വിദേശ സഞ്ചാരികളെ സ്വീകരിക്കുന്നതിൽ മുൻപന്തിയിലാണ് നമ്മൾ ഇന്ത്യക്കാർ. അതിപ്പോൾ വീട്ടിൽ പാകം ചെയ്ത ഭക്ഷണം വാഗ്ദാനം ചെയ്യുന്നതിലായാലും, തിരക്കേറിയ തെരുവിൽ വഴി പറഞ്ഞു കൊടുക്കുന്നതായാലും, നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ നൽകുന്നതിലും, വിനോദസഞ്ചാരികളോടുള്ള ഇന്ത്യക്കാരുടെ കരുതലും ദയയും വെളിപ്പെടുത്തുന്ന എണ്ണമറ്റ കഥകൾ സമീപ കാലത്തായി ഉണ്ടായിട്ടുണ്ട്.
ഇതെല്ലാം നമ്മുടെ രാജ്യത്തിന്റെ ധാർമ്മികതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ‘അതിഥി ദേവോ ഭവ’ (അതിഥികൾ ദൈവത്തിന് തുല്യരാണ്). അത്തരത്തിലുള്ള ഹൃദയസ്പർശിയായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുജറാത്തിൽ ട്രെയിനിൽവച്ച് വാലറ്റ് നഷ്ടപ്പെട്ട യുഎസിൽ നിന്നുള്ള ഒരു വിനോദസഞ്ചാരിക്ക് അന്നേദിവസം തന്നെ തന്റെ സാധനങ്ങൾ എല്ലാം ഒരു കടയുടമയിൽ നിന്ന് തിരികെ കിട്ടിയതോടെ തന്റെ സന്തോഷം അടക്കാനായില്ല.
ഇൻസ്റ്റാഗ്രാം ഉപയോക്താവ് @animuchx പങ്കിട്ട വീഡിയോ അനുസരിച്ച്, ഗുജറാത്തിലെ ഭുജ് ജില്ലയിൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സ്റ്റെഫ് എന്ന വിനോദസഞ്ചാരിക്ക് തന്റെ വാലറ്റ് നഷ്ടപ്പെട്ടത്. ഭാഗ്യവശാൽ, ചിരാഗ് എന്നു പേരുള്ള ഒരു പ്രാദേശിക കടയുടമ വാലറ്റ് കണ്ടെത്തുകയും അത് അവൾക്ക് തിരികെ ലഭിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്തു. നന്ദി സൂചകമായി സ്റ്റെഫ് അദ്ദേഹത്തിന് കുറച്ച് പണം വാഗ്ദാനം ചെയ്തെങ്കിലും ചിരാഗ് വിനയപൂർവ്വം അത് നിരസിക്കുകയായിരുന്നു. ചിരാഗിന്റെ സത്യസന്ധതയ്ക്കും ദയയ്ക്കും വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
ഇപ്പോൾ വൈറലായ വീഡിയോയിൽ സ്റ്റെഫ് ചിരാഗിന് പണം വാഗ്ദാനം ചെയ്യുന്നതും ചിരാഗ് അത് വാങ്ങാൻ വിസമ്മതിക്കുകയും ചെയ്യുന്നതാണ് കാണുന്നത്. “ഇന്ത്യയിൽ നിന്ന് ധാരാളം നെഗറ്റീവ് വാർത്തകൾ വരുന്നതായി എനിക്ക് തോന്നുന്നു, എന്നാൽ ഇവിടെ വളരെയധികം പോസിറ്റീവ് ഉണ്ട്. നിങ്ങളുടെ ദയയ്‌ക്ക് നന്ദി ചിരാഗ്, അദ്ദേഹത്തെ പോലെയുള്ള കൂടുതൽ ആളുകളെ ഞങ്ങൾക്ക് ആവശ്യമുണ്ട്,” സ്റ്റെഫ് വീഡിയോയിൽ പറയുന്നു.
ഏപ്രിൽ 17 ന് പങ്കുവെച്ച വീഡിയോയോട്, പ്രതികരിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. “സഹായിച്ച ഒരു ഇന്ത്യക്കാരന് പണം വാഗ്ദാനം ചെയ്താൽ അയാൾക്ക് ദേഷ്യം തോന്നും,” ഒരു ഉപയോക്താവ് എഴുതി. “ഞാൻ കച്ചിൽ ജനിച്ചു വളർന്നതിൽ എനിക്ക് അഭിമാനമുണ്ട്. കച്ചിന്റെയും ഇന്ത്യയുടെയും സത്ത ചിരാഗ് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു,” മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
“അയ്യോ! കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ഹോട്ടലിൽ വെച്ച് എന്റെ കുഞ്ഞിന്റെ സ്വർണ്ണ ബ്രേസ്ലെറ്റ് നഷ്ടപ്പെട്ടു. ഫോൺ കോളിൽ അന്വേഷിക്കാൻ തിരികെ വിളിച്ചപ്പോൾ, ഒരു വെയിറ്റർക്ക് അത് കിട്ടിയെന്നും കാഷ്യർ ഡ്രോയറിൽ സുരക്ഷിതമാണെന്ന് ഞങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ഞങ്ങൾക്ക് അത് ലഭിച്ചു! അതിനാൽ എല്ലായിടത്തും നല്ല ആളുകളും ചീത്ത ആളുകളും ഉണ്ട്. ദയവായി എന്റെ ഭാരതത്തെ മറ്റൊരു തരത്തിൽ ലേബൽ ചെയ്യരുത്,” മൂന്നാമത്തെ ഉപയോക്താവ് പറഞ്ഞു.