മനുഷ്യനെപോലെത്തന്നെ ഓർമ്മശക്തിയും പ്രതികാര മനോഭാവവുമെല്ലാം മൃഗങ്ങൾക്കും ഉണ്ടെന്ന് പറഞ്ഞുകേൾക്കാറുണ്ട്. പ്രത്യേകിച്ച് നായകൾ. തങ്ങളോട് സൗഹൃദം പങ്കിടുന്ന ആളുകളെ മാത്രമല്ല തങ്ങളെ വേദനിപ്പിച്ച് കടന്നുപോകുന്നവരെയും നായകൾ ഓർത്തിരിക്കാറുണ്ട്. എന്നാൽ മനുഷ്യനോളം പ്രതികാരം ചെയ്യാൻ അവയെകൊണ്ട് കഴിയാറില്ലന്ന് മാത്രം.
എന്നാൽ ഈ ചിന്താഗതികൾ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ സാഗറിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ. വീഡിയോ കണ്ട് പലരും ഇത് ബോളിവുഡ് സിനിമയെ പോലും വെല്ലുന്ന പ്രതികാര കഥയെന്ന് വിശേഷിപ്പിച്ചു. സംഭവം എന്താണന്നല്ലേ ? തന്നെ അബദ്ധത്തിൽ ഇടിച്ചിട്ട കാറിനെ പിന്തുടരുകയും കാറിന്റെ ബോണറ്റിൽ കയറി പ്രതികാരം നടത്തുകയും ചെയ്യുന്ന ഒരു നായയുടെ ദൃശ്യങ്ങളാണിത്.
സാഗറിലെ തിരുപ്പതി പുരം കോളനിയിലാണ് രസകരമായ സംഭവം അരങ്ങേറിയിരിക്കുന്നത്. പകൽ സമയം തന്റെ വാലിലൂടെ വാഹനം കയറ്റിയിറക്കിയ ഉടമയെ ലക്ഷ്യംവച്ച നായ രാത്രി സമയത്താണ് പ്രതികാര മുഖവുമായി രംഗത്തെത്തിയത്. രാത്രിയിൽ വീട്ടിൽ തിരിച്ചെത്തിയ കാർ ഉടമ വീട്ടിൽ കയറിയ തക്കം നോക്കി നായ കാറിന്റെ ബോണറ്റിൽ നഖങ്ങൾ കൊണ്ട് മാന്തി പോറലുകൾ സൃഷ്ടിക്കുകയായിരുന്നു.
സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിലൂടെയാണ് പുറത്തുവന്നത്. വീഡിയോയിൽ രോഷാകുലനായ നായ ഉടമയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കറുത്ത ഷൈനിങ്ങ് ഐ20 കാറിന്റെ മുകൾ ഭാഗം മാന്തിപൊളിക്കുന്നതാണ് കാണുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ക്ലിപ്പ് നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായിമാറി.
സാഗറിലെ തിരുപ്പതി പുരം കോളനിയിൽ താമസിക്കുന്ന പ്രഹ്ലാദ് സിംഗ് ഘോഷി എന്ന വ്യക്തിയോടായിരുന്നു നായയുടെ അടങ്ങാത്ത പ്രതികാരം. ജനുവരി 17ന് ഉച്ചകഴിഞ്ഞ് ഘോഷി കുടുംബത്തോടൊപ്പം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു. യാത്രവേളയിൽ യു-ടേൺ ചെയ്യുന്നതിനിടെ അബദ്ധത്തിൽ നായയുടെ വാലിൽ കാർ കയറി ഇറങ്ങുകയായിരുന്നു. നായയ്ക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയില്ലെങ്കിലും ഉടമയുടെ പെരുമാറ്റം നായയെ കുപിതനാക്കി. ഉടൻ തന്നെ നായ കാറിനെ പിന്തുടർന്നെങ്കിലും ഘോഷി കാറുമായി പാഞ്ഞുപോയിരുന്നു.
എങ്കിലും നായ തന്റെ പ്രതികാരം ചെയ്യാൻ കാത്തിരുന്നു. രാത്രി ഏകദേശം 2 മണിയോടെ ഘോഷി തിരികെ വന്ന് കാർ വീട്ടിൽ പാർക്ക് ചെയ്തു. കാർ തിരിച്ചറിഞ്ഞ നായ ഉടമ വീടിനുള്ളിലേക്ക് പോകുന്നതും കാത്ത് നിന്നു. തുടർന്ന് ഉടമ തന്റെ വീട്ടിൽ പ്രവേശിച്ചയുടനെ, നായ അവസരം മുതലെടുത്ത് കാറിന്റെ ബോണറ്റിൽ പോറുകയായിരുന്നു.
രാവിലെ ഉണർന്ന ഘോഷി കാറിലെ പോറലുകൾ കണ്ട് ആദ്യം അത് കുട്ടികൾ ചെയ്തതാണെന്ന് ഓർത്തു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അതൊരു നായയാണെന്ന കാര്യം മനസിലാക്കിയത്.