെഞ്ചെരിച്ചിലിനും കാരണമാകും.
എന്നാൽ ഇതിനുമപ്പുറം ഈ പാനീയങ്ങളിലെ ഉയർന്ന പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർധിപ്പിക്കുന്നതിന് കാരണമാകുന്നു. മധുരമുള്ള ഇത്തരം പാനീയങ്ങൾ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പല്ലുകൾ നശിക്കാനും പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനും കാരണമാകും . കൂടാതെ, കാർബണേഷൻ വയറു വീർക്കുന്നത്തിലേക്കും ഗ്യാസ് പ്രശ്ങ്ങളിലേക്കും നയിക്കുന്നു .
എന്തുകൊണ്ടാണ് ആളുകള്‍ കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കാൻ ഇഷ്ടപ്പെടുന്നത് ?
പഞ്ചസാര, കഫീൻ, കാർബണേഷൻ എന്നിവയുടെ സംയോജനം മനുഷ്യരില്‍ ആസക്തി ഉണ്ടാക്കുന്നതിനാൽ മിക്ക ആളുകളും കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കാൻ താല്പര്യപ്പെടുന്നു . പഞ്ചസാര തലച്ചോറിനെ ഉണർത്തുകയും ഡോപാമൈൻ പുറത്തുവിടുകയും ഊര്‍ജ്ജസ്വലത സൃഷ്ടിക്കുകയും ചെയ്യുന്നു.
അതിനാൽ തന്നെ ഭക്ഷണത്തിൽ കാർബണേറ്റഡ് പാനീയങ്ങൾ ഉൾപ്പെടുത്തുന്നത് കുറയ്ക്കണമെന്ന് ഡോ സിംഗ്വാൾ പറയുന്നു . വല്ലപ്പോഴും കുടിക്കാമെങ്കിലും പതിവായ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന പഞ്ചസാരയുടെ അംശം കാരണം ഡയറ്റ് സോഡകൾ പോലും പതിവായി കഴിക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും.
പഞ്ചസാരയുടെ അളവ് പ്രതിദിനം സ്ത്രീകൾക്ക് 25 ഗ്രാമിൽ താഴെയും പുരുഷന്മാർക്ക് 36 ഗ്രാമായും പരിമിതപ്പെടുത്തണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നു. സാധാരണ സോഡയുടെ ഒരു കാൻ ആ പരിധിയിൽ കൂടുതലാണ്. അതിനാൽ മെച്ചപ്പെട്ട ആരോഗ്യത്തിന് ഇവയ്ക്കുപകരം വെള്ളമോ, ചായയോ പോലുള്ളവ തിരഞ്ഞെടുക്കുക.
ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടത് ആരൊക്കെ ?
പ്രമേഹരോഗികൾ ഈ പാനീയം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, കാരണം ഉയർന്ന പഞ്ചസാരയുടെ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കും. അമിതവണ്ണമുള്ള വ്യക്തികൾ ഇത് പതിവായി കഴിക്കുന്നത് ശരീരഭാരം കൂടുന്നതിന് കാരണമാകുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരും ഇതിൽ ഉൾപ്പെടും . “ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ പ്രശ്നങ്ങളുള്ള ആളുകൾക്ക് കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക . ഉയർന്ന പഞ്ചസാരയും കഫീനും അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഈ പാനീയങ്ങൾ ഗർഭിണികളും കുട്ടികളും ഒഴിവാക്കുന്നതാണ് നല്ലത്.