Health

കാര്‍ട്ടൂണും ഗെയിമു മാത്രമല്ല, കുട്ടികള്‍ക്കും വേണം വ്യായാമം; പഠനത്തില്‍ ശ്രദ്ധയും കേന്ദ്രീകരിക്കാം

കുട്ടികളും വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. അവരുടെ ശരീരവും ഹെല്‍ത്തിയായി വേണം ഇരിയ്ക്കാന്‍. അതിനായി കൃത്യമായ രീതിയില്‍ അവര്‍ക്ക് വ്യായാമ പരിശീലനം കൊടുക്കണം. അവരുടെ എല്ലുകളെ ശക്തിപ്പെടുത്താനും ശരീരഭാരം നിലനിര്‍ത്താനും ഇത് സഹായകരമാണ്. കാര്‍ട്ടൂണും ഗെയിമുമൊക്കെയായി സമയം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യായാമം മികച്ച മാര്‍ഗമാണ്……

* പാട്ട് – ചില പാട്ടുകള്‍ നിമിഷ നേരം കൊണ്ടാണ് മൂഡ് ചെയ്ഞ്ചറാകുന്നത്. ട്രെന്റിനനുസരിച്ച് കുട്ടികളുടെ ഇഷ്ട പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ചൊരു പ്ലേ ലിസ്റ്റ് തയ്യാറാക്കാവുന്നതാണ്. ഇതിന് കുട്ടികള്‍ താളം ചവിട്ടുന്നതിലൂടെ ശരീരത്തിന് വഴക്കം വയ്ക്കുകയും ചലനശേഷി വികസിക്കുകയും ചെയ്യും.

* ഗെയിം – ഗെയിമുകള്‍ ഇഷ്ടമല്ലാത്ത ഏത് കുട്ടികളാണല്ലേ ഉള്ളത്. ഒപ്സ്റ്റാക്കിള്‍ കോഴ്‌സ്, ട്രെഷര്‍ ഹണ്ട്, റിലേ, സ്‌കിപ്പിങ് റോപ്പ് മുതലായവ വീട്ടില്‍ ചെയ്യുന്നതിലൂടെ കുട്ടികള്‍ അവരറിയാതെ തന്നെ വ്യായാമം ചെയ്യുന്നു.

* റിവാര്‍ഡ് – ജംമ്പിംഗ് ജാക്‌സ്, ഓട്ടം, നടത്തം എന്നിങ്ങനെ കുട്ടികള്‍ക്ക് മുന്നില്‍ മത്സരങ്ങള്‍ വയ്ക്കുക. അവര്‍ അത് പൂര്‍ത്തിയാക്കിയാല്‍ ചെറിയ സ്റ്റിക്കര്‍ പോലുള്ള സമ്മാനം നല്‍കാം. ഇത് അവരെ വീണ്ടും വ്യായാമം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നു.

* മാതാപിതാക്കള്‍ക്കൊപ്പം – മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് കുട്ടികള്‍. അതുകൊണ്ട് വ്യായാമം കുടുംബസമേതം ആയാലോ? നടത്തം, യോഗ, ഡാന്‍സ്, ഓട്ടം മുതലായവ ഒരുമിച്ച് ചെയ്യാം. അവരുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും രക്തയോട്ടം വര്‍ധിക്കുകയും ചെയ്യും.

* താല്‍പര്യം – പല കുട്ടികള്‍ക്കും ആയോധനകല, ഡാന്‍സ്, സൈക്ലിംഗ്, സ്‌കേറ്റിംഗ് തുടങ്ങി നിരവധി മേഖലകളിലാണ് താല്‍പര്യം. ശാരീരിക വ്യായാമമായതിനാല്‍ കുട്ടികളുടെ പേശികളുടെയും എല്ലുകളുടെയും വളര്‍ച്ചയ്ക്ക് ഇത് സഹായിക്കും.  അതുകൊണ്ട് കുട്ടികളുടെ താല്‍പര്യം അറിഞ്ഞ് വേണം പ്രോത്സാഹിപ്പിക്കാന്‍.