ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയില്‍ തുടര്‍തോല്‍വികള്‍ നേരിട്ടതോടെ ഇന്ത്യന്‍ ടീമിനുള്ളിലെ കുഴപ്പങ്ങളും അഭിപ്രായഭിന്നതകളും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. രോഹിത് ശര്‍മയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയിലും ഗൗതം ഗംഭീറിന്റെ മുഖ്യപരിശീലകന്റെ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. സിഡ്നിയില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജയിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ പല ഓപ്ഷനുകള്‍ തിരയുകയാണ്.
ജൂലൈയില്‍ ഹെഡ് കോച്ചിന്റെ റോള്‍ ഏറ്റെടുത്തതു മുതല്‍ ടീമിലെ ചില കളിക്കാരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതില്‍ ഗംഭീര്‍ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് ടീമിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. നിര്‍ണായകമായ അവസാന ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനില്‍ നിലവിലെ നായകന്‍ രോഹിത് ശര്‍മ്മയുടെ സ്ഥാനം സ്ഥിരീകരിക്കാന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ വിസമ്മതിച്ചതായും ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളിലെ പിരിമുറുക്കം രൂക്ഷമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നിരാശാജനകമായ പ്രകടനമാണ് രോഹിത്തിന് തിരിച്ചടിയാകുന്നത്. അഞ്ച് ഇന്നിംഗ്സുകളില്‍ ബാറ്റ് ചെയ്ത രോഹിതിന് ഒരിന്നിംഗ്‌സില്‍ മാത്രമാണ് രണ്ടക്കമെങ്കിലും കടക്കാനായത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് സജ്ജീകരണത്തില്‍ രോഹിത് തുടരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ടീം നിലനില്‍ക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് രോഹിത് തന്റെ വിരമിക്കല്‍ പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
ടീമിന്റെ നായകസ്ഥാനത്തേക്ക് വിരാട് കോഹ്ലി മടങ്ങി വന്നേക്കാമെന്ന സൂചനയും കാണിക്കുന്നുണ്ട്. പരമ്പരയിലുടനീളം, കോഹ്ലിയായിരുന്നു മൈതാനത്ത് കൂടുതല്‍ ശ്രദ്ധേയനായത്. പലപ്പോഴും ടീം ഹഡിലുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുകയും യുവ കളിക്കാരെ ഉപദേശിക്കുകയും ചെയ്യുന്നതും കണ്ടിരുന്നു. വരും മത്സരത്തില്‍ കോഹ്ലി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുത്തേക്കും.