വിമാന യാത്രകളിലെ അസാധാരണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ഇവയിൽ ചിലതൊക്കെ അതിഭീകരം എന്നു തോന്നിക്കുന്ന സംഭവങ്ങൾ തന്നെയാണ്. ഇപ്പോഴിതാ സമാനമായി, ഒരു വിമാനത്തിൽ ഉണ്ടായ ഞെട്ടിക്കുന്ന ചില സംഭവവികാസങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
ഹോണ്ടുറാസിൽ ഒരു പതിവ് വിമാനയാത്രക്കിടെ യാത്രക്കാരനായ ഒരു യുവാവ് സഹയാത്രക്കാർക്ക് നേരെ തോക്കുചൂണ്ടി വധഭീഷണി മുഴക്കുന്നതിന്റെ അതിഭീകര ദൃശ്യങ്ങളാണിത്. ഹോണ്ടുറാസിലെ ടെഗുസിഗാൽപയിലെ ടോൺകോണ്ടിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റോട്ടനിലേക്ക് പറന്ന വിമാനത്തിലാണ് വിചിത്ര സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്ക് ശേഷമായിരുന്നു യുവാവ് തോക്കുമായി ഭീഷണി മുഴക്കിയത്.
യാത്രക്കിടെ അപ്രതീക്ഷിതമായി ഉണ്ടായ സംഭവം യാത്രക്കാരെയും ജീവനക്കാരെയും പരിഭ്രാന്തിയിലാക്കി. യുവാവ് ആളുകൾക്ക് നേരെ തോക്കു ചൂണ്ടി ഭീഷണി മുഴക്കി തുടങ്ങിയതോടെ സാഹചര്യം കൂടുതൽ വഷളായി. എന്നാൽ തക്കസമയത്ത് ധൈര്യം സംഭരിച്ച് വിമാനത്തിലെ ക്രൂ അംഗങ്ങൾ രംഗത്തെത്തുകയും യുവാവിനെ കീഴപെടുത്തുകയും ചെയ്തതോടെ വലിയ അപകടം ഒഴിവായി.
ഭീഷണിയുടെ ഗൗരവം മനസ്സിലാക്കിയ പൈലറ്റ് ഉടൻ തന്നെ വിമാനം തിരിച്ച് ടൺകോണ്ടിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. സംഘര്‍ഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും, തോക്കുധാരിയെ കീഴടക്കാനും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതുവരെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കാനും ക്രൂവിന് കഴിഞ്ഞു.
വ്യാഴാഴ്ച വിമാനം വിമാനത്താവളത്തിൽ തിരിച്ചെത്തിയ ഉടനെ തന്നെ പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയും ചെയ്തു. വിമാനത്തിൽ തോക്ക് കൈവശം വച്ചതിന്റെ ഉദ്ദേശ്യമോ വ്യക്തിയെക്കുറിച്ചുള്ള വിശദാംശങ്ങളോ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്.
യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ക്രൂവിന്റെ പെട്ടെന്നുള്ള ഇടപെടലും പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള കഴിവും പ്രശംസിക്കപ്പെട്ടു. സംഭവത്തിന് പിന്നാലെ വിമാനക്കമ്പനി മറ്റൊരു വിമാനം ക്രമീകരിച്ചതോടെ യാത്രക്കാർക്ക് റോട്ടനിലേക്കുള്ള യാത്ര തുടരാനും കഴിഞ്ഞു.
വിമാനത്തിൽ ആയുധങ്ങൾ കടത്തുന്നത് തടയാൻ എല്ലാ വിമാനത്താവളങ്ങളെയും പോലെ ടോൺകോണ്ടിൻ ഇന്റർനാഷണൽ എയർപോർട്ടിലും കർശനമായ സുരക്ഷാ സംവിധാനങ്ങളുണ്ട്. തോക്കുപയോഗിച്ച് കയറാൻ യാത്രക്കാരനെ സഹായിച്ച ഏതെങ്കിലും വീഴ്ചകൾ ഉണ്ടായോ എന്ന് തിരിച്ചറിയാൻ സുരക്ഷാ ഫൂട്ടേജുകളും നടപടിക്രമങ്ങളും അധികൃതർ ഇപ്പോൾ അവലോകനം ചെയ്യുകയാണ്.