Healthy Food

മുടി വളരണോ? ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം

കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. തലമുടി കൊഴിയുന്നതില്‍ ആശങ്കയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടി കൊഴിച്ചില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം….

  • പരിപ്പുകളും വിത്തുകളും – ബദാം, വാല്‍നട്ട്, ഫ്‌ലാക്‌സ് സീഡുകള്‍, ചിയ സീഡുകള്‍ എന്നിവ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവയുടെ മുഖ്യ ഉറവിടങ്ങളാണ്. ഇതിന് മുടി പൊട്ടുന്നത് തടയാനും, ശക്തി വര്‍ധിപ്പിക്കാനും, തലയോട്ടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനുമുള്ള കഴിവുണ്ട്. ഇവ ലഘുഭക്ഷണമായോ, സാലഡുകളിലോ യോഗര്‍ട്ടുകളിലോ ചേര്‍ത്തതു കൊണ്ടോ, സ്മൂത്തിയില്‍ ഉള്‍പ്പെടുത്തിയോ കഴിക്കാം. തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനക്ഷമതയില്‍ ഇവക്ക് സ്വാധീനമുണ്ട്.
  • മുട്ട – പ്രോട്ടീന്‍, ബയോട്ടിന്‍, അമിനോ ആസിഡുകള്‍ എന്നിവയുടെ മുഖ്യ സ്രോതസ്സാണു മുട്ടകള്‍. കൂടുതല്‍ മുടിയുണ്ടാകാന്‍ പ്രോട്ടീനുകളും, വളര്‍ച്ചയ്ക്കായി ബയോട്ടിനും സഹായകമാണ്. പുഴുങ്ങിയോ, ഓംലറ്റ് രൂപത്തിലോ കഴിക്കുന്നത് കൂടുതല്‍ പ്രയോജനകരമാകും. മുടിക്ക് പുറമേ, ശരീരത്തിന്റെ പൂര്‍ണ്ണവളര്‍ച്ചയ്ക്കും മുട്ടയുടെ ഉപയോഗം ഏറെ ഫലപ്രദമാണ്.
  • അവക്കാഡോ – ആരോഗ്യകരമായ കൊഴുപ്പുകളാലും, വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റ്‌സ് എന്നിവയാലും സമ്പന്നമാണ് അവക്കാഡോ. കൊഴുപ്പുകള്‍ തലയോട്ടി പുഷ്ടിപ്പെടുത്തുന്നതിനും അതിലൂടെ മുടിയുടെ വളര്‍ച്ച ഉറപ്പു വരുത്തുന്നതിനും സഹായകമാണ്. സാലഡുകളിലായോ, ഉടച്ച് ചേര്‍ത്തോ, കഷ്ണങ്ങളാക്കി മുറിച്ചോ കഴിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യസംരക്ഷണത്തിനു പുറമെ, അവക്കാഡോ ഹൃദയാരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും ഉത്തമമാണ്.
  • ചീര – അയണ്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, ഫോലേറ്റ് എന്നീ ഘടകങ്ങളാല്‍ സമ്പന്നമാണു ചീര. അയണ്‍, മുടിയുടെ വേരുകളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കുന്നതിലൂടെ മുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു. പലതരത്തില്‍ ചീരയുടെ ഉപഭോഗം സാധ്യമാണ്. സാലഡുകളിലോ, സ്മൂത്തിയിലോ ചേര്‍ത്ത് പാകം ചെയ്യാതെ തന്നെ ഉപയോഗിക്കാനാവും.
  • പയര്‍വര്‍ഗ്ഗങ്ങള്‍ – പ്രോട്ടീന്‍, അയണ്‍, സിങ്ക്, ബയോട്ടിന്‍ എന്നിവയാല്‍ സമ്പന്നമായ പയറുവര്‍ഗ്ഗങ്ങളിലെ പ്രോട്ടീന്‍ രോമകൂപങ്ങളെ ശക്തിപ്പെടുത്താനും, അയണ്‍ തലയോട്ടിയിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കുകയും, സിങ്ക് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ബയോട്ടിന്‍ മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യും. സൂപ്പായോ, സലാഡില്‍ ഉള്‍പ്പെടുത്തിയോ, സൈഡ് ഡിഷ് ആയോ കഴിക്കാം. മുടിയുടെ സംരക്ഷണത്തോടൊപ്പം ഹൃദയാരോഗ്യത്തിനും ദഹനത്തിനും ധാന്യങ്ങള്‍ ഏറെ സഹായകമാണ്.
  • സാല്‍മണ്‍ മത്സ്യം – സാല്‍മണ്‍ മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, വൈറ്റാമിന്‍ ഡി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിലെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ മുടിയുടെ വേരുകളെ പരിപോഷിപ്പിക്കാനും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്.
  • ഗ്രീക്ക് യോര്‍ഗട്ട് – പ്രോട്ടീന്‍, വൈറ്റാമിന്‍ ബി 5, വൈറ്റമിന്‍ ഡി എന്നിവയാണ് ഗ്രീക്ക് യോഗര്‍ട്ടില്‍ അടങ്ങിയിട്ടുള്ളത്. പ്രോട്ടീന്‍ മുടിയെ ശക്തിപ്പെടുത്തുകയും, വൈറ്റമിന്‍ ബി 5 തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും മുടി വളര്‍ച്ച ഉറപ്പുവരുത്തുകയും ചെയ്യുന്നു. യോഗര്‍ട്ട് അതുപോലെ തന്നെയോ, പഴങ്ങളും തേനും ചേര്‍ത്തോ കഴിക്കാം. കുടലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.
  • മധുരക്കിഴങ്ങ് – മധുരക്കിഴങ്ങില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടീന്‍ ശരീരത്തിനകത്ത് എത്തിയ ശേഷം വൈറ്റമിന്‍ എ ആയി രൂപാന്തരപ്പെടുന്നു. വൈറ്റമിന്‍ എ തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സെബം എന്ന എണ്ണമയമുള്ള പദാര്‍ത്ഥത്തിന്റെ ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു.