ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഒരു സര്‍ക്കാര്‍ യു.പി പ്രൈമറി സ്‌കൂളില്‍ ക്ലാസ് മുറിയിലെ തറയില്‍ കിടക്കുന്ന അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥികള്‍ കാറ്റ് വീശി കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
വൈറല്‍ ക്ലിപ്പില്‍, സ്‌കൂള്‍ ടീച്ചര്‍ ക്ലാസില്‍ മയങ്ങിക്കിടക്കുന്നതായി തോന്നുന്നു, കുറച്ച് വിദ്യാര്‍ത്ഥികള്‍ മാറിമാറി അവരെ വീശികൊണ്ടിരിക്കുന്നു. വീഡിയോ പങ്കിട്ടുകൊണ്ട്, ഒരു X ഹാന്‍ഡില്‍ @Gluzar_sahab എഴുതി, ”അധ്യാപകര്‍ ഇങ്ങനെയാണെങ്കില്‍, പഠിപ്പിക്കല്‍ എങ്ങനെയായിരിക്കും?, കത്തുന്ന ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ നിരപരാധികളായ കുട്ടികളെകൊണ്ട് ലേഡി ടീച്ചര്‍ വീശിപ്പിക്കുന്നു”.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ജനങ്ങളുടെ പ്രതിഷേധം ഉയരുകയും ചെയ്തതിന് തൊട്ടുപിന്നാലെ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാകേഷ് സിംഗ് വിശദീകരണവുമായെത്തി. ‘പഠിപ്പിക്കുന്നതിനിടെ അധ്യാപിക കസേരയില്‍ നിന്ന് വീണു. അവര്‍ക്ക് പ്രഥമ ശുശ്രൂഷ എന്ന നിലയിലാണ് കുട്ടികള്‍ വീശികൊടുത്തത്. ചൂടുമാറ്റാന്‍ കുട്ടികളെകൊണ്ട് വീശിച്ചു എന്ന വാദം ശരിയല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി’ ,സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു .
ഈ മാസം ആദ്യം സമാനമായ ഒരു വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലെ ഒരു അധ്യാപിക ക്ലാസ് മുറിയിൽ വിശ്രമിക്കുന്നതും വിദ്യാർഥികൾ ക്ലാസ് സമയത്ത് കളിച്ചു കൊണ്ടിരിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിമർശനം ഉയർന്നതോടെ അധ്യാപികയ്ക്ക് സുഖമില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു.