Featured Good News

ഡോനട്ട് കഴിക്കാൻ മോഹം: കുരുന്ന് വിളിച്ചത് എമർജൻസി നമ്പറിലേയ്ക്ക് , പിന്നാലെ സംഭവിച്ചത്

യുഎസിലെ ഒക്ലഹോമയിൽ നിന്നും പുറത്തുവരുന്ന ഒരു രസകരമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഡോനട്ട് കഴിക്കാൻ അതിയായ മോഹം തോന്നിയ ഒരു കുരുന്ന് എമർജൻസി നമ്പറായ 911 ലേക്ക് വിളിച്ച് ഡോനട്ടുകൾ ഓർഡർ ചെയ്ത വാർത്തയാണിത്.

മൂർ പോലീസ് ഡിപ്പാർട്ട്‌മെന്റിലേക്കാണ് ബെനറ്റ് എന്ന്‌ പേരുള്ള ഈ കൊച്ച് ഡോനട്ടു കൊതിയന്റെ കോൾ എത്തിയത്. അടിയന്തര സഹായത്തിനു ആരെങ്കിലും വിളിച്ചതാണെന്ന് പോലീസ് ഓർത്തെങ്കിലും സംഗതി ഒരു ഡോനട്ട് പ്രശ്നമാണെന്ന് പോലീസിന് മനസിലായി. കുരുന്നിന്റെ ആവശ്യം കേട്ട് പോലീസുകാർ പൊട്ടിച്ചിരിച്ചെങ്കിലും ബെനറ്റിന് ഒരു സർപ്രൈസ് നൽകാൻ ഡിപ്പാർട്മെന്റ് തീരുമാനിച്ചു.

അധികം വൈകാതെ തന്നെ അവർ ഒരു പെട്ടി നിറയെ ഡോനട്ടുമായി ബെനറ്റിന്റെ താമസസ്ഥലത്തെത്തി. ഡോനട്ടുകൾ കണ്ട് ബെനറ്റിനു തന്റെ സന്തോഷവും ആവേശവും അടക്കാനായില്ല. കുരുന്നിന്റെ രസകരമായ ഈ പ്രതികരണങ്ങൾ എല്ലാം പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ക്യാമറയിൽ പകർത്തി. തുടർന്ന് അതി മനോഹരമായ ഈ മുഹൂർത്തം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

“ബെന്നറ്റ് ഒരു ഡോനട്ട് അടിയന്തരമായി വേണെമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടു. അത് അവന് എത്തിച്ചുകൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അവന്റെ ആ ചിരിയിൽ ഉണ്ട് എല്ലാം. ഡോനട്ടുകൾ കണ്ടപ്പോഴുള്ള അവന്റെ സന്തോഷം പ്രവാചനാതീതമായിരുന്നു. വീഡിയോയ്ക്ക് പലരുടെയും മുഖത്ത് പുഞ്ചിരി വിടർത്താൻ കഴിഞ്ഞു. എത്രപെട്ടന്നാണ് സന്തോഷവും ദയയും ആളുകളിലേക്ക് ഒഴുകിയെത്തുന്നത് എന്നതിന്റെ തെളിവാണ് ഈ വീഡിയോ” എന്ന്‌ കുറിച്ചുകൊണ്ടാണ് @Moore Police Dept. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ വൈറലായതിനു പിന്നാലെ മൈക്രോബ്ലോഗിംഗ് സൈറ്റ് ഉപയോക്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി. ഒരാൾ പറഞ്ഞു, “അരാജകത്വത്തിനിടയിൽ കണ്ട ഏറ്റവും മധുരമായ ഒരു നിമിഷം, നിങ്ങൾ വളരെ നല്ലതുപോലെ അത് കൈകാര്യം ചെയ്തു.” എന്നാണ് കുറിച്ചത്.

എമർജൻസി കോളിൽ പ്രവർത്തിച്ചതിന് മറ്റൊരാൾ വകുപ്പിനെ അഭിനന്ദിച്ചു. അദ്ദേഹം എഴുതി, “നിങ്ങളുടെ വകുപ്പ് വളരെ ഗംഭീരമാണ്. 911 ഓപ്പറേറ്റർക്കും എമർജൻസി ഡോനട്ടുകൾ വിതരണം ചെയ്ത ഓഫീസർമാർക്കും അഭിനന്ദനങ്ങൾ.”

Leave a Reply

Your email address will not be published. Required fields are marked *