മുംബൈ: വനിതാ ക്രിക്കറ്റ് താരങ്ങള്‍ നേരിട്ടിരുന്ന സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ മുന്‍ താരം മിതാലി രാജ്. 2005 ലോകകപ്പില്‍ റണ്ണര്‍ അപ്പായ തങ്ങള്‍ക്ക് ഒരു മത്സരത്തിന് ലഭിച്ചിരുന്നത് ആയിരം രൂപയാണെന്നു മിതാലി പറഞ്ഞു. എട്ട് മത്സരങ്ങള്‍ കളിച്ച താരങ്ങള്‍ ആകെ നേടിയത് 8000 രൂപയാണ്.
ഇന്ത്യയെ ആദ്യമായി ഫൈനലിലെത്തിക്കാന്‍ അന്നു നായികയായിരുന്ന മിതാലിക്കായി. ഫൈനലില്‍ 215 റണ്‍ പിന്തുടര്‍ന്നു നേടാന്‍ ഇന്ത്യക്കായില്ല. അതിനു ശേഷം 2017 ല്‍ ഫൈനലില്‍ കടന്നപ്പോള്‍ സ്‌ഥിതി ഏറെ മെച്ചപ്പെട്ടു. 2005 കാലഘട്ടത്തില്‍ വാര്‍ഷിക കരാറുകളുണ്ടായിരുന്നില്ല. ടൂര്‍ണമെന്റുകള്‍ക്കായി ട്രെയിനിലായിരുന്നു വനിതാ ടീം സഞ്ചരിച്ചിരുന്നത്. വിദേശത്ത് പരമ്പരയ്‌ക്കു പോകാന്‍ ടീമിന് സഹായവുമായി എത്തിയത് ബോളിവുഡ് താരവും ക്രിക്കറ്റ് അവതാരകയുമായ മന്ദിരാ ബേദിയായിരുന്നെന്നു മിതാലി അനുസ്‌മരിച്ചു.
വനിതാ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് (ഡബ്ല്യു.സി.എ.ഐ.) സാമ്പത്തികമായി നല്ല കാലമായിരുന്നില്ല അന്ന്. 1973-ലാണ് വനിതാ ക്രിക്കറ്റ് അസോസിയേഷന്‍ രൂപീകരിച്ചത്. 2006 ല്‍ ബി.സി.സി.ഐ. ടീമിനെ ഏറ്റെടുക്കുന്നതുവരെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ കൈകാര്യം ചെയ്‌തിരുന്നത് ഡബ്ല്യു.സി.എ.ഐ. ആയിരുന്നു. 42 വയസുകാരിയായ മിതാലി ഇന്ത്യക്കായി 232 ഏകദിനങ്ങളും 12 ടെസ്‌റ്റുകളും 89 ട്വന്റി20 കളും കളിച്ചു. ടെസ്‌റ്റില്‍ 699 റണ്ണും ഏകദിനത്തില്‍ 7805 റണ്ണും ട്വന്റി20 യില്‍ 2364 റണ്ണുമെടുത്തു.




