Healthy Food

ചോറിനോട് ഒരു മാസം ഗുഡ്ബൈ ! എന്തു സംഭവിക്കും?

ചോറുണ്ണാത്ത ഒരു ദിവസം മലയാളിക്ക് ചിന്തിക്കാനാകുമോ? വിദേശത്തായാലും ദിവസം ഒരു നേരമെങ്കിലും ചോറ് കഴിയ്ക്കാന്‍ പറ്റുമോ എന്ന് നോക്കുന്നവരാണ് മിക്കവാറും പേരും. അസുഖമൊന്നും കാര്യമാക്കാതെ ഉച്ചയ്ക്കും രാത്രിയും ചോറ് കഴിയ്ക്കുന്ന ചിലരുണ്ട്. ചോറില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ് ആണ്.

അതുകൊണ്ടാണ് ചോറ് തടി കൂടാനുള്ള ഒരു കാരണമാകുന്നത്. ഇതു പോലെ പ്രമേഹ രോഗികളുടെ ശത്രുവാണ് ചോറ് എന്നും പറയാം. ഇനി ചോറ് ഒരു മാസം നാം കഴിയ്ക്കാതിരിയ്ക്കുന്നുവെന്ന് കരുതുക. എന്ത് സംഭവിയ്ക്കും എന്ന് നോക്കാം.

ഇതിന്റെ മറുപടി ചോറിന് പകരം നാം കഴിയ്ക്കുന്ന ഭക്ഷണങ്ങളെ ആശ്രയിച്ചിരിക്കും. ചോറ് ഉപേക്ഷിച്ച് പകരം നാലഞ്ച് ചപ്പാത്തി വീതം കഴിയ്ക്കുന്നവരുണ്ടാകും. ചോറിനെ അപേക്ഷിച്ച് ഗ്ലൈസമിക് ഇന്‍ഡെക്‌സ്, അതായത് രക്തത്തില്‍ ഷുഗര്‍ ഉയര്‍ത്തുന്ന തോത് കുറവാണെങ്കിലും എണ്ണത്തില്‍ കൂടുതല്‍ ചപ്പാത്തി കഴിയ്ക്കുമ്പോള്‍ ചോറ് കഴിയ്ക്കുന്ന ഒരേ ഇഫക്ട് തന്നെയാണ് വരുന്നത്. രാത്രിയില്‍ ചോറിന് പകരം കുറേ ചപ്പാത്തി കഴിയ്ക്കുന്നവരുടെ കാര്യത്തിലും സംഭവിയ്ക്കുന്നത് ഇതു തന്നെ .

ചോറ് ഉപേക്ഷിച്ചാലും, അരി ഉള്‍പ്പെടുന്ന ഇഡ്ഢലി, ദോശ, അപ്പം, പുട്ട് തുടങ്ങിയവയെല്ലാം കഴിയ്ക്കുന്നവരാണ് മിക്കവാറും പേര്‍. ഇതിലെ അരിയും കഴിയ്ക്കുന്ന ചോറുമെല്ലാം തന്നെ ഒരേ ഫലം തന്നെയാണ് നല്‍കുന്നത്. പ്രത്യേകിച്ചും പുളിപ്പിച്ച് അതായത് ഫെര്‍മെന്റ് ചെയ്ത് കഴിയ്ക്കുന്ന അരിപ്പലഹാരം സാധാരണ ചോറിനേക്കാള്‍ ദോഷമാണെന്ന് തന്നെ പറയാം. ചോറ് ഉപേക്ഷിയ്ക്കുന്നവര്‍ അരി കൊണ്ടുള്ള ഇത്തരം വിഭവങ്ങളും കൂടെ നിര്‍ത്തിയാലേ പൂര്‍ണ ഗുണം ലഭിയ്ക്കൂ.

ദോഷമില്ലാതെ തന്നെ ചോറ് കഴിയ്ക്കാനായി ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. തവിട് കളയാത്ത അരി കൊണ്ടുള്ള ചോറ് കഴിയ്ക്കാം. എന്നാല്‍ ചോറിന്റെ അളവും പ്രധാനമാണ്. ഒരു പിടി ചോറ് എന്നത് ശീലമാക്കുക. ചോറ് ഒരു പാത്രം നിറയെ കഴിയ്ക്കുമ്പോഴാണ് ദോഷമാകുന്നത്. കഴിവതും രാത്രിയില്‍ ചോറ് ഒഴിവാക്കുക. കാരണം രാത്രിയിലെ ഭക്ഷണ ശീലം തടിയും വയറുമെല്ലാം ചാടാനുള്ള പ്രധാന കാരണമാണ്.

ചോറ് ഉപേക്ഷിച്ച് തടി കുറയ്ക്കാന്‍ നോക്കുന്നവരെങ്കില്‍ ആരോഗ്യകരമായ മറ്റ് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. പഴങ്ങളും പച്ചക്കറികളും കഴിയ്ക്കാം. സാലഡുകളും സൂപ്പുമെല്ലാം ഏറെ നല്ലതാണ്. വിശപ്പു കുറയ്ക്കാനും പോഷകം നല്‍കാനും ഇത് സഹായിക്കും. മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ പുഴുങ്ങിക്കഴിയ്ക്കാം. കടലയും ചെറുപയറുമെല്ലാം ഏറെ ഗുണകരമാണ്. തൈര് പോലുള്ള ആരോഗ്യകരമായ ഭക്ഷണ വസ്തുക്കളും ഇതിന്റെ കൂടെ ഉൾപ്പെടുത്തുക.

ചോറ് കഴിയ്ക്കുന്നരാണെങ്കില്‍, പാത്രത്തില്‍ കാല്‍ ഭാഗം മാത്രം ചോറ് എടുത്ത് ബാക്കി ഭാഗം കറികളും മററും കൊണ്ട് നിറയ്ക്കുക. അതല്ലാതെ പാത്രത്തില്‍ കൂടുതല്‍ ചോറ്, മറ്റ് വിഭവങ്ങള്‍ പേരിന് മാത്രം എന്ന രീതി തെറ്റാണ്.