Movie News

‘വേട്ടൈയാന്‍’; രജിനികാന്തിന്റെ 170-ാം ചിത്രത്തിന് പേരിട്ടു, താരത്തിന്റെ ജന്മദിനത്തില്‍ ടീസറും പുറത്തുവിട്ടു

ജയിലറുടെ വന്‍ വിജയതരംഗത്തിന് തുടര്‍ച്ചയായി ടി ജെ ജ്ഞാനവേലിന്റെ സിനിമയിലേക്ക് എത്തുന്ന രജനീകാന്തിന്റെ 171 ാം ചിത്രത്തിന് ‘വേട്ടൈയാന്‍’ എന്ന് പേരിട്ടു. രജനീകാന്തിന്റെ 73 ാം ജന്മദിനത്തിലാണ് സിനിമയുടെ പേര് അണിയറക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. സിനിമയുടെ ടീസറിനൊപ്പമാണ് പേരും സിനിമയുടെ ടീം പുറത്തുവിട്ടിരിക്കുന്നത്.

ഇരുളര്‍ എന്ന ദളിത് വിഭാഗത്തിന്റെ ജീവിതം പറഞ്ഞ ‘ജയ് ഭീം’ എന്ന സിനിമയ്ക്ക് ശേഷം ടി.ജെ. ജ്ഞാനവേല്‍ മറ്റൊരു ഗൗരവപ്പെട്ട വിഷയവുമായിട്ടാണ് എത്തുന്നത്. രജനീകാന്ത് സിനിമയില്‍ ഒരു പോലീസുകാരനെയാണ് അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. ടീസറില്‍ ഗംഭീര സംഗീതത്തിനൊപ്പം പവര്‍ഫുള്ളായി തകര്‍പ്പന്‍ ലുക്കിലാണ് സ്‌റ്റൈല്‍ മന്നനെ അവതരിപ്പിക്കുന്നത്. വ്യാജ ഏറ്റുമുട്ടലിന്റെ പേരില്‍ നടത്തുന്ന എന്‍കൗണ്ടറിനെതിരേ പൊരുതുന്ന പോലീസുകാരനായിട്ടാണ് രജനീകാന്ത് സിനിമയില്‍ എത്തുന്നത്.

ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊള്ളുന്ന സിനിമയില്‍ അമിതാഭ് ബച്ചനും റാണാ ദഗ്ഗുബാട്ടി, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, ഋതികാ സിംഗ്, ദുഷാരാ വിജയന്‍, ജി.എം. സുന്ദ, രക്ഷന്‍ തുടങ്ങിയവരെല്ലാമാണ് പ്രധാന വേഷത്തില്‍ എത്തുന്നതാണ്. വേട്ടൈയാന്റെ ഷൂട്ടിംഗ് ഇപ്പോള്‍ തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലാണ് പുരോഗമിക്കുന്നത്. കന്യാകുമാരിയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. 2024 ല്‍ വേട്ടൈയാന്‍ പുറത്തുവരും.