എത്ര അപകടം പിടിച്ച വഴിയിലൂടെയും സഞ്ചരിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ എത്രയൊക്കെ ധൈര്യശാലികളാണെങ്കിലും
തുർക്കിയിലെ ഈ റോഡിലൂടെ വാഹനമോടിക്കാൻ ഒരുപടി കൂടുതൽ ധൈര്യവും മനക്കരുത്തും ആവശ്യമാണ്. പറഞ്ഞുവരുന്നത് Warrantywise.co.uk ലോകത്തിലെ ഏറ്റവും അപകടകരമായ റോഡ് എന്ന് പേരിട്ടിരിക്കുന്ന D915 എന്ന റോഡിനെ കുറിച്ചാണ്. കാരണം വെല്ലുവിളി നിറഞ്ഞ വളവുകൾക്കും തിരിവുകൾക്കും കുപ്രസിദ്ധമാണ് ഈ പാത.
കിഴക്കൻ തുർക്കിയിലെ ഓഫ്, ബേബർട്ട് പട്ടണങ്ങൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന 105 കിലോമീറ്റർ നീളമുള്ള ഈ റോഡ് “നരകത്തിലേക്കുള്ള ഹൈവേ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തുർക്കിയുടെ വടക്കുകിഴക്കൻ അനറ്റോലിയ പ്രവിശ്യയെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന പാതയാണിത്.
D915 റോഡിന്റെ ചരിത്രം ആരംഭിക്കുന്നത് 1916-1918 ലെ ട്രെബിസോണ്ട് ക്യാമ്പയിൻ കാലത്താണ്. ഈ ക്യാമ്പയിനിലൂടെയാണ് ഓട്ടോമൻ സാമ്രാജ്യവുമായുള്ള പോരാട്ടത്തിന് ശേഷം റഷ്യൻ സൈന്യം നഗരം പിടിച്ചടക്കിയത്. അതിനാൽ റഷ്യൻ സൈനികരാണ് ഈ റോഡ് നിർമ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
പൂർണ്ണമായും കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് റോഡ് നിർമിച്ചിരിക്കുന്നത്. റോഡിന്റെ ചില ഭാഗങ്ങളിൽ ചിലയിടങ്ങളിൽ അസ്ഫാൽറ്റ് പാകിയെങ്കിലും ഭൂരിഭാഗവും ഇപ്പോഴും അയഞ്ഞ ചരൽ കൊണ്ട് തന്നെയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ആദ്യ കാഴ്ച്ചയിൽ D915 അത്ര തീവ്രമായി തോന്നുന്നില്ലെങ്കിലും മുന്നോട്ട് പോകുമ്പോൾ, റോഡ് ഇടുങ്ങിയതും കുത്തനെയുള്ളതുമായിട്ടാണ് കാണപ്പെടുന്നത്. കുപ്രസിദ്ധമായ ഡെറെബാസി തിരിവുകൾ ഉൾപ്പെടെ ആകെ 38 മൂർച്ചയുള്ള ഹെയർപിൻ തിരിവുകളാണ് ഈ റോഡിലുള്ളത്. അവയിൽ 17 എണ്ണം സമുദ്രനിരപ്പിൽ നിന്ന് 5,617 അടി മുതൽ 6,677 അടി വരെ ഉയരത്തിലും 5.1 കിലോമീറ്റർ നീളത്തിലും സ്ഥിതി ചെയ്യുന്നു.
അതേസമയം റോഡിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗങ്ങൾ വളരെ ചെറുതാണ്. രണ്ട് കാറുകൾ എതിർവശങ്ങളിൽ നിന്ന് എത്തുമ്പോൾ, മറ്റൊന്നിന് വഴിയൊരുക്കാൻ അവയിലൊന്ന് പിറകോട്ട് പോകണം. കൂടാതെ, താഴെയുള്ള അഗാധ ഗര്‍ത്തത്തിലേയ്ക്ക് കാറുകൾ വീഴുന്നത് തടയാൻ ഗാർഡ് റയിലുകളൊന്നുമില്ല.
ഇത്രയൊക്കെ അപകടങ്ങൾ പതുങ്ങിയിരുന്നിട്ടും നൂറുകണക്കിന് പ്രദേശവാസികൾ ദിവസവും ഉപയോഗിക്കുന്ന താരതമ്യേന തിരക്കുള്ള റോഡാണ് D915. അതേസമയം ഓഫീനും ബെബർട്ടിനും ഇടയിൽ മറ്റ് രണ്ട് ഇതര റോഡുകള്‍കൂടിയുണ്ട്. എന്നാൽ D915 ആണ് എപ്പോഴും യാത്ര ചെയ്യാൻ ആളുകൾ തിരഞ്ഞെടുക്കാറുള്ളത്.
മഞ്ഞുവീഴ്ചയും മാറുന്ന കാലാവസ്ഥയും കാരണം, ശൈത്യകാലം മുഴുവൻ റോഡ് അടഞ്ഞുകിടക്കുകയാണ്. കാരണം എപ്പോൾ വേണെമെങ്കിലും റോഡിൽ ഹിമപാതങ്ങൾ, മണ്ണിടിച്ചിൽ, കനത്ത മഞ്ഞുവീഴ്ച എന്നിവയും ഉണ്ടായേക്കാം.