Health

പല്ലുതേച്ചിട്ട് വായ കഴുകരുത്… ഇതെന്താ ഈ ഡെന്‍റിസ്റ്റുകള്‍ ഇങ്ങനെ പറയുന്നത്?

കുറഞ്ഞത് രണ്ട് നേരമെങ്കിലും ദിവസവും പല്ല് തേയ്ക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ ഇക്കണ്ടകാലം മുഴുവനും തെറ്റായ രീതിയിലാണ് നിങ്ങള്‍ പല്ലു തേച്ചിരുന്നത് എന്ന വാര്‍ത്തയാണ് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. പല്ല് തേക്കുക, തുപ്പുക, തുടർന്ന് വായ കഴുകുക – നമ്മളിൽ മിക്കവരും എല്ലാ ദിവസവും രാവിലെ (രാത്രിയിലും) പിന്തുടരുന്ന ശുചിത്വ വ്യായാമമാണിത്. എന്നാൽ നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞാലോ?

ഇതില്‍ ചില കാര്യമുണ്ടെന്നാണ് ദന്തഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നത്. പല്ല് തേച്ച ഉടനെ വായ കഴുകുന്നതിലൂടെ ടൂത്ത് പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളൂറൈഡിന് പ്രവര്‍ത്തിക്കുന്നതിനായി സമയം ലഭിക്കുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം. ഇത്തരം ഫ്‌ളൂറൈഡുകളാണ് പല്ലുകളിലെ ഇനാമലിനെ ശക്തിപ്പെടുത്തുന്നത്.പല്ല് തേച്ച ഉടനെ തന്നെ വായ കഴുകുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ചും വെള്ളവും മൗത്ത് വാഷും ഉപയോഗിച്ച് കഴുകുന്നത് ഒഴിവാക്കണമെന്നും പറയുന്നു.

ഫ്‌ളൂറൈഡ് അധികസമയം വായില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് അതിന്റെ ഗുണം ലഭിക്കുന്നതെന്ന് ബംഗളൂരു ബിജിഎസ് ആശുപത്രിയിലെ ഡോ ബി ആര്‍ രാഘവേന്ദ്ര അഭിപ്രായപ്പെടുന്നു. പെട്ടെന്ന് കഴുകിയാൽ ഫ്ലൂറൈഡ് നഷ്ടപ്പെടുകയും പല്ലിലെ ക്ഷയം തടയാൻ അതിന് കഴിയാതെ വരികയും ചെയ്യുന്നു. ഫ്ലൂറൈഡ് പല്ലിൽ കൂടുതൽ നേരം തങ്ങിനിൽക്കുമ്പോഴാണ് ഏറ്റവും ഫലപ്രദം

അധിക ടൂത്ത് പേസ്റ്റ് തുപ്പാനും വെള്ളം കുടിക്കുന്നതിനായും കുറഞ്ഞത് 20- 30 മിനിറ്റെങ്കിലും കാത്തിരിക്കണമത്രേ. ഇനി നിങ്ങള്‍ക്ക് പല്ല് തേച്ച ഉടനെ വായ കഴുകണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ഫ്‌ളൂറൈഡ് മൗത്ത് റിന്‍സ് ഉപയോഗിക്കാം. നോയിഡയിലെ ന്യൂമെഡ് ആശുപത്രിയിലെ ഡെന്റൽ വിഭാഗം മേധാവി ഡോ. സുമൻ യാദവ് പറയുന്നു.

ബാക്ടീരിയകള്‍ വായില്‍ ഉല്‍പാദിപ്പിക്കുന്ന ആസിഡില്‍ നിന്ന് ഇനാമലിനെ സംരക്ഷിക്കുന്നതും കേടുകള്‍ തടയുന്നതും ഫ്‌ളൂറൈഡിന്റെ ജോലിയാണ്. എന്നാല്‍ കുട്ടികളും ഡെന്റല്‍ ഫ്‌ളൂറോസിസ് രോഗബാധിതരും ഇവ ഒഴിവാക്കണമെന്നും ദന്തഡോക്ടര്‍മാര്‍ പറയുന്നു. പല്ല് തേക്കുമ്പോൾ അബദ്ധത്തിൽ ടൂത്ത് പേസ്റ്റ് വിഴുങ്ങാൻ സാധ്യതയുള്ളതുകൊണ്ട് കുട്ടികൾ ഫ്ലൂറൈഡ് രഹിത ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കാൻ ഡോക്ടര്‍ നിർദ്ദേശിക്കുന്നു.

ഫ്ലൂറൈഡ് രഹിത ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുമ്പോൾ കഴുകരുത് എന്ന നിയമം പാലിക്കേണ്ടതില്ല. കൂടുതൽ പ്രചാരം നേടുന്നുണ്ടെങ്കിലും, ഇത്തരം ടൂത്ത്‌പേസ്റ്റുകൾ ഉപയോഗിക്കാൻ ദന്തഡോക്ടർമാർ ശുപാർശ ചെയ്യുന്നില്ല. “ഫ്ലൂറൈഡ് ടൂത്ത്‌പേസ്റ്റിന്റെ അതേ അളവിലുള്ള സംരക്ഷണം പല്ല് നശിക്കുന്നതിനെതിരെ ഇത് നൽകുന്നില്ല എന്നതാണ് പ്രധാന പോരായ്മ. പല്ലുകളുടെ ആരോഗ്യത്തിന്, ഫ്ലൂറൈഡ് ടൂത്ത്‌പേസ്റ്റ് പലപ്പോഴും മികച്ച ഓപ്ഷനാണ്,” ഡോ. രാഘവേന്ദ്ര പറയുന്നു.