Wild Nature

ദുബായിലെ വെള്ളപ്പൊക്കത്തിന് കാരണം കൃത്രിമമഴ; ക്ലൗഡ് സീഡിംഗ് എന്നാല്‍ എന്താണെന്നറിയാമോ?

വരണ്ട കാലാവസ്ഥയ്ക്കും പൊള്ളുന്ന താപനിലയ്ക്കും പേരുകേട്ട ദുബായില്‍ ചൊവ്വാഴ്ച പെയ്ത പേമാരി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്കകള്‍ക്കു കാരണമായി. സാധാരണഗതിയില്‍ ചൂടും മഴകുറവും ബുദ്ധിമുട്ടിക്കുന്ന യുഎഇ യില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മഴ വെള്ളപ്പൊക്കത്തിന് വരെ കാരണമായി മാറിയിരുന്നു. അതിനിടയില്‍ മഴയ്ക്ക് കാരണം കൃത്രിമമഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിംഗ് ആണോ എന്ന് സംശയം.

യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ വാര്‍ഷിക മഴ സാധാരണഗതിയില്‍ ശരാശരി 200 മില്ലിമീറ്ററില്‍ താഴെയാണ്. വേനല്‍ക്കാലത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും. അതുകൊണ്ടു തന്നെ ഭൂഗര്‍ഭജല സ്രോതസ്സുകളിലെ ജലത്തിന്റെ അളവും കുറഞ്ഞുപോകാറുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനാണ് യുഎഇ ക്ലൗഡ് സീഡിംഗ് എന്ന കൃത്രിമമഴയെ ആശ്രയിക്കാന്‍ തുടങ്ങിയത്.

ക്ലൗഡ് സീഡിംഗില്‍ മഴ മേഘങ്ങളെ കൃത്രിമമായി നിര്‍മ്മിക്കുന്നില്ല. മറിച്ച് മേഘങ്ങളെ മനുഷ്യന്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ഇടത്ത്് പെയ്യിക്കുന്നതാണ് രീതി്. ഇതിനെ അതിജീവിക്കാന്‍ യുഎഇ സാധാരണഗതിയില്‍ ആശ്രയിക്കുന്നത് കൃത്രിമമഴയെയാണ്. മഴ സാധ്യതയുള്ള മേഘങ്ങള്‍ കണ്ടെത്തി സില്‍വര്‍ ആയഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയ രാസവസ്തുക്കള്‍ വിതറി മഴപെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്.

ഇരുപത്തി അയ്യായിരം അടി ഉയരത്തില്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് രാസവസ്തുക്കള്‍ മേഘങ്ങള്‍ക്ക് മുകളില്‍ വിതറുക. അന്‍പത് ശതമാനം മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളില്‍ ക്ലൗഡ് സീഡിംഗ് നടത്തുന്നതോടെ മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകുന്നു. ജല ലഭ്യത ഉറപ്പാക്കാനുള്ള സുസ്ഥിരമായ സംവിധാനമായാണ് യുഎഇ ഇതിനെ കണക്കാക്കുന്നത്. ഇത് വാര്‍ഷിക മഴ ലഭ്യതയില്‍ പത്ത് മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവുണ്ടാക്കുന്നു എന്നാണ് കണക്ക്. 1982ലാണ് യുഎഇ ആദ്യമായി ക്ലൗഡ് സീഡിംഗ് പരീക്ഷിച്ചത്.

യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന് കീഴില്‍ (എന്‍.സി.എം) യുഎഇ റിസര്‍ച്ച് പ്രോ?ഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് സയന്‍സ് (യുഎഇആര്‍ഇപി) എന്ന പേരില്‍ പ്രത്യേക പദ്ധതി തന്നെ ഇതിനായി നടപ്പാക്കിയിട്ടുണ്ട്. പ്രകൃതി സൗഹൃദമായ തരത്തിലും ചെലവ് ചുരുക്കിയും ഏറ്റവും സുരക്ഷിതമായ രീതിയിലാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നതെന്ന് എന്‍.സി.എം അവകാശപ്പെടുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതിവര്‍ഷം മൂന്നൂറോളം ക്ലൗഡ് സീഡിംഗ് മിഷനുകളാണ് യുഎഇ നടത്തുന്നത്. ഫെബ്രുവരിയില്‍ നാല് ദിവസത്തിനിടെ 25ല്‍ അധിക തവണ ക്ലൗഡ് സീഡിംഗ് നടത്തിയിരുന്നു. 2015ല്‍ യുഎഇ റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് സയന്‍സ് പദ്ധതി തുടങ്ങിയതു മുതല്‍ 14 പ്രൊജക്ടുകള്‍ 85ല്‍ അധികം രാജ്യങ്ങളുമായി സഹകരിച്ച് യുഎഇ നടപ്പാക്കിയിട്ടുണ്ട്. ഇതിനായി 22.5 മില്യന്‍ ഡോളര്‍ ചെലവഴിച്ചു. നിലവില്‍ അറുപതിലധികം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഖലയാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.

സംയോജിത റഡാര്‍ ശൃംഖലയിലൂടെ നിരന്തരം നിരീക്ഷണം നടത്തിയാണ് ക്ലൗഡ് സീഡിംഗ് പ്രവര്‍ത്തനം. അഞ്ച് പ്രത്യേക വിമാനങ്ങള്‍ ഇതിനായി മാത്രം യുഎഇ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ക്ലൗഡ് സീഡിംഗിന് ആവശ്യമായ ഫ്‌ലെയറുകള്‍ നിര്‍മിക്കാന്‍ ഒരു അത്യാധുനിക ഫാക്ടറിയും യുഎഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനുകൂല സാഹചര്യം വിലയിരുത്തി ക്ലൗഡ് സീഡിംഗ് നടത്തുകയാണ് രീതി.