ഫോണിൽ സംസാരിച്ച് മുഴുകിയിരിക്കുന്നതിനിടെ പരിസരബോധം നഷ്ടപ്പെട്ടുപോകുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഫോണിൽ സംസാരിക്കുന്നതിനിടയിൽ സ്വന്തം കുഞ്ഞിനെ ആരെങ്കിലും മറന്നുപോകുമോ? എന്നാൽ അത്തരത്തിലൊരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്.
“@kattappa_12” എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വൈറലായ വീഡിയോയിൽ ഒരു യുവതി ഫോൺ വിളിച്ചുകൊണ്ടു നടന്നുപോകുന്നതാണ് കാണുന്നത്. ഫോൺ സംസാരത്തിൽ മുഴുകിയിരിക്കുന്നതിനാൽ തന്റെ ചുറ്റും നടക്കുന്നത് എന്തെന്ന് പോലുമറിയാതെയാണ് യുവതി നടക്കുന്നത്. ഈ സമയം ഒരു കൊച്ചുകുട്ടിയെ കൈകളിലെടുത്ത് യുവതിയെ വിളിച്ചുകൊണ്ട് ഒരാൾ അവളുടെ പുറകെ ഓടുന്നത് കാണാം.
എന്നാൽ യുവതിയാകട്ടെ അതൊന്നും ഗൗനിക്കാതെ മുന്നോട്ട് ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുകുകയാണ്. ഒടുവിൽ അയാൾ യുവതിയെ പിടിച്ച് നിർത്തുകയും കുട്ടിയെ നൽകുകയും ചെയ്യുന്നു. പെട്ടന്നാണ് യുവതിക്ക് കുഞ്ഞിന്റെ കാര്യം ഓർമ വന്നത്. തുടർന്ന് താൻ അറിയാതെ കുട്ടിയെ കടയിൽ മറന്നതാണെന്ന് യുവതി പറയുന്നത്. വീഡിയോയുടെ അവസാനം കുഞ്ഞുമായി യുവതി നടന്നുനീങ്ങുന്നതുമാണ് കാണുന്നത്.
നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ ഇതിനോടകം ദശലക്ഷ കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
നിരവധി ആളുകളാണ് യുവതിയോടുള്ള രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഒരാൾ അഭിപ്രായപ്പെട്ടു, “ഇത് വളരെ ഭയങ്കരമായി പോയി, ഫോൺ ആണോ ആളുകൾക്ക് പ്രധാനം”. മറ്റൊരാൾ എഴുതി, “ഞാൻ എന്താണ് ഈ കണ്ടുകൊണ്ടിരിക്കുന്നത്. നന്നായി ഞാൻ വിവാഹം കഴിക്കാഞ്ഞത്” എന്നാണ്. ഏതായാലും , വീഡിയോയുടെ ആധികാരികത എത്രത്തോളമുണ്ടെന്നു ഇതുവരെ വ്യക്തമല്ല.