Celebrity

തിയേറ്ററിന് മുന്നില്‍ നിര്‍മാതാവിനെ ചെരുപ്പൂരി തല്ലി നടി രുചി ഗുജ്ജാര്‍; വൈറലായി ദൃശ്യങ്ങള്‍

സോ ലോങ് വാലി സിനിമയുടെ പ്രിമിയറിനിടെ തിയേറ്ററിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍. കഴിഞ്ഞ വ്യാഴാഴ്​ച നടന്ന പ്രിമിയറിനിടെ മോഡലും നടിയുമായ രുചി ഗുജ്ജാര്‍ നിര്‍മാതാവ് കരണ്‍ സിങ്ങിനെ ചെരുപ്പൂരി തല്ലി. ഒപ്പം ആളുകളെ കൂട്ടി പ്രതിഷേധിച്ചാണ് രുചി തിയേറ്ററിലേക്ക് എത്തിയത്. സംഭവം നടന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്, ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഒരു പുതിയ ടിവി പ്രോജക്ടിനായി കരൺ സിങ് 23 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ പ്രോജക്ട് നടക്കാതിരിക്കുകയും പണം തിരികെ നൽകിയില്ലെന്നും രുചി ഗുജ്ജാർ ആരോപിക്കുന്നു. ഈ സാമ്പത്തിക തട്ടിപ്പ് കേസിൽ കരൺ സിങ്ങിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു. ഇതിനുപുറമെ, രുചിയെ ആക്രമിച്ചതിന് നിർമാതാവിനെതിരെ മറ്റൊരു കേസ് കൂടി നൽകുമെന്ന് നടിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

അതേസമയം, ഇത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ചിത്രത്തിന്റെ സംവിധായകനും സഹനിർമാതാവുമായ മാൻ സിങ് ആരോപിച്ചു. സിനിമയുടെ റിലീസ് തടയാൻ രുചി കോടതിയെ സമീപിച്ചിരുന്നുവെന്നും എന്നാൽ കോടതി റിലീസുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയെന്നും മാൻ സിങ് പറഞ്ഞു.