കേരളത്തില് തെരുവുനായ ശല്യം അതിരൂക്ഷമായിവരുകയാണ്. നിരവധി ആളുകൾക്കാണ് ഇവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുള്ളത്. ഓരോ ദിവസവും ഇവയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വാർത്തകളാണ് രാജ്യത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പൊതുനിരത്തുകളിൽ പോലും ആളുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനിടയിലാണ് ഡൽഹിയിൽ നിന്നും വൈറലായ ഒരു ദൃശ്യം സോഷ്യൽ മീഡിയയെ രോഷം കൊള്ളിച്ചത്. സർവൈലൻസ് വാഹനത്തിൽ നിന്ന് തെരുവ് നായ്ക്കളെ മോചിപ്പിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പരക്കെ വിമർശനത്തിന് കാരണമായത്.
സർവൈലൻസ് വാഹനത്തിന് പിന്നാലെ ബൈക്കിൽ സഞ്ചരിച്ച യുവാവാണ് വാഹനത്തിന്റെ പൂട്ട് തുറന്ന് നായ്ക്കളെ റോഡിൽ ചാടി രക്ഷപെടാൻ അനുവദിച്ചത്. ഡൽഹിയിലാണ് സംഭവം നടന്നതെങ്കിലും എന്നാണെന്നോ എപ്പോഴാണെന്നോ വ്യക്തമല്ല.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട വീഡിയോയിൽ റോഡിലൂടെ നിറയെ തെരുവ് നായ്ക്കളുമായി ഒരു നിരീക്ഷണ വാഹനം കടന്നുപോകുകയാണ്. ഇതിനു തൊട്ടുപിന്നാലെ ഇരുചക്ര വാഹനത്തിൽ ഒരു യുവാവ് എത്തുകയും ഇയാൾ നിരീക്ഷണ വാഹനത്തിന് സമീപം എത്തി, അതിന്റെ ലോക്ക് അൺലോക്ക് ചെയ്യുകയും നായ്ക്കളെ പുറത്തേക്ക് ചാടാൻ അനുവദിക്കുകയും ചെയ്യുന്നു. “ഒരു മനുഷ്യൻ ഒരു നിരീക്ഷണ വാഹനത്തിൽ നിന്ന് ഒരു കൂട്ടം നായ്ക്കളെ മോചിപ്പിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അവന്റെ പ്രവൃത്തിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്” എന്നു കുറിച്ചുകൊണ്ട് @theviralwatchofficial , എന്ന അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്. ഒരാൾ കുറിച്ചു” തെരുവ് നായ്ക്കളെ വാക്സിനേഷനോ വന്ധ്യംകരണത്തിനോ വേണ്ടി മുനിസിപ്പൽ അധികാരികൾ കൊണ്ടുപോയതാണ്. “ഇയാൾ കാണിച്ചത് ഭ്രാന്താണ് … ഈ വ്യക്തി ശിക്ഷിക്കപ്പെടണം,” എന്നായിരുന്നു. ഒരു ഉപയോക്താവ് എഴുതി. “ദയയല്ല, ബുദ്ധിയില്ലായ്മയാണ് കാണിച്ചത്.
“ഓടുന്ന വാഹനത്തിന്റെ വാതിൽ തുറക്കുന്നത് അത്ര സുരക്ഷിതമല്ല, ചിലപ്പോൾ അവയ്ക്ക് ഗുരുതരമായി പരിക്കേൽക്കാം. രണ്ടാമതായി, അവരെ വന്ധ്യംകരിക്കാൻ കൊണ്ടുപോകുകയാണെങ്കിൽ എന്തുചെയ്യും?” മൂന്നാമത്തെ ഉപയോക്താവ് പറഞ്ഞു. ” ഏതായാലും വീഡിയോ ഇതിനോടകം നിരവധി ആളുകളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.